ഇനി സിംഗിൾ ചാർജിൽ 150 കിലോമീറ്റർ ഓടിക്കാം, ഇറ്റാലിയൻ സുന്ദരിയിൽ അടിപൊളി മാറ്റങ്ങളുമായി കമ്പനി
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ മട്ടും ഭാവവും മാറ്റാനായി ഇന്ത്യയിലേക്കെത്തിയ ഇറ്റാലിയൻ ടൂവീലർ ബ്രാൻഡാണ് VLF എന്നറിയപ്പെടുന്ന വെലോസിഫെറോ. അതുവരെ രാജ്യത്തെ ഇവികൾക്കില്ലാത്തൊരു സൗന്ദര്യം ആവാഹിച്ചെത്തിയ കമ്പനിയുടെ ആദ്യത്തെ ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടർ (VLF Tennis 1500W ഇലക്ട്രിക് സ്കൂട്ടർ) ലോഞ്ചിന്റെ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. മസ്ക്കുലാർ ലുക്കും നല്ല പ്രായോഗികതയുമായി എത്തിയ ആശാനെ അങ്ങനെയാരും ഇതുവരെ നിരത്തുകളിൽ കണ്ടിട്ടുമുണ്ടാവില്ല. വില നോക്കിയാലും ആർക്കായാലും ഒന്ന് വാങ്ങിയാലോ എന്നുവരെയും തോന്നിപ്പോയേക്കും. ഇപ്പോഴിതാ ചില നവീകരണങ്ങളോടെ സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുകയാണ് കേട്ടോ.
സ്റ്റൈലും, ഫീച്ചറുകളും, മികച്ച പെർഫോമൻസും കുത്തിനിറച്ചെത്തുന്ന നവീകരിച്ച VLF ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടറിന് 1,29,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് മുമ്പുണ്ടായിരുന്ന അതേ വിലയിലാണ് ഇവി ഇപ്പോഴും വിപണനത്തിന് എത്തുന്നതെന്ന് സാരം. പുതുക്കിപ്പണിതിരിക്കുന്ന സ്‌കൂട്ടർ ഇപ്പോൾ രണ്ട് ബോൾഡ് ഷേഡുകളിലാണ് വരുന്നത്. സ്ലേറ്റ് ബ്ലൂ, എബോണി ബ്ലാക്ക് എന്നിവയാണ് ടെന്നീസിലെ പുത്തൻ നിറങ്ങൾ.

അതേസമം മുമ്പുണ്ടായിരുന്ന ഫയർ ഫ്യൂറി ഡാർക്ക് റെഡ്, സ്നോഫ്ലേക്ക് വൈറ്റ് എന്നീ കളർ ഓപ്ഷനുകളും VLF ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടറിൽ തുടർന്ന് നൽകാൻ ഇറ്റാലിയൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. പ്രശസ്ത ഇറ്റാലിയൻ ഡിസൈനർ അലസ്സാൻഡ്രോ ടാർട്ടാരിനി രൂപകൽപ്പന ചെയ്ത ഈ വൈദ്യുത സ്കൂട്ടർ യൂറോപ്യൻ വൈഭവവും ഇന്ത്യൻ പ്രായോഗികതയും സംയോജിപ്പിച്ചാണ് വിപണിയിലെത്തിയിരിക്കുന്നത്.
ശക്തമായ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ 12 ഇഞ്ച് വീലുകളിലാണ് നിരത്തിലെത്തുന്നത്. സിറ്റി റോഡുകളിൽ അധിക സുഖസൗകര്യങ്ങൾ നൽകുന്നതിനായി സുഗമമായ സസ്പെൻഷൻ സജ്ജീകരണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ശേഷിയും ഭാരം കുറഞ്ഞ ഡിസൈനുമുള്ള ഉള്ള VLF ടെന്നീസ് 1500 ഇവി യൂത്തൻമാർക്ക് തികച്ചും അനുയോജ്യമാണെന്ന് തന്നെ പറയാം.

കണ്ടാൽ ഭീമനായി തോന്നുമെങ്കിലും ഉയർന്ന ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ടെന്നീസ് 1500W ഇവിക്ക് വെറും 88 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. അതായത് പല പെട്രോൾ സ്കൂട്ടറുകളേക്കാലും ഭാരം കുറവാണെന്ന് സാരം. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആർക്കും നിരാശപ്പെടേണ്ടി വരില്ലെന്ന് വെലോസിഫെറോ ഉറപ്പുവരുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം ഉയർത്തുന്ന പ്രായോഗികവും പ്രീമിയവുമായ സവിശേഷതകളാൽ സമ്പന്നമാണ് പുതുക്കിയ മോഡൽ.
മൊബൈൽ ചാർജിംഗ് പോർട്ട്, ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള് ലൈറ്റിംഗ് സജ്ജീകരണം എൽഇഡിയാണ്. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5 ഇഞ്ച് TFT ഡിസ്‌പ്ലേ, കീലെസ് സ്റ്റാർട്ട് സിസ്റ്റം, സൈഡ്-സ്റ്റാൻഡ് കിടക്കുകയാണെങ്കിൽ പവർ സ്വയമേവ വിച്ഛേദിക്കുന്ന സുരക്ഷാ സെൻസർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

പുതുക്കിയ ടെന്നീസ് 1500 ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോൾ ഫുൾ ചാർജിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ഇറ്റാലിയൻ ബ്രാൻഡായ വെലോസിഫെറോ പറയുന്നത്. ഇത് മുൻ പതിപ്പിനേക്കാൾ 20 കിലോമീറ്റർ കൂടുതൽ റേഞ്ചാണ് ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നതെന്ന് സാരം. അതിനാൽ, നിങ്ങളുടെ ദൈനംദിന യാത്രകൾ കൂടുതൽ ദൈർഘ്യമേറിയതും മികച്ചതുമാക്കാൻ സാധിക്കും.
മികച്ച ഹീറ്റ് റെസിസ്റ്റൻസും മെച്ചപ്പെട്ട സുരക്ഷയും ഉറപ്പാക്കുന്ന അലുമിനിയം കേസിംഗുള്ള ഒരു പുതിയ 2.5 kWh LMFP ബാറ്ററി പായാക്കാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ 157 Nm പരമാവധി ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ഇവിക്ക് കഴിയും. മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാണ് VLF ടെന്നീസ് 1500 ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ബാറ്ററി പൂർണമായി ചാർജാവാൻ വെറും മൂന്ന് മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.


Click it and Unblock the Notifications








