XSR വന്നിട്ടും കച്ചോടം കൂടി, ടിവിഎസിൻ്റെ മോഡേൺ റെട്രോ ബൈക്കിനെ തിരഞ്ഞുപിടിച്ച് വാങ്ങിച്ച് ആളുകൾ
നിയോ റെട്രോ മോട്ടോർസൈക്കിൾ വിപണിക്ക് ഉണർവേകിയ വർഷമായിരുന്നു 2025. റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ എന്നിവയുടെ നിരയിലേക്ക് യമഹ XSR 155 കൂടി പുറത്തിറക്കിയതോടെ ഈ രംഗത്തെ മത്സരം കൂടുതൽ ആകർഷമായെന്ന് വേണം പറയാൻ. മൂന്ന് മോഡലുകളും എഞ്ചിൻ കപ്പാസിറ്റിയിൽ വ്യത്യാസമുണ്ടെങ്കിലും സ്റ്റൈലിംഗും വിലയും ഒരേ വിഭാഗത്തിൽ വരുന്നതിനാലാണ് ഇവ തമ്മിൽ മാറ്റുരയ്ക്കേണ്ടി വരുന്നത്. ഈ സെഗ്മെൻ്റിലെ അണ്ടർറേറ്റഡ് ആയിട്ടുള്ള മോഡലാണ് റോണിൻ 225. സ്ക്രാംബ്ലർ ബൈക്കുകളോടെ സാമ്യമുള്ള ഒരു ക്രോസ്ഓവർ ബ്രീഡാണ് ഈ ബൈക്ക്.
ഹണ്ടർ പോലെ വിജയം ആയില്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ ടിവിഎസിനായിട്ടുണ്ട്. നല്ല മൈലേജും, സിറ്റിയിലും ഹൈവേയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള പെർഫോമൻസുമാണ് റോണിൻ്റെ ശക്തി. പക്ഷേ വേണ്ട രീതിയിൽ ആളുകൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. എന്തായാലും പഴയതിൽ നിന്നും കാര്യമായ വളർച്ച നേടി കുതിക്കുകയാണ് ടിവിഎസിൻ്റെ നിയോ റെട്രോ മോട്ടോർസൈക്കിൾ.

2025 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വിൽപ്പനയിൽ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് റോണിൻ. കഴിഞ്ഞ മാസം ബൈക്കിൻ്റെ 7,653 യൂണിറ്റുകളാണ് ടിവിഎസ് നിരത്തിലെത്തിച്ചത്. അതായത് കഴിഞ്ഞ വർഷം ഇതേമാസം വിറ്റഴിച്ച 3,200 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക കണക്കുകളിൽ റോണിന് 139.16 ശതമാനത്തിൻ്റെ വളർച്ച കൈവരിക്കുവാനായി എന്ന് സാരം.
അണ്ടർറേറ്റഡ് ബൈക്ക് എന്ന നിലയിൽ നിന്നും ആളുകൾ മനസിലാക്കി വാങ്ങാൻ എത്തുന്നതിൽ ടിവിഎസ് ഹാപ്പിയായിട്ടുണ്ടെന്ന് വേണം കരുതാൻ. അതിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ മോട്ടോവേഴ്‌സിൽ കമ്പനി ബൈക്കിൻ്റെ അഗോണ്ട എഡിഷൻ പുറത്തിറക്കിയിരുന്നു. മോഡേണ്‍ റെട്രോ ഡിസൈന്‍ ഭാഷ്യമുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ ബൈക്കാണിത്. 1.31 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലെത്തുന്ന മോഡൽ ബേസ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതും.

ബേസ് മാഗ്മ റെഡ് വേരിയന്റിനും മിഡ് ഗ്ലേസിയര്‍ സില്‍വറിനും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അഗോണ്ട എഡിഷന്‍ മെക്കാനിക്കലായി ബേസ് പതിപ്പിന് സമാനമായാണ് വരുന്നത്. ഗോവയിലെ പ്രശസ്തമായ അഗോണ്ട ബീച്ചില്‍ നിന്നാണ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് ആ പേര് ലഭിച്ചത്. ബ്ലൂ, റെഡ് ഗ്രാഫിക്‌സുകള്‍ ചേര്‍ത്ത വൈറ്റ് കളർ ഓപ്ഷനാണ് മോട്ടോർസൈക്കിളിന് അഴക് സമ്മാനിക്കുന്നത്. ഫ്യുവല്‍ ടാങ്കില്‍ അഗോണ്ട ബാഡ്ജിംഗും ബൈക്കിന് ലഭിക്കുന്നു.
കറുത്ത അലോയ് വീലുകളില്‍ ടിവിഎസ് റെഡ് പിന്‍സ്‌ട്രൈപ്പുകള്‍ ചേര്‍ത്തിരിക്കുന്നതും അടിപൊളിയാണെന്ന് പറയാം. ഇത് റോണിന് സ്‌പോര്‍ട്ടിയര്‍ വൈബ് നല്‍കാൻ സഹായിച്ചിട്ടുണ്ട്. പുതിയ സീറ്റ് കവറും അഗോണ്ട എഡിഷനിൽ ഉപയോഗിച്ചിട്ടുണ്ട്. 20.4 bhp പവറിൽ പരമാവധി 19.93 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 225.9 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനുമായാണ് ടിവിഎസ് റോണിൻ വിപണിയിൽ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന 5-സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിലുള്ളത്.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ ടോപ്പ് സ്‌പീഡ് കൈവരിക്കാനും മോഡലിനാവും കേട്ടോ. കൂടാതെ USD ഫോർക്കുകൾ, എൽഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങിയ നിരവധി സവിശേഷതകളും നിയോ റെട്രോ മോട്ടോർസൈക്കിളിൻ്റെ മൊഞ്ച് വർധിപ്പിക്കുന്നുണ്ട്. മിഡ് വേരിയന്റുകൾ മുതൽ ഡ്യുവൽ-ചാനൽ എബിഎസ്, 300 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകൾ, എഎസ്ജി (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സിസ്റ്റം എന്നിവയും ടിവിഎസ് റോണിനിൽ ഒരുക്കിയിട്ടുണ്ട്.
ഡബിൾ ക്രാഡിൽ സ്പ്ലിറ്റ് സിൻക്രോ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 159 കിലോഗ്രാം ഭാരവും 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. നല്ല മൈലേജും, സിറ്റിയിലും ഹൈവേയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള പെർഫോമൻസുമാണ് ഇപ്പോൾ ആളുകളെ ടിവിഎസ് റോണിനിലേക്ക് അടുപ്പിക്കുന്നത്. ഒപ്പം താങ്ങാനാവുന്ന വില കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവുന്നു.


Click it and Unblock the Notifications








