ഫുൾ ചാർജിൽ 160 കിലോമീറ്റർ റേഞ്ച്, പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി യമഹ! വിൽപ്പന അടുത്ത വർഷം
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് ജാപ്പനീസ് വമ്പൻമാരായ യമഹയും വരവറിയിക്കുകയാണ്. ഓല, ഏഥർ, ഒഖിനാവ തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ ആധിപത്യം സ്ഥാപിച്ച വിപണിയെ ടിവിഎസും ഹീറോയും ബജാജും ചേർന്ന് കൈപ്പിടിയിലാക്കിയപ്പോൾ കാഴ്ച്ചക്കാരായി ഗ്യാലറിയിലിരുന്ന യമഹ ഒടുവിൽ കളത്തിലിറങ്ങി കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പുത്തൻ XSR 155, FZ റേവ് എന്നിവ അവതരിപ്പിച്ച് ആരാധകരെ കൈയിലെടുത്ത കമ്പനി കൂട്ടത്തിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും പരിചയപ്പെടുത്തുകയുണ്ടായി. എയറോക്‌സ് ഇ, EC-06 എന്നീ രണ്ട് ഇവികളാണ് യമഹ പ്രദർശിപ്പിച്ചത്.
EC-06 ഇവി ഇന്ത്യയിൽ വലിയ ശ്രദ്ധ നേടുമെന്നതിൽ സംശയമൊന്നും വേണ്ട. ഡിസൈനിലായാലും റേഞ്ചിന്റെ കാര്യത്തിലായാലും ഇന്ത്യക്കാരെ തൃപ്ത്തിപ്പെടുത്താനുള്ള എല്ലാ സംഗതികളും ഇതിൽ ഉൾക്കൊള്ളിച്ചാണ് യമഹ ഇലക്ട്രിക് സ്കൂട്ടറിനെ പണിതെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോഡൽ കൂടിയാണിത് എന്നറിഞ്ഞാൽ നമുക്ക് സ്നേഹം അൽപം കൂടുമെന്ന് ഉറപ്പിക്കാം.

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്നറിയപ്പെടുന്ന റിവർ ഇൻഡിയുമായി യമഹ EC-06 ഇവിക്ക് ഒരുപാട് സാമ്യതകൾ തോന്നിയാലും അതിശയിക്കാനൊന്നുമില്ല. ഈ രണ്ട് മോഡലുകളും തമ്മിൽ ചെറിയ ചില ബന്ധങ്ങളുണ്ട് കേട്ടോ. 4.5 kW ഇലക്ട്രിക് മോട്ടോറാണ് യമഹയുടെ പുത്തൻ വൈദ്യുത സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 8.98 bhp വരെ ഔട്ട്‌പുട്ട് നൽകാനും പ്രാപ്‌തമാണെന്ന് കമ്പനി പറയുന്നു.
കൂടാതെ 4 kWh ഫിക്സഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് യമഹ EC-06 ഇവിയിൽ ഒരുക്കിയിരിക്കുന്നത്. ഈ കോമ്പിനേഷൻ സുഗമവും സ്ഥിരതയുള്ളതുമായ പ്രകടനവും ദൈനംദിന ഉപയോഗത്തിന് വേണ്ടുന്നതിലധികം റേഞ്ചും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. EC-06 മോഡലിന് ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
മൂന്ന് റൈഡിംഗ് മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പാർക്കിംഗ് സമയത്ത് കൂടുതൽ സൗകര്യത്തിനായി ഒരു റിവേഴ്‌സ് മോഡും യമഹ EC-06 ഇവിയുടെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് പ്ലഗ്-ഇൻ സിസ്റ്റം വഴി ചാർജ് ചെയ്യാനാവുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 4 kWh ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം ഒമ്പത് മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് പറയുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും തരക്കേടില്ലാത്ത രീതിയിൽ സജ്ജീകരിക്കാൻ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. EC-06 ഇവിയുടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്ററുകൾ, അവശ്യ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇലക്ട്രിക് സ്കൂട്ടറിൽ ഉണ്ട്. 24.5 ലിറ്ററിന്റെ അണ്ടർസീറ്റ് സ്റ്റോറേജും എടുത്ത് പറയേണ്ട കാര്യമാണ്.

ഇത് ദൈനംദിന ഉപയോഗത്തിൽ ഉപകാരപ്പെടുന്ന രീതിയിൽ ക്രമീകരിച്ചാൽ ഉഷാറാവും. അതായത് ഒരു ഫുൾ സൈസ് ഹെൽമെറ്റോ ചെറിയ ലഗേജോ ഉൾക്കൊള്ളാനെങ്കിലും പ്രാപ്‌തമായിരിക്കണമെന്ന് സാരം. ഡിജിറ്റൽ കണക്റ്റിവിറ്റി മറ്റൊരു പ്രധാന ആകർഷണമാണ്. EC-06 ഇലക്ട്രിക് സ്കൂട്ടറിൽ ഇൻ-ബിൽറ്റ് ടെലിമാറ്റിക്സ് യൂണിറ്റും സിം അധിഷ്ഠിത കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തത്സമയ ഡാറ്റ ആക്‌സസും ലൊക്കേഷൻ ട്രാക്കിംഗും സാധ്യമാക്കുന്നു.
റൈഡ് അനലിറ്റിക്‌സ്, സർവീസ് റിമൈൻഡറുകൾ പോലുള്ള സവിശേഷതകളും സിസ്റ്റം സംയോജിപ്പിച്ചേക്കാം. അടുത്ത കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ ജാപ്പനീസ് നിർമാതാവ് EC-06 ഇവിയുടെ ഡെലിവറികൾ ആരംഭിക്കും. അതേസമയം തന്നെയായിരിക്കും മോഡലിനായുള്ള വിലയും പ്രഖ്യാപിക്കുക. ഇലക്ട്രിക് സ്കൂട്ടർ മേഖലയിൽ കമ്പനിയുടെ സാന്നിധ്യം ബജാജിനും ടിവിഎസിനും ഹീറോയ്ക്കും വെല്ലുവിളിയാവുകയും ചെയ്യും.


Click it and Unblock the Notifications








