261 കി.മീ. റേഞ്ചുള്ള ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇനി പഴയ വിലയല്ല, എന്നിട്ടും വില ആക്‌ടിവ ഇവിയേക്കാൾ കുറവ്
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) രംഗത്ത് തരംഗമായി മാറിയിരിക്കുകയാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് (Ultraviolette Tesseract). ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട ആക്‌ടിവ ഇവിയുടെ വരവിനെ തന്നെ കാറ്റിൽപ്പറത്തിക്കൊണ്ട് ടെസാറാക്റ്റ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദുല്‍ഖർ സൽമാന് വരെ നിക്ഷേപമുള്ള ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അള്‍ട്രാവയലറ്റിന്റെ ഓരോ നീക്കങ്ങളും മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. പേര് പറയാൻ കുറച്ച് പാടാണെങ്കിലും ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.
ലുക്കിലും വർക്കിലും അന്യായമായ അൾട്രാവയലറ്റ് ടെസറാക്റ്റ് ബുക്ക് ചെയ്യാന്‍ ഇന്ത്യക്കാര്‍ ഇടികൂടുന്ന കാഴ്ച്ചയാണ് കാണാനായതും. അടുത്ത വർഷം മാത്രമേ ഇവിയുടെ ഡെലിവറി തുടങ്ങുകയുള്ളൂവെങ്കിലും എല്ലാവർക്കും ആശാനെ ഭയങ്കര കാര്യമായി മാറി. ഇതിന്റെ പ്രധാന കാരണവും സ്‌കൂട്ടിന്റെ വിലയും ഫീച്ചർ നിരയും തന്നെയാണെന്ന് നിസശയം പറയാം. പുട്ടിന് പീരയെന്ന പോലെ ഡിസൈൻ കൂടി അടിപൊളിയായപ്പോൾ കമ്പനി സ്വപ്‌നത്തിൽ പോലും കാണാത്ത സ്വീകാര്യതയും കിട്ടി.

പുറത്തിറക്കി വെറും 48 മണിക്കൂറിനുള്ളിൽ ഇലക്ട്രിക് സ്‌കൂട്ടറായ ടെസറാക്റ്റിന് 20,000-ത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചതായി അള്‍ട്രാവയലറ്റ് അറിയിച്ചിരുന്നു. എന്നിട്ടും ആളുകൾ വീണ്ടും ബുക്ക് ചെയ്യാനായി അടികൂടിയതോടെ ഇവിയുടെ ആമുഖ വില ആദ്യത്തെ 50,000 പേർക്ക് നീട്ടിനൽകുകയും ചെയ്‌തു. ടെസറാക്റ്റ് വാങ്ങാനെത്തുന്ന ആദ്യത്തെ 10,000 പേർക്ക് 1.20 ലക്ഷത്തിനാണ് വാഹനം നൽകിയിരുന്നത്.
പിന്നീടാണ് സ്വീകാര്യത കണ്ട് ആദ്യത്തെ 50,000 പേർക്ക് കൂടി ഈ വിലയിൽ നൽകാൻ ദുൽഖറിന്റെ കമ്പനി തീരുമാനിച്ചത്. എന്നാൽ ഇനിയും ഇതേ വിലയ്ക്ക് വാങ്ങാമെന്ന് കരുതി ആരും ഷോറൂമിലേക്ക് ഓൺലൈൻ വെബ്സൈറ്റിലേക്കോ എത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അൾട്രാവയലറ്റ്. ടെസറാക്റ്റിന്റെ പ്രാരംഭ വില അവസാനിച്ചതായി കമ്പനി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ തീരുമാന പ്രകാരം ഈ പ്രീമിയം മാക്‌സി സ്റ്റൈൽ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാനെത്തുന്നവർ ഇനി മുതൽ 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ടെസെറാക്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 50,000 ഉപഭോക്താക്കൾക്കാണ് 1.20 ലക്ഷത്തിന് ഇവി വീട്ടിലെത്തുക. ഇതിന് ശേഷമുള്ളവർ 25,000 രൂപ അധികമായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരുമെന്ന് സാരം. എന്നിട്ടും വില ആക്‌ടിവ ഇവിയേക്കാൾ കുറഞ്ഞ വിലയിൽ ഇത് സ്വന്തമാക്കാം എന്നതാണ് ഹൈലൈറ്റ്.
അൾട്രാവയലറ്റ് ടെസറാക്റ്റ് ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത് അൾട്രാവയലറ്റിന്റെ ബഹുജന വിപണിയിലേക്കുള്ള കടന്നുവരവിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. വ്യത്യസ്ത ബാറ്ററി ശേഷികളിലായിരിക്കും വാഹനം ലഭ്യമാവുക. ഇതിൽ ബേസ് വേരിയന്റിന് 3.5 kWh യൂണിറ്റും മിഡ് വേരിയന്റിന് 5 kWh യൂണിറ്റും ബാറ്ററി ഓപ്ഷനുകളാവും ഉണ്ടാവുക.

ടോപ്പ്-സ്പെക്ക് വേരിയന്റിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ (IDC) റേഞ്ച് നൽകാൻ കഴിയുന്ന വലിയ 6 kWh യൂണിറ്റ് ബാറ്ററി പായ്ക്കും ലഭിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 20.1 bhp കരുത്തുള്ള PMS ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് ഈ സ്‌പോർട്ടി ഇലക്ട്രിക് സ്‌കൂട്ടർ പവർ എടുക്കുന്നത്. 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നതും ശ്രദ്ധേയമാണ്.
മുന്നിലും പിന്നിലും ഡ്യുവൽ റഡാർ സിസ്റ്റങ്ങൾ, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ട്, കൊളീഷൻ അലേർട്ട് എന്നിവ പ്രാപ്തമാക്കുന്ന ഡ്യുവൽ ക്യാമറ പോലുള്ള സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയും അൾട്രാവയലറ്റ് ടെസറാക്റ്റിൽ ഉണ്ടാവും. ഡ്യുവൽ എൽഇഡി-പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, വയലറ്റ് എഐ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, കീലെസ് ആക്‌സസ്, പാർക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ്, ക്രൂയിസ് കൺട്രോൾ, നാവിഗേഷൻ എന്നിവയാണ് ഇവിയെ മറ്റ് ഹൈലൈറ്റുകൾ.

14 ഇഞ്ച് അലോയ് വീലുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടർ നിരത്തിലേക്ക് ഓടിയിറങ്ങുക. 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതി കൂടിയാണ്. ഡ്യുവൽ-ചാനൽ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ടെസാറാക്റ്റ് ഇവിയിലുണ്ടാവും.


Click it and Unblock the Notifications








