അന്യായ ലുക്കും പെർഫോമൻസുമുള്ള 125 സിസി സ്‌കൂട്ടർ പഴയ വിലയിൽ തന്നെ വാങ്ങാം, ഓഫർ നീട്ടി നൽകി VLF
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയോടും ഏഥറിനോടും ബജാജിനോടും ടിവിഎസിനോടുമെല്ലാം മത്സരിക്കാനെത്തിയ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളാണ് VLF എന്നറിയപ്പെടുന്ന വെലോസിഫെറോ. KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തോടെയാണ് ബ്രാൻഡ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഇവികളിലൂടെയാണ് കമ്പനി ശ്രദ്ധ നേടിയിരുന്നതെങ്കിൽ അടുത്തിടെ പുത്തനൊരു 125 സിസി പെട്രോൾ സ്കൂട്ടർ അവതരിപ്പിച്ച് കമ്പനി പലരുടേയും മനസിൽ കയറിപ്പറ്റിയിരുന്നു. ടിവിഎസ് എൻടോർഖ്, അപ്രീലിയ SR സീരീസ് എന്നിവർ അടക്കിവാഴുന്ന പെർഫോമൻസ് സ്‌കൂട്ടർ സെഗ്മെന്റിലേക്ക് എത്തിയത് വെലോസിഫെറോ മോബ്സ്റ്റർ ആയിരുന്നു.
കിടിലൻ പ്രൈസിംഗും അഡാറ് ലുക്കും കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസും കൂടിയായപ്പോൾ സംഗതി ഉഷാറായി. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്നൊരു വാർത്തയുമായി എത്തിയിരിക്കുകയാണ് VLF. എന്താണന്നല്ലേ, തങ്ങളുടെ ആദ്യത്തെ പെട്രോൾ പവർ സ്കൂട്ടറായ മോബ്സ്റ്ററിന്റെ പ്രാരംഭ വില ഓഫർ കുറച്ച് നാളത്തേക്ക് കൂടി നീട്ടിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെലേസിഫെറോ.

2025 സെപ്റ്റംബറിൽ 1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഈ സ്കൂട്ടർ ഇതുവരെ 2,500 ബുക്കിംഗുകൾ വാരി കുതിക്കുകയാണ്. ഇക്കാര്യം കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. VLF ഇപ്പോൾ 500 യൂണിറ്റുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓഫർ നീട്ടി നൽകിയിരിക്കുന്നത്. അതായത് ആകെ 3,000 ഉപഭോക്താക്കൾക്ക് 1.30 ലക്ഷം രൂപ വിലയിൽ മോബ്‌സ്റ്റർ 125 ലഭിക്കുമെന്ന് സാരം.
ഈ അലോട്ട്മെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ വിലകൾ വർധിപ്പിക്കുമെന്നും വെലോസിഫെറോ വ്യക്തമാക്കിയിട്ടുണ്ട്. ഡിസൈൻ തന്നെയാണ് മോബ്സ്റ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇറ്റാലിയൻ ഡിസൈനർ അലസാൻഡ്രോ ടാർട്ടാരിനിയാണ് VLF മോബ്‌സ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്.

ഡിആർഎല്ലുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടോളർ ഫ്ലൈസ്‌ക്രീൻ, ഓപ്പൺ ഹാൻഡിൽബാർ എന്നിവ മുൻവശത്തുണ്ട്. സൈഡ് പാനലുകൾ ഷാർപ്പായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ എഞ്ചിൻ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത് പൊതുവേ ഇന്ത്യൻ സ്‌കൂട്ടറുകളിൽ കണ്ടുവരാത്തൊരു ശൈലിയാണ് കേട്ടോ. അതേസമയം ഒതുക്കമുള്ള സിംഗിൾ പീസ് സീറ്റാണ വണ്ടിയിൽ വാഗ്‌ദാനം ചെയ്യുന്നത്.
സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിൽ, പരന്നതല്ലാത്ത ഫ്ലോർബോർഡ് എന്നിവയും വരാനിരിക്കുന്ന യൂത്ത്ഫുൾ പെട്രോൾ സ്‌കൂട്ടറിനെ വേറിട്ടുനിർത്തും. റെഡ്, ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാവും മോബ്‌സ്റ്റർ സ്വന്തമാക്കാനാവുകയെന്നാണ് വിവരം. മുന്നിൽ 120 ക്ഷൻ ടയറും പിന്നിൽ 130 സെക്ഷൻ ടയറും ഉള്ള 12 ഇഞ്ച് അലോയ് വീലുകളാണ് മോബ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.
125 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് VLF മോബ്സ്റ്റർ 125 സ്‌കൂട്ടറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സിംഗിൾ സിലിണ്ടർ എഞ്ചിന് 8,250 ആർപിഎമ്മിൽ 12 bhp പവറും 6,500 ആർപിഎമ്മിൽ പരമാവധി 11.7 Nm ടോർക്ക് വരെയും നിർമിക്കാനാവും കേട്ടോ. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാണ് കമ്പനി പറയുന്നത്.
അതേസമയം ലിറ്ററിന് 46 കിലോമീറ്റർ മൈലേജാണ് കമ്പനി സ്കൂട്ടറിൽ അവകാശപ്പെടുന്നത്. ഒപ്പം 8 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും കൊടുത്തിരിക്കുന്നതിനാൽ ഇടയ്ക്കിടയ്ക്ക് പെട്രോൾ നിറയ്ക്കാനായി പമ്പിൽ കയറ്റേണ്ട ആവശ്യമില്ല. ഫീച്ചറുകളുടെ കാര്യത്തിൽ മോബ്‌സ്റ്ററിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷൻ, കീലെസ് ഇഗ്നിഷൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, 5.0 ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്.
മോബ്സ്റ്റർ സ്പോർട്ടി സ്‌കൂട്ടറിന് മൊത്തത്തിൽ 122 കിലോഗ്രാം ഭാരമാണുള്ളത്. 1,341 mm വീൽബേസും, 797 mm സീറ്റ് ഉയരവും, 155 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഹനത്തിനുള്ളത്. 230 mm ഫ്രണ്ട്, 220 mm റിയർ ഡിസ്കുകളും, ഡ്യുവൽ-ചാനൽ സ്വിച്ചബിൾ എബിഎസുമാണ് ബ്രേക്കിംഗിൽ നൽകിയിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കും പിന്നിൽ ഗ്യാസ്-ചാർജ്ഡ് ട്വിൻ ഷോക്കുകളുമാണ് ലഭിക്കുക. 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളിലാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ പ്രായോഗികതയിലും മിടുക്കനാണ് കക്ഷി.


Click it and Unblock the Notifications








