വെറും 60,000 രൂപയ്ക്ക് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹീറോ, ഫുൾ ചാർജിൽ 100 KM വരെ ഓടിക്കാം
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിൽ മുമ്പ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാജ്യത്തെ മുൻനിര നിർമാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ മോട്ടോകോർപ് പോലുള്ള വമ്പൻമാർ സ്വന്തമാക്കിയെന്ന് വേണം പറയാൻ. ബജാജിനായി ചേതക്കും ടിവിഎസിനായി ഐക്യൂബും ഹീറോയ്ക്കായി വിഡ സീരീസും കച്ചോടം പിടിക്കാൻ തുടങ്ങി. ചെറിയ വിലയിൽ സാധാരണക്കാർക്കായി വൈദ്യുത വാഹനം നൽകിയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഇവി രംഗത്ത് വെന്നിക്കൊടി പാറിച്ചത്. അടുത്തിടെ വിഡ V2 സീരീസ് ബാറ്ററി വാടകയ്ക്ക് നൽകുന്ന പദ്ധതിയോടെ അവതരിപ്പിച്ചതും വലിയ നേട്ടമുണ്ടാക്കിയിരുന്നു.
ഇപ്പോഴിതാ ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗമായ വിഡ തങ്ങളുടെ VX2 ഇ-സ്കൂട്ടർ ശ്രേണിയിലേക്ക് 3.4 kWh എന്ന പുതിയൊരു മോഡലിനെ കൂടി പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇവി രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്. 1.02 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഹീറോ VX2 ഗോ 3.4 kWh വേരിയന്റ് വിപണിയിലേക്ക് എത്തുന്നത്.

വലിയ ബാറ്ററിയും കൂടുതൽ റേഞ്ചും ഉള്ള പുതിയ മിഡ്-സ്പെക്ക് വേരിയന്റായിട്ടാണ് VX2 നിരയിലേക്ക് VX2 ഗോ എത്തിയിരിക്കുന്നത്. നിലവിലുള്ള VX2 ഗോയേക്കാൾ ഒരു പടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന പുതിയ 3.4 kWh വേരിയന്റ് മെച്ചപ്പെട്ട പെർഫോമൻസും അധിക റേഞ്ചും വാഗ്ദാനം ചെയ്യുന്നത് വാഹന പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന കാര്യമായിരിക്കും. ഫുൾ ചാർജിൽ ഇവിക്ക് 100 കിലോമീറ്റർ വരെ റിയൽ വേൾഡ് റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്യുവൽ റിമൂവബിൾ ബാറ്ററി പായ്ക്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോർ 6 kW പീക്ക് പവർ ഔട്ട്പുട്ടും 26 Nm ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഹീറോ VX2 ഗോ 3.4 kWh വേരിയന്റിന് പരമാവധി 70 കിലോമീറ്റർ വേഗമാണ് പുറത്തെടുക്കാനാവുക. ഇക്കോ, റൈഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ വേരിയന്റിലുണ്ട്.

റൈഡിംഗ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കാര്യക്ഷമതയും റെസ്പോൺസും ഒരുപോലെ മെച്ചപ്പെടുത്താൻ ഈ റൈഡ് മോഡുകൾ സഹായിക്കുമെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്. VX2 ഗോ 3.4 kWh ഒതുക്കമുള്ളതും പ്രായോഗികവുമായ ഫോം ഫാക്ടർ നിലനിർത്തുന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഫ്ലാറ്റ് ഫ്ലോർബോർഡ്, വലിയ സീറ്റ്, 27.2 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയെല്ലാം ഇതിലെ സവിശേഷതകളാണ്.
ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾക്കനുസൃതമായി സസ്‌പെൻഷൻ രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് പറയപ്പെടുന്നു. റൈഡ് ഇൻഫോ ഡിസ്പ്ലേയുള്ള ബേസിക്കായിട്ടുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം എന്നറിയപ്പെടുന്ന CBS ഫീച്ചറിനൊപ്പം ഡ്രം ബ്രേക്കുകളാണ് ഇവിയുടെ മുന്നിലും പിന്നിലും ഇടംപിടിച്ചിരിക്കുന്നത്.

ഹീറോ മോട്ടോകോർപ്പിന്റെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) സംവിധാനത്തോടെ പുതിയ VX2 ഗോ 3.4 kWh വേരിയന്റും സ്വന്തമാക്കാനാവും. ഈ പദ്ധതി പ്രകാരം ഇലക്ട്രിക് സ്‌കൂട്ടറിന് 60,000 രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. ബാറ്ററി സബ്‌സ്‌ക്രിപ്‌ഷനിലൂടെ കിലോമീറ്ററിന് 90 പൈസയാണ് ചെലവ് വരിക. നേരിട്ട് വാങ്ങുമ്പോൾ സ്റ്റാൻഡേർഡ് എക്‌സ്ഷോറൂം വില 1,02,000 രൂപയാണ്. സബ്‌സിഡികൾ, ബാധകമായ സംസ്ഥാന ആനുകൂല്യങ്ങൾ ഒഴികെയുള്ള വിലയാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








