165 കിലോമീറ്റർ റേഞ്ചുള്ള ഫ്രീക്കൻ ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗിൽ കുതിപ്പ്, കാശുവാരി ഇന്ത്യൻ കമ്പനി
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന വൈദ്യുത ഇരുചക്ര വാഹന രംഗത്ത് പതിയ ഇലക്ട്രിക് ബൈക്കുകളും ജനപ്രീതിയാർജിച്ച് വരികയാണ്. റിവോൾട്ടും മാറ്ററും ടോർക്കും പോലുള്ള ബ്രാൻഡുകൾ ഇതിന്റെ നേട്ടങ്ങൾ കൊയ്യുന്നുമുണ്ട്. എന്നാൽ ഇവയെല്ലാം പരമ്പരാഗത ശൈലിയിലുള്ള വാഹനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. അൽപം വേറിട്ട ചിന്തയുള്ളവരെ ചാക്കിലാക്കാൻ അൾട്രാവയലറ്റ് അടുത്തിടെ ഒരു ഡ്യുവൽ പർപ്പസ് ഇലക്ട്രിക് ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഷോക്ക്‌വേവ് എന്ന ഇടിവെട്ട് പേരിൽ പുറത്തിറക്കിയ ഇവി ഇതിനോടകം 7,000 ബുക്കിംഗുകളോളം നേടിയെന്ന് അറിയിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ്.
പ്രീ-ബുക്കിംഗ് വിൻഡോ ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ തന്നെ അൾട്രാവയലറ്റ് ഷോക്ക്‌വേവിനായി ആയിരത്തിലധികം ബുക്കിംഗുകൾ ലഭിച്ചിരുന്നു. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച ഇലക്ട്രിക് ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിന്റെ ഡെലിവറി അടുത്ത വർഷമായിരിക്കും നടക്കുക. എന്നിട്ടും ഇതിനോടകം ഇത്രയേറെ ബുക്കിംഗുകൾ നേടാനായത് അൾട്രാവയലറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

1.75 ലക്ഷം രൂപയാണ് അൾട്രാവയലറ്റ് ഷോക്ക്‌വേവിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇലക്ട്രിക് എൻഡ്യൂറോ മോട്ടോർസൈക്കിൾ വിഭാഗത്തിലെത്തിയ ഇവി വാങ്ങാനെത്തുന്ന ആദ്യത്തെ 2,000 പേർക്ക് വെറും 1.50 ലക്ഷം രൂപയ്ക്കായിരുന്നു ബൈക്കിനായി മുടക്കേണ്ടി വന്നിരുന്നത്. ആമുഖ വില അവസാനിച്ചതോടെയാണ് മോഡലിന്റെ വില 25,000 രൂപയോളം ഉയർത്തിയത്.
പുതിയ ലൈറ്റ് മോട്ടോർസൈക്കിൾ ഫണ്ടൂറോ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇലക്ട്രിക് എൻഡ്യൂറോ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. ഇതുവരെ വൈദ്യുത വാഹന രംഗത്ത് കണ്ടുപരിചയമില്ലാത്ത സ്റ്റൈലും പ്രായോഗികതയുമാണ് ഷോക്ക്‌വേവിന്റെ പ്രത്യേകത. 14.5 bhp പവറിൽ പരമാവധി 505 Nm ടോർക്ക് നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് അൾട്രാവയലറ്റ് തങ്ങളുടെ പുത്തൻ ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

ബാറ്ററി വലിപ്പം എത്രയായിരിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 4 kWh ശേഷിയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് വിവരം. സിംഗിൾ ചാർജിൽ അൾട്രാവയലറ്റ് ഷോക്ക്‌വേവിന് 165 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുമെന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നത്. ചാർജിംഗിന്റെ കാര്യത്തിലും പ്രായോഗികമായാണ് ഇവി പണിതിറക്കിയിരിക്കുന്നത്.
അൾട്രാവയലറ്റിന്റെ സൂപ്പർനോവ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബൈക്കിലെ ബാറ്ററി പായ്ക്ക് 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.പെർഫോമൻസ് കണക്കുകളിലേക്ക് വന്നാലും ആരും അങ്ങനെ നിരാശപ്പെടാൻ വഴിയില്ല. വെറും 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഷോക്ക്‌വേവിന് കഴിയും. 120 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി അൾട്രാവയലറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് 200 mm ട്രാവലുള്ള 37 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 180 mm ട്രാവലുള്ള മോണോഷോക്ക് സജ്ജീകരണവുമാണ് അൾട്രാവയലറ്റിന്റെ ഷോക്ക്‌വേവ് ഇലക്ട്രിക് മോട്ടോർസൈക്കിളിനായി ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളിലാണ് ഇലക്ട്രിക് എൻഡ്യൂറോ നിരത്തിലേക്ക് എത്തുക.
ബ്രേക്കിംഗിനായി മുൻവശത്ത് 270 mm ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്ക് യൂണിറ്റുകളുമാണ് സമ്മാനിച്ചിരിക്കുന്നത്. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കും ഷോക്ക്‌വേവ്. കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഇലക്ട്രിക് ബൈക്ക് ലഭ്യമാകും. ഷോക്ക്‌വേവിന്റെ കൂടെ പുറത്തിറക്കിയ പുതിയ മാക്സി സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
സിംഗിൾ ചാർജിൽ 261 കി.മീ. റേഞ്ചും ഫ്യൂച്ചറിസ്റ്റിക് ലുക്കുമുള്ള ഇലക്ട്രിക് സ്കൂട്ടറിന് ഇതുവരെ 70,000 ബുക്കിംഗുകൾ ലഭിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ആദ്യം ബുക്ക് ചെയ്യുന്ന അരലക്ഷം പേർക്ക് 1.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണനം ചെയ്‌തിരുന്നത്. ഇതിന് ശേഷം സ്കൂട്ടറിന്റെ വില 1.45 ലക്ഷം അൾട്രാവലയറ്റ് ഉയർത്തുകയും ചെയ്‌തിരുന്നു.


Click it and Unblock the Notifications








