EICMA തൂക്കി ടിവിഎസ്, കൊണ്ടുവന്നിരിക്കുന്നത് കിടിലൻ 6 മോഡലുകൾ; ഇനി ആളുകൾ ഷോറൂമിൽ ക്യൂ നിൽക്കും
ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA മോട്ടോർസൈക്കിൾ ഷോയിൽ ഞെട്ടിച്ച് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് (TVS). ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന മാമാങ്കത്തിൽ പുത്തൻ കൺസെപ്റ്റ് മോഡലുകൾ അവതരിപ്പിച്ചുകൊണ്ടാണ് ടിവിഎസ് ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നത്. പെട്രോൾ, ഇലക്ട്രിക്, നെക്സ്റ്റ് ജെൻ കണക്റ്റഡ് ടെക്, റൈഡർ ഗിയർ ഇന്നവേഷനുകൾ, യൂറോപ്യൻ വിപണിക്കായുള്ള റോഡ്മാപ്പ് എന്നിവ ഉൾപ്പെടുന്ന 6 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ടാണ് ടിവിഎസ് പങ്കെടുത്തിരിക്കുന്നത്. ഇതോടൊപ്പം ടിവിഎസിന്റെ ഉടമസ്ഥതയിലുള്ള നോർട്ടൺ ബ്രാൻഡിലും പുത്തൻ മോഡലുകൾ കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.
2025 EICMA മോട്ടോർഷോയിൽ ടിവിഎസ് പ്രദർശിപ്പിച്ച മോഡലുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടിയത് ടാൻജെന്റ് RR കൺസെപ്റ്റ് ആയിരുന്നു. ഭാരം കുറഞ്ഞ മോണോകോക്ക് സബ്ഫ്രെയിമിൽ നിർമിച്ച ഒരു സൂപ്പർസ്‌പോർട്ട് പ്രോട്ടോടൈപ്പ് മോട്ടോർസൈക്കിളാണിത്. പതിറ്റാണ്ടുകളുടെ റേസിംഗ് പരിജ്ഞാനം ഉപയോഗിച്ച് കമ്പനി വികസിപ്പിച്ചിരിക്കുന്ന വാഹനം എന്തായാലും പ്രൊഡക്ഷനിലേക്ക് എത്തുമ്പോൾ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ഇതിനൊപ്പം ടിവിഎസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റായ eFX ത്രീ ഒയും പ്രദർശിപ്പിച്ചിരുന്നു. അതിന്റെ ഫ്യൂച്ചറിസ്റ്റിക്കായ നിലപാടും മസ്ക്കുലാർ രൂപവും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. ഭാവിയിൽ എന്തെല്ലാമാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നതിനുള്ള ഒരു സൂചനയാണ് ഈ വൈദ്യുത മോട്ടോർസൈക്കിൾ കാണിച്ചുതരുന്നത്.
ടിവിഎസിന്റെ വൈദ്യുത സാന്നിധ്യം കൂടുതൽ വികസിപ്പിക്കാനായി രണ്ട് പുതിയ പ്രൊഡക്ഷൻ-റെഡി ഇവികളും 2025 EICMA മോട്ടോർസൈക്കിൾ ഷോയിൽ പുറത്തിറക്കിയിട്ടുണ്ട്. X, M1-S ഇലക്ട്രിക് മാക്‌സി സ്കൂട്ടറുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഈ പുതിയ മോഡലുകൾ 2026 അവസാനത്തോടെ യൂറോപ്യൻ വിപണികളിലേക്ക് എത്തുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. അതിന് ശേഷം ഇന്ത്യയിലേക്കും ഇവി എത്തും.

ടിവിഎസിൽ നിന്നുള്ള ആദ്യത്തെ മാക്സി സ്റ്റൈൽഡ് ഇലക്ട്രിക് സ്കൂട്ടറാവും M1-S . ഇവി സ്റ്റാർട്ടപ്പായ അയൺ മൊബിലിറ്റിയിൽ നിന്നുള്ള അയൺ M1-S ഇലക്ട്രിക് സ്കൂട്ടറിനെ ടിവിഎസ് മോട്ടോർ റീബാഡ്‌ജ് ചെയ്‌ത് പുറത്തിറക്കുന്നത്. 12.5 kW പീക്ക് പവറിൽ പരമാവധി 254 Nm റിയർ വീൽ ടോർക്കും 45 Nm റേറ്റുചെയ്ത ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ടിവിഎസിന്റെ പുതിയ വൈദ്യുത സ്കൂട്ടറിലുണ്ടാവുക.
മറുവശത്ത് സ്ലീക്കും ലൈറ്റ് വെയ്റ്റുമായ RTR ഹൈപ്പർസ്റ്റണ്ട് കൺസെപ്റ്റും മോട്ടോർസൈക്കിൾ ഷോയിൽ ഫാൻസിനെയുണ്ടാക്കിയെടുക്കുമെന്ന് ഉറപ്പാണ്. ടിവിഎസിലെ റേസിംഗ് ഡിഎൻഎ കടമെടുത്താണ് ഇതിനെ ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട്-റെഡി ഡൈനാമിക്സും ദൈനംദിന ഉപയോഗക്ഷമതയ്ക്കും ഒരുപോലെ RTR ഹൈപ്പർസ്റ്റണ്ട് കൺസെപ്റ്റ് യോഗ്യമായിരിക്കും. അഗ്രസീവ് ഡിസൈൻ ആണെങ്കിലും ഒതുക്കമുള്ള രൂപം ആരേയും മോഹിപ്പിക്കുന്നതാണ്.

ഈ മാസം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ അപ്പാച്ചെ RTX 300 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളും 2025 EICMA ഷോയിൽ അരങ്ങേറ്റം കുറിച്ചു. ലോംഗ്-ട്രാവൽ സസ്‌പെൻഷൻ, വീതിയേറിയ ഹാൻഡിൽബാറുകൾ എന്നിവയെല്ലാമായി എത്തുന്ന മിടുക്കൻ ശരിക്കും ഓഫ്-റോഡിംഗിനെല്ലാം തികച്ചും അനുയോജ്യമായ മോഡലാണ്. അടുത്ത വർഷം തുടക്കത്തിൽ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നതിന് മുന്നോടിയായാണ് ബൈക്ക് മിലാനിലെ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








