ബാറ്ററി വാടകയ്ക്ക് എടുക്കാം, ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ ഞെട്ടിക്കാൻ കുറഞ്ഞ വിലയുള്ള ഹീറോ ഇവി
ഓല, ഏഥർ തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളെ ഒതുക്കി ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി കൈയടക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജും ടിവിഎസും ഹീറോയും. ചേതക്കിലൂടെ ഇവി സെഗ്മെന്റ് ബജാജ് തൂക്കിയപ്പോൾ ഐക്യൂബിലൂടെ ടിവിഎസും വിഡ സീരീസിലൂടെ ഹീറോയും ശക്തമായ മുന്നേറ്റമുണ്ടാക്കി. ഇപ്പോഴിതാ കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ പുത്തനൊരു മോഡലുമായി രംഗത്തെത്തുകയാണ്. ടീസർ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയ വിഡ VX2 (Hero Vida VX2) ജൂലൈ ഒന്നിന് മറനീക്കിയെത്തും.
വിപണിയിലെത്തുന്നതിന് മുന്നോടിയായിതാ സുപ്രധാനമായൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. മറ്റൊന്നുമല്ല, വരാനിരിക്കുന്ന വിഡ VX2 ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലായി ലഭ്യമാവുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ബാറ്ററി പ്ലാൻ വാഗ്ദാനം ചെയ്തുകൊണ്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

അതായത് നിലവിൽ ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുന്നയാൾ നിർബന്ധമായും ബാറ്ററിയുടെ പൂർണ തുകയും ഇതിനൊപ്പം നൽകേണ്ടതുണ്ട്. എന്നാൽ ഹീറോ വിഡ VX2 വാങ്ങനെത്തുന്നവർക്ക് സ്കൂട്ടറും ബാറ്ററിയും ഒരുമിച്ച് വാങ്ങുന്നതിനുപകരം, സ്കൂട്ടറും ബാറ്ററിയും വെവ്വേറെ സ്വന്തമാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ബാറ്ററിയുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതിമാസ നിരക്കിലേക്ക് കൊണ്ടുവന്ന് ഇവി വാങ്ങുമ്പോഴുണ്ടാവുന്ന ചെലവ് കുറയ്ക്കുന്നതിനാണ് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ ബജറ്റും പ്രതീക്ഷിക്കുന്ന ഉപയോഗവും അടിസ്ഥാനമാക്കി ഫ്ലെക്‌സിബിളായുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. സബ്‌സ്‌ക്രിപ്‌ഷൻ വിലനിർണയവും പ്ലാൻ ഓപ്ഷനുകളും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ 2025 ജൂലൈ ഒന്നിന് ഹീറോ മോട്ടോകോർപി പുറത്തുവിടും. നേരത്തെ എംജി മോട്ടോർസ് BaaS സർവീസ് ആരംഭിച്ച് വിജയം നേടിയിരുന്നു.

ഈയൊരു പദ്ധതി ടൂവീലർ സെഗ്മെന്റിലേക്കും കൊണ്ടുവന്ന് പണംവാരാനുള്ള ശ്രമമാണ് ഹീറോ നടത്തുന്നത്. പുതിയ BaaS സേവനത്തോടൊപ്പം ജൂലൈ ഒന്നിന് പുതിയ വിഡ VX2 ഇവിയുടെ ഔദ്യോഗിക അവതരണവും നടക്കും. കഴിഞ്ഞ വർഷം അവസാനം EICMA മോട്ടോർഷോയിലും 2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും അരങ്ങേറ്റം കുറിച്ച കൺസെപ്റ്റ് മോഡലിന് സമാനമായ ഡിസൈൻ തന്നെയാണ് ഇവി സ്വീകരിച്ചിരിക്കുക.
വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റെഡ് കളർ കളർ ഓപ്ഷനും ഡിസൈനെ കുറിച്ചുള്ള ചെറിയ സൂചനകളും ടീസർ വഴി പരിചയപ്പെടുത്തിയിരുന്നു. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, ഷാർപ്പ്-ലുക്കിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം ചേർന്ന ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഹീറോയുടെ പുത്തൻ വിഡ VX2 ഇവി ഒരുങ്ങിയിരിക്കുന്നത്. നിരയിലെ V2 നെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായിട്ടാവും ഇതിനെ അവതരിപ്പിക്കുക.

എങ്കിലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മുൻവശത്ത് സ്റ്റോറേജ് സ്പേസ് ടു-ടോൺ 12 ഇഞ്ച് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ കൂടിയാവുന്നതോടെ വാഹനം കൂടുതൽ കളറാവും. അങ്ങനെ മൊത്തത്തിൽ പ്രായോഗികമായ വാഹനമായി സെഗ്മെന്റിൽ പ്രതിഷ്ഠിക്കാനാണ് ബ്രാൻഡിന്റെ ശ്രമം.
നിലവിലെ ഹീറോ വിഡ V2 ഇലക്ട്രിക് മൂന്ന് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്. ഇതേ ഓപ്ഷനുകളാവും കമ്പനി പുതിയ വിഡ VX2 ഇവിയിലും വാഗ്‌ദാനം ചെയ്യുകയെന്നാണ് അനുമാനം. താഴ്ന്ന മോഡലുകളിൽ 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 2.2 കിലോവാട്ട്സ് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് വേരിയന്റിന് 143 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.44 കിലോവാട്ട്സ് ബാറ്ററി പായ്ക്കും കമ്പനി വാഗ്‌ദാനം ചെയ്തേക്കും.


Click it and Unblock the Notifications








