3 മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം, 99,999 രൂപയ്ക്ക് 130 കി.മീ. റേഞ്ചുള്ള സ്റ്റൈലൻ ഇറ്റാലിയൻ ഇലക്‌ട്രിക് സ്‌കൂട്ടർ
പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ തീരുമാനിച്ചാൽ ഏത് മോഡൽ വാങ്ങുമെന്ന കൺഫ്യൂഷനടിച്ച് ഇരിക്കുന്നവരായിരിക്കും നമ്മളിൽ അധികവും. ഒരുവശത്ത് ഓലയും ഏഥറും ഒഖിനാവയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ നിര അടക്കി ഭരിക്കുമ്പോൾ മറ്റൊരുവശത്ത് ടിവിഎസും ബജാജും ഹീറോയുമെല്ലാം നല്ല ഒന്നാന്തരം ഇവികൾ പുറത്തിറക്കുന്നുമുണ്ട്. ഇക്കൂട്ടത്തിലേക്ക് അടുത്തിടെ ഇറ്റാലിയൻ വൈദ്യുത വാഹന നിർമാതാക്കളായ VLF എന്നറിയപ്പെടുന്ന വെലോസിഫെറോയും എത്തുകയുണ്ടായി. ആഡംബര സ്‌കൂട്ടറുകളോട് കിടപിടിക്കുന്ന സ്റ്റൈലുള്ള ഇവിയിൽ പലരുടേയും കണ്ണുടക്കുകയും ചെയ്‌തിരുന്നു. ടെന്നീസ് 1500W എന്ന ആദ്യ മോഡൽ ഹിറ്റായതിന് പിന്നാലെ രാജ്യത്തിനായുള്ള രണ്ടാമത്തെ ഇവിയും പുറത്തിറക്കിയിരിക്കുകയാണ് വെലോസിഫെറോ.
ഇതൊരു എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ സ്‌കൂട്ടറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. VLF ടെന്നീസ് മിലാനോ എന്നുപേരിട്ടിരിക്കുന്ന ഇവിക്ക് 99,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനിൽ ആരേയും മയക്കുന്ന രൂപം മാത്രമല്ല കക്ഷിക്കുള്ളത് കേട്ടോ, 3 റൈഡ് മോഡുകളും റിമൂവബിൾ ബാറ്ററി പായ്ക്കിന്റെ പ്രായോഗികതയും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ ആദ്യം വാങ്ങാനെത്തുന്ന 200 പേർക്ക് മാത്രമാണ് പുതുപുത്തൻ VLF ടെന്നീസ് മിലാനോ എഡിഷൻ ഇലക്ട്രിക് സ്‍കൂട്ടർ സ്വന്തമാക്കാനാവുക. വൈറ്റ്, ഗ്രേ, ഡാർക്ക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇവി തെരഞ്ഞെടുക്കാനാവുക. കോലാപ്പൂർ ഫാക്ടറിയിൽ KAW വെലോസ് മോട്ടോർസാണ് ഈ സ്‌കൂട്ടർ പ്രാദേശികമായി നിർമിക്കുക.
അപ്രീലിയയ്ക്ക് ശേഷം ഇന്ത്യയിൽ ടൂവീലറുകൾ നിർമിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡാണ് VLF എന്നതും ശ്രദ്ധേയമാണ്. കാഴ്ച്ചയിലെ മാസ് ലുക്ക് ഓടിക്കുമ്പോഴും കിട്ടുന്നതരത്തിലുള്ള ഹൈ-പെർഫോമൻസ് മോഡലാണിത്. ടെന്നീസ് മിലാനോ എഡിഷൻ ഇവിക്ക് 2.1KW പീക്ക് പവറും റിമൂവബിൾ ബാറ്ററി പായ്ക്കും ഉപയോഗിച്ച് ഒറ്റ ചാർജിൽ 130 കിലോമീറ്ററിൽ അധികം റേഞ്ചും വാഗ്‌ദാനം ചെയ്യാനാവും.

മണിക്കൂറിൽ 65 കിലോമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. ടെന്നീസിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ടിഎഫ്ടി ഡിസ്‌പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഫീച്ചറുകളാലും സമ്പന്നമാണ് കക്ഷി എന്നതിനാൽ ഏതുതരം ഉപഭോക്താക്കളേയും ആകർഷിക്കാനും വെലോസിഫെറോയ്ക്കാവും. തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി സ്മാർട്ട് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണ് പ്രധാന ഹൈലൈറ്റ്.
ഒപ്പം 3 വ്യത്യസ്‌ത റൈഡ് മോഡുകൾ പോലുള്ള അധിക ഫീത്തറുകളും VLF ടെന്നീസ് മിലാനോ എഡിഷൻ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണെന്ന് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നു. ഇവിയുടെ പ്രധാന ഹൈലൈറ്റ് അതിൻ്റെ ഭാരമായിരിക്കും. കണ്ടാൽ മസ്ക്കുലാർ ലുക്കുണ്ടെങ്കിലും അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ഭാരം കുറഞ്ഞ ഇവികളിൽ ഒന്നായിരിക്കുമിതെന്നാണ് കമ്പനിയുടെ അവകാശവാദം.

ഈടുനിൽക്കുന്നതും റൈഡ് സ്റ്റെബിലിറ്റി വർധിപ്പിക്കുന്നതിനുമായി അലുമിനിയം സ്വിംഗാർം ആണ് വെലോസിഫെറോ ഉപയോഗിക്കുന്നത്. അങ്ങനെ വെറും 88 കിലോഗ്രാം ഭാരത്തിൽ ഇവി പുറത്തിറക്കാൻ ബ്രാൻഡിനായി. പ്രായോഗികത വർധിപ്പിക്കാനായി ഫാസ്റ്റ് ചാർജിംഗ് സംവിധാനവും VLF ടെന്നീസ് മിലാനോ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. വെറും 3 മണിക്കൂറിനുള്ളിൽ ഇവി പൂർണമായി ചാർജ് ചെയ്യാനാവുമെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
അതായത് ഒരു സിനിമ കണ്ടുതീരുന്ന സമയമുണ്ടെങ്കിൽ ഇവി ഫുൾ ചാർജാക്കാമെന്ന് സാരം. VLF ടെന്നീസ് ഇവിക്ക് 40,000 കിലോമീറ്റർ അല്ലെങ്കിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാണുള്ളത്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി 5 വർഷം വരെ നീട്ടാനുമാവും. ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളിയില്ലെന്ന് തന്നെ പറയാം. എങ്കിലും VLF ടെന്നീസ് മിലാനോ എഡിഷന്റെ താങ്ങാനാവുന്ന വില കാരണം വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








