വിൽപ്പന തുടങ്ങുന്നതിന് മുമ്പേ 261 കി.മീ. റേഞ്ചുള്ള ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തത് 70,000 ആളുകൾ
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് പ്രത്യേക ഇമേജുള്ളവരാണ് അൾട്രാവയലറ്റ്. ദുൽഖർ സൽമാന് വരെ ഓഹരിയുള്ള കമ്പനിയുടെ വൈദ്യുത സ്പോർട്‌സ് ബൈക്ക് ആഗോളതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വില അൽപം ഉയർന്ന തലത്തിലായതിനാൽ ഇന്ത്യയിലെ സാധരണക്കാരൊന്നും ഇവനിലേക്ക് അടുത്തിരുന്നില്ലെന്നതാണ് സത്യം. പക്ഷേ കമ്പനിയുടെ പ്ലാൻ ബിയായി എത്തിയ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിക്കയറി. വിൽപ്പന പോലും ആരംഭിക്കുന്നതിന് മുമ്പേ തന്നെ ബുക്ക് ചെയ്യാനായി ആളുകളുടെ തിക്കുംതിരക്കുമാണ് ഇപ്പോൾ. ഹോണ്ട ആക്‌ടിവ ഇവിക്ക് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് വളരെ വേഗത്തിൽ അൾട്രാവയലറ്റിന്റെ ടെസറാക്റ്റ് നേടിയെടുത്തത്.
ആക്‌ടിവ ഇവിയേക്കാൾ കുറഞ്ഞ വിലയും സിംഗിൾ ചാർജിൽ 261 കി.മീ. റേഞ്ചും ഫ്യൂച്ചറിസ്റ്റിക് ലുക്കുമെല്ലാം ഒന്നിച്ച് കിട്ടുമ്പോൾ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ അല്ലേ. അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് ഇതുവരെ 70,000 ബുക്കിംഗുകൾ ലഭിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. അടുത്ത വർഷം മാത്രമേ ഡെലിവറി തുടങ്ങൂവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആളുകൾ കാത്തിരിക്കാൻ റെഡിയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിപണിയിലെത്തി രണ്ടാഴ്ച്ച പിന്നിട്ടപ്പോഴേക്കും ടെസറാക്റ്റിനായി 50,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചിരുന്നു. ആദ്യം ബുക്ക് ചെയ്യുന്ന അരലക്ഷം പേർക്ക് 1.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണനം ചെയ്‌തിരുന്നത്. ഇതിന് ശേഷം സ്കൂട്ടറിന്റെ വില 1.45 ലക്ഷം അൾട്രാവലയറ്റ് ഉയർത്തുകയും ചെയ്‌തിരുന്നു. വ്യത്യസ്‍ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലെത്തുന്ന ഇവിയുടെ 3.5kWh വേരിയന്റിന്റെ പ്രാരംഭ വിലയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
അൾട്രാവയലറ്റ് ടെസറാക്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ 5kWh, 6kWh വേരിയന്റുകളുടെ വില കമ്പനി പിന്നീട് പ്രഖ്യാപിക്കും. ഈ വേരിയന്റുകൾ എൻട്രി ലെവൽ പതിപ്പിനേക്കാൾ വളരെ ചെലവേറിയതായിരിക്കുമെന്ന് ഊഹിക്കണേ. ടോപ്പ് മോഡലിന് മിക്കവാറും 2 ലക്ഷത്തിന് അടുത്തായിരിക്കും എക്സ്ഷോറൂം വില വരിക. ഇന്ത്യയിലോ ഒരുപക്ഷേ ലോകത്തോ ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഏറ്റവും നൂതനമായ സ്‌കൂട്ടറാണിതെന്നാണ് കമ്പനിയുടെ പക്ഷം.

ഡിസൈൻ, പെർഫോമൻസ്, ടെക്‌നോളജി എന്നിവയിൽ ഏറ്റവും മികച്ചതാണ് ടെസറാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ. കാറുകളിൽ നിന്നും നിരവധി സാങ്കേതികവിദ്യകൾ പോലും കടമെടുത്താണ് ഇവിയുടെ പണിപൂർത്തിയാക്കിയിരിക്കുന്നത്. പിങ്ക്, ബ്ലാക്ക്, സാൻഡ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിലും ടെസാറാക്റ്റ് സ്വന്തമാക്കാം. മുൻവശത്തെ ഏപ്രോണിൻ്റെ മധ്യഭാഗത്തായി എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ കിടിലമാക്കുന്നത്.
അതോടൊപ്പം ഫ്ലോട്ടിംഗ് ഡിആർഎൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവ അൾട്രാവയലറ്റ് ടെസറാക്റ്റ് ഇവിക്ക് സ്‌പോർട്ടി ഫീലും സമ്മാനിക്കുന്നുണ്ട്. 34 ലിറ്റർ ശേഷിയുള്ള അണ്ടർസീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകൾ മുതലായവയാണ് മോഡലിന്റെ മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നവ. ആഗോളതലത്തിൽ ഈ സെഗ്‌മെൻ്റിൽ ആദ്യമായി വരുന്ന ഒന്നിലധികം ഫീച്ചറുകളും ടെസറാക്റ്റിൽ ഒരുക്കിയിട്ടുണ്ടെന്നാണ് അൾട്രാവയലറ്റ് അവകാശപ്പെടുന്നത്.

ഓൺബോർഡ് നാവിഗേഷൻ, വയർലെസ് ഫോൺ ചാർജിംഗ്, ഫ്രണ്ട്, റിയർ റഡാർ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ഉള്ള മിററുകൾ, സ്മാർട്ട് ഡാഷ്‌ക്യാം എന്നിവയും ഇവിയുടെ മാറ്റുകൂട്ടുന്ന സംഗതികളാണ്. ടൂ ലെവൽ ട്രാക്ഷൻ കൺട്രോൾ, നാല് ലെവൽ റീജൻ, ഡ്യുവൽ-ചാനൽ എബിഎസ്, ഹിൽ ഹോൾഡ് എന്നിവയാണ് അൾട്രാവയലറ്റ് ഇലക്ട്രിക് സ്‌കൂട്ടറിലെ സുരക്ഷാ സഹായങ്ങൾ.
110 സെക്ഷൻ ഫ്രണ്ട്, 140 സെക്ഷൻ റിയർ ടയറുകളുമാണ് മോഡലിൽ ഒരുക്കിയിട്ടുള്ളത്. പരമാവധി 20.10 bhp പവർ പുറപ്പെടുവിക്കാൻ അൾട്രാവയലറ്റ് ടെസറാക്റ്റിന് കഴിയും. 125 കിലോമീറ്ററിന്റെ പരമാവധി വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ റേഞ്ചും നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ ബജാജ് ചേതക് ഇവി, ഏഥർ 450X പോലുള്ള പ്രീമിയം മോഡലുകളുമായിട്ടാവും വാഹനം മത്സരിക്കുക.


Click it and Unblock the Notifications








