ഇനി പിടിച്ചാൽ പിടിച്ചിടത്ത് നിൽക്കും, ഫീച്ചറുകൾ കുത്തിനിറച്ച് ടിവിഎസിന്റെ പുതിയ യൂത്തൻ ബൈക്ക്
ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിന്റെ സ്വഭാവം ആകെ മാറിയിരിക്കുകയാണ്. പണ്ട് കമ്മ്യൂട്ടർ ബൈക്കുകൾ അരങ്ങുവാണിരുന്ന വിഭാഗത്തെ ഇപ്പോൾ സ്പോർട്ടി മോഡലുകളാണ് നയിക്കുന്നത്. സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ സാധ്യതകൾ തുറന്നിട്ടവരാണ് ടിവിഎസ്. പിന്നാലെ ഹീറോയും ഹോണ്ടയും തുടങ്ങിയ ബ്രാൻഡുകളും ഇങ്ങോട്ടേക്ക് എത്തി. ഇപ്പോൾ കടുത്ത മത്സരം നടക്കുന്ന വിഭാഗത്തിലേക്ക് കൂടുതൽ മിടുക്കനായി എത്തിയിരിക്കുകയാണ് ടിവിഎസ് റൈഡർ 125 (TVS Raider Dual Disc Variant). സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളും പെർഫോമൻസ് മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തി എത്തിയിരിക്കുന്ന മോഡൽ ഇനിയും ചൂടപ്പം പോലെയായിരിക്കും വിറ്റഴിയുക.
പുതിയ റൈഡർ 125 മുമ്പത്തേക്കാൾ കൂടുതൽ ടെക്നോളജി, പെർഫോമൻസ്, സേഫ്റ്റി എന്നിവ ഉപയോഗിച്ച് അതിന്റെ 'വിക്കഡ് ബൈ ഡിസൈൻ' വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ടിവിഎസിന്റെ 125 സിസി മോട്ടോർസൈക്കിളിന്റെ ഏറ്റവും നൂതനമായ പതിപ്പിന്റെ TFT ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് 95,600 രൂപയും SmartXonnect ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് 93,800 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

പുതിയ ടിവിഎസ് റൈഡറിൽ iGO അസിസ്റ്റുള്ള ബൂസ്റ്റ് മോഡ്, എബിഎസ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ആദ്യത്തേതാണ്. ബൂസ്റ്റ് മോഡ് റൈഡറിന് അധിക പവർ നൽകാനാണ് സഹായിക്കുക. ഒപ്പം ഓവർടേക്കുകളിൽ ആക്‌സിലറേഷൻ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
6,000 ആർപിഎമ്മിൽ 11.75 Nm എന്ന മികച്ച ടോർക്കുമായാണ് ബൈക്ക് വരുന്നത്. അങ്ങനെ ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ടോർക്ക് കണക്കുകളും ടിവിഎസ് റൈഡറിന് അവകാശപ്പെടാനാവും. സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ റൈഡറിന്റെ ബ്രേക്കിംഗ് സ്റ്റെബിലിറ്റിയും ഓടിക്കുന്ന ആളുടെ ആത്മവിശ്വാസവും വർധിപ്പിക്കുന്ന കാര്യമാണ്.

അതേസമയം GTT എന്നറിയപ്പെടുന്ന ഗ്ലൈഡ് ത്രൂ ടെക്നോളജി ലോ-സ്പീഡ് സിറ്റി റൈഡിംഗിനെ സുഗമവും കൂടുതൽ മൈലേജുള്ളതുമാക്കുന്നു. സ്റ്റോപ്പ്-ആൻഡ്-ഗോ ട്രാഫിക്കിൽ ക്ലച്ച് മോഡുലേഷന്റെ ആവശ്യകത കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാണ്. സ്റ്റൈലിംഗിന്റെ കാര്യത്തിലേക്ക് വന്നാലും യൂത്തൻമാരെ ആകർഷിക്കാൻ റൈഡർ പ്രാപ്‌തമാണ്. മോട്ടോർസൈക്കിളിന് സ്പോർട്ടി റെഡ് അലോയ് വീലുകളും പുതിയ മെറ്റാലിക് സിൽവർ കളർ ഓപ്ഷനും ടിവിഎസ് അവതരിപ്പിച്ചിട്ടുണ്ട്.
5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 125 സിസി, 3-വാൽവ് എഞ്ചിനാണ് റൈഡറിന് കരുത്ത് പകരുന്നത്. അത് 11.2 bhp പവറോളം നൽകാൻ യോഗ്യമാണെന്നും ടിവിഎസ് പറയുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ബൈക്കിന്റെ പരമാവധി വേഗം 99 കിലോമീറ്ററായിട്ടാണ് കമ്പനി നിജപ്പെടുത്തിയിരിക്കുന്നത്.
മെച്ചപ്പെട്ട ഗ്രിപ്പിനും കോർണറിംഗ് സ്ഥിരതയ്ക്കുമായി പുതിയ റൈഡറിൽ വീതിയേറിയ ടയറുകൾ (90/90-17 ഫ്രണ്ട്, 110/80-17 റിയർ) ടിവിഎസ് സജ്ജീകരിച്ചിട്ടുണ്ട്. ഇഗ്നിഷൻ ഓഫാക്കിയതിനുശേഷവും അൽപ്പനേരം പ്രകാശിക്കുന്ന ഫോളോ മി ഹെഡ്‌ലാമ്പും ഇതിന്റെ ഹൈലൈറ്റാണേ. വെട്ടം കുറവുള്ള പാർക്കിംഗ് സ്ഥലങ്ങൾക്ക് ഉപയോഗപ്രദമായൊരു സുരക്ഷാ സവിശേഷതയാണിത്.
പുതിയ റൈഡർ ടിവിഎസ് SmartXonnect ഉപയോഗിച്ചുള്ള കണക്റ്റഡ് അനുഭവം നൽകുന്നത് തുടരുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, നാവിഗേഷൻ, കോൾ, നോട്ടിഫിക്കേഷൻ മാനേജ്‌മെന്റ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്ന ഒരു ടിഎഫ്ടി ഡിസ്‌പ്ലേ (99+ ഫീച്ചറുകളോടെ) അല്ലെങ്കിൽ ഒരു റിവേഴ്‌സ് എൽസിഡി ക്ലസ്റ്റർ (85+ ഫീച്ചറുകൾ) എന്നിവയിൽ ഒന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








