44,999 രൂപ മതി, ഫുൾ ചാർജിൽ 120 കിലോമീറ്റർ റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഇന്ത്യൻ കമ്പനി
പെട്രോൾ ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിച്ച് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാനിറങ്ങിയാൽ പലരും കൺഫ്യൂഷനടിച്ച് ഇരുന്നുപോവും. അതിന്റെ കാരണം കടലിലെ മീനുകളെ പോലെ ചെറുതും വലുതുമായി ഒരുപാട് ഇവികൾ വിപണിയിലുണ്ട് എന്നതാണ്. എല്ലാ ബജറ്റിലും ഇന്ന് വൈദ്യുത സ്‌കൂട്ടറുകൾ കിട്ടാനുണ്ടെന്നതാണ് രസകരമായ കാര്യം. എന്നാൽ ചെറിയ ബജറ്റിൽ വാഹനം അന്വേഷിക്കുന്നവർക്ക് അധികം ചോയ്‌സുകളൊന്നും ഉണ്ടാവില്ലെന്നതാണ് നിരാശാജനകമായ കാര്യം. വീടിനടുത്തുള്ള കടയിൽ പോവാനും മറ്റാവിശ്യങ്ങൾക്കുമെല്ലാമായി 50,000 രൂപയിൽ താഴെ വിലയിൽ ചെറിയൊരു ഇവി തേടിയിറങ്ങുന്നവർ എന്തായാലും ഇനി മുതൽ നിരാശപ്പെടേണ്ടി വരില്ല കേട്ടോ.
നോവ, എഡ്ജ് എന്നീ രണ്ട് വ്യത്യസ്ത പരമ്പരകളിലായി ആറ് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വരിവോ മോട്ടോർസ് ഇന്ത്യ. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ നിരയിലേക്ക് എത്തുന്ന പുത്തൻ മോഡലുകളെ രാജ്യം ഉടൻ തന്നെ വരവേൽക്കും. വിലയാണ് ഏറ്റവും വലിയ ഹൈലൈറ്റായി ഇരുചക്ര വാഹന നിർമാതാക്കൾ എടുത്തുകാണിക്കുന്നത്.

വെറും 44,999 മുതലാണ് വരിവോ മോട്ടോർസിന്റെ ഇവികൾക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് വ്യത്യസ്ത ഡിസൈൻ തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയാണ് നോവ, എഡ്ജ് സീരീസുകൾ പുറത്തിറക്കുന്നതും. ആധുനിക ശൈലിയുള്ള ക്ലാസിക് അവന്റ്-ഗാർഡ് സൗന്ദര്യശാസ്ത്രമാണ് നോവ സീരീസ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എഡ്ജ് സീരീസ് സ്റ്റൈലിനേക്കാൾ പ്രായോഗികതയെ അടിസ്ഥനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
വ്യത്യസ്തമായ ഡിസൈനിലാണ് കാണപ്പെടുന്നതെങ്കിലും വരിവോ മോട്ടോർസിന്റെ 6 ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരേ ആക്‌സസിബിലിറ്റി തത്ത്വചിന്തയിലാണ് നിർമിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഒപ്പം വ്യത്യസ്ത പ്രായത്തിലുള്ളവർക്കും ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പഠിച്ച് വരുന്നവർക്കും വേണ്ടി പ്രത്യേകം നിർമിച്ചിരിക്കുന്ന ഇവ ലൈറ്റ് വെയ്റ്റും എർഗണോമിക് ഡിസൈനുകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്.
പുതിയ ഉൽപ്പന്ന നിരയിലെ എല്ലാ സ്കൂട്ടറുകൾക്കും സിംഗിൾ ചാർജിൽ പരമാവധി 120 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് വരിവോ മോട്ടോർസ് ഇന്ത്യ അവകാശപ്പെടുന്നത്. കൂടാതെ ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സ്മാർട്ട് കണക്റ്റിവിറ്റിയും നോവ, എഡ്ജ് സീരീസുകളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ മോഡലുകൾക്കും മൂന്ന് വർഷത്തെ പൂർണ വാറണ്ടി പാക്കേജുണ്ടെന്നും കമ്പനി പറയുന്നു.
ആയതിനാൽ ആശങ്കകളൊന്നുമില്ലാതെ വരിവോ മോട്ടോർസിന്റെ ഇലക്ട്രിക് സ്‌കൂട്ടർ ആളുകൾക്ക് സ്വന്തമാക്കാനാവും. നോവ സീരീസ് കൂടുതൽ നൂതന സവിശേഷതകളും ഉയർന്ന നിലവാരമുള്ള ഡിസൈൻ ഘടകങ്ങളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും എഡ്ജ് മോഡലുകൾ താങ്ങാനാവുന്ന വിലയും ഉദ്ദേശ്യവും വാഗ്ദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ചും ഡെലിവറി ജോലികൾ ചെയ്യുന്നവർക്കെല്ലാം ഇവി അനുയോജ്യമായിരിക്കും.
നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ 200 ഔട്ട്‌ലെറ്റുകൾ കൂടി രാജ്യത്ത് പ്രവർത്തനക്ഷമമാക്കാൻ വരിവോ മോട്ടോർസ് പദ്ധതിയിടുന്നതിനാൽ വിൽപ്പനാനന്തര സേവനവും പാർട്‌സ് ലഭ്യതയുമൊന്നും തലവേദനയാവുകയേയില്ല. 2024-ലാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഇന്ത്യൻ ബ്രാൻഡ് CRX ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുമായി വിപണിയിലേക്ക് എത്തുന്നത്. ഇത് പലയിടങ്ങളിലും ഹിറ്റാവുകയും ചെയ്‌തിരുന്നു. 79,999 രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








