165 KM റേഞ്ചുള്ള ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടറിന് അന്യായ ഓഫർ; ഓൺലൈനിൽ വാങ്ങിയാൽ 40,000 രൂപ വരെ ഡിസ്‌കൗണ്ട്
ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കൊപ്പം രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും ഇന്ന് ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തിമിർത്താടുകയാണ്. ആക്‌ടിവ ഇവിയുമായി (Honda Activa EV) ഒടുവിൽ രംഗപ്രവേശം ചെയ്‌തത് ഹോണ്ടയാണെങ്കിൽ ഇവർക്കും മുമ്പേ പൾസറിഞ്ഞ് കളത്തിലേക്ക് എത്തിയവരാണ് ഹീറോ മോട്ടോകോർപ് (Hero Motocrop). ഇവികൾക്കായി പ്രത്യേകം വിഡ എന്നൊരു ബ്രാൻഡിന് തന്നെ കമ്പനി രൂപംകൊടുക്കുകയുണ്ടായി. ഇതിന് കീഴിലിറങ്ങിയ V1, V2 ഇലക്ട്രിക് സ്കൂട്ടറുകൾ ആവശ്യത്തിന് കച്ചോടം പിടിക്കുന്നുമുണ്ട്. അടുത്തിടെയാണ് V2 നിരയെ ഹീറോ വിപണിയിൽ അവതരിപ്പിക്കുന്നത്.
കുറഞ്ഞ വില, കൂടുതൽ റേഞ്ച്, വിശ്വാസം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും എതിരാളികൾക്കൊരു ഭീഷണിയാണ് ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ശത്രുക്കൾക്കെതിരെ പോരാടി വിജയം കൊയ്യാനും ഇവിക്കാവുന്നുണ്ട്. ഇന്ധന വിലയെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർക്ക് ഇപ്പോഴിതാ ഹീറോ മോട്ടോകോർപ് പുതിയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

പെട്രോൾ സ്കൂട്ടറുകളോട് ഗുഡ്ബൈ പറഞ്ഞ് ഇവികളിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നവർക്ക് ഉപയോഗപ്പെടുത്താനാവുന്ന സുവർണാവസരമാണിത്. ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ V2 ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. ബാങ്ക് ഡിസ്‌കൗണ്ടുകൾ, ഇഎംഐകൾ, ക്യാഷ്ബാക്ക്, ജിഎസ്ടി ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള ഓഫറുകളാണ് ഷോപ്പിംഗ് വെബ്‌സൈറ്റുകൾ ഇവിക്കായി വാഗ്‌ദാനം ചെയ്യുന്നത്.
ഡീലർഷിപ്പിലും ഷോറൂമുകളിലുമൊന്നും കയറിയിറങ്ങാൻ സമയമില്ലാത്തവർക്കും നല്ല ഓഫറിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാനിരിക്കുന്നവർക്കും കൈവന്നിരിക്കുന്ന സുവർണാവസരം ആണിതെന്ന് നിസംശയം പറയാം. ഹീറോയുടെ നിരയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ് വിഡ V2 ലൈറ്റ്. 2.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ 94 കിലോമീറ്റർ (IDC) റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.

വിഡ V2 ഇലക്ട്രിക് സ്‌കൂട്ടർ നിരയിൽ ലൈറ്റ്, പ്ലസ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് അണിനിരക്കുന്നത്. ഹീറോ വിഡ V2 ശ്രേണിക്ക് 96,000 രൂപ മുതൽ 1.35 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വേരിയന്റ് തിരിച്ചുള്ള വില നിർണയത്തിലേക്ക് വന്നാൽ വിഡ V2 ലൈറ്റിന് 96,000 രൂപ, V2 പ്ലസിന് 1.15 ലക്ഷം രൂപ, V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്.
ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് വിഡ V2 ലൈറ്റ്. ഇതിന് പരമാവധി വേഗം മണിക്കൂറിൽ 69 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടാതെ റൈഡ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇവിയിൽ കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വില കുറവാണെങ്കിലും മോഡേണാക്കാനായി 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ഫീച്ചറുകളും ലൈറ്റിൽ കൊടുത്തിട്ടുണ്ട്.

V2 പ്ലസിൽ 3.44 kWh ബാറ്ററി പായ്ക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 143 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും. അതേസമയം V2 പ്രോയിൽ വലിപ്പമേറിയ 3.94 kWh ബാറ്ററിയാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ പരമാവധി 165 കിലോമീറ്റർ റേഞ്ച് നൽകുന്നു. V2 സീരീസിലെ രണ്ട് മോഡലുകളിലും റിമൂവബിൾ ബാറ്ററി പായ്ക്കുകൾ ഉണ്ട്.
ഇത് ഏകദേശം 6 മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന പിഎംഎസ് മോട്ടോറാണ് വിഡ V2 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 8 bhp കരുത്തിൽ പരമാവധി 26 Nm torque വരെ ഇവയ്ക്ക് നൽകാനാവും. വി2 പ്ലസ്, പ്രോ മോഡലുകളിൽ ഇക്കോ, റൈഡ്, സ്‌പോർട്, കസ്റ്റം എന്നീ നാല് റൈഡിംഗ് മോഡുകൾ ഉണ്ട്.

വി2 പ്ലസിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം വി2 പ്രോയ്ക്ക് മണിക്കൂറിൽ 90 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡും നൽകും. ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറിന് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും ബാറ്ററി പായ്ക്കുകൾക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും ഉണ്ടെന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.


Click it and Unblock the Notifications








