ഇന്ത്യയിലെ ആദ്യത്തെ 150 സിസി ഹൈബ്രിഡ് ബൈക്ക് പുറത്തിറക്കി യമഹ, ഇവി വാങ്ങാൻ വരി നിൽക്കാൻ വരട്ടെ
ഇന്ത്യയിലെ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബജാജ് പൾസറുകൾക്ക് ശേഷം ഏറ്റവും ഹിറ്റായ മോഡലാണ് യമഹ FZ സീരീസ്. 150 സിസി സെഗ്മെന്റിൽ വിപ്ലവം കൊണ്ടുവന്ന ബൈക്ക് ഒരുകാലത്ത് യൂത്തൻമാരുടെ ഇഷ്‌ട വാഹനമായിരുന്നു. RX100, R15 തുടങ്ങിയ വൻഹിറ്റുകൾക്ക് ശേഷം യമഹയുടെ നിരയിൽ ഏറ്റവും വിജയമായി തീർന്ന FZ ശ്രദ്ധിക്കപ്പെടാൻ കാരണമായത് പിന്നിലെ യമണ്ടൻ വലിപ്പമുള്ള ടയറായിരുന്നുവെന്നതിൽ സംശയമൊന്നും വേണ്ട. 2008 വരെ പുത്തനൊരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ബജാജ് പൾസറും പിന്നീട് ഹീറോ കരിസ്‌മയുമായിരുന്നു പലരുടേയും മനസിലുണ്ടായിരുന്നത്. എന്നാൽ FZ വന്നതോടെ മുന്നും പിന്നും നോക്കാതെ എല്ലാവരും ഷോറൂമിലേക്ക് വിട്ടു.
താങ്ങാനാവുന്ന വിലയും യമഹയുടെ വിശ്വാസവും എല്ലാം ചേർന്നതോടെ ആള് അങ്ങ് യൂത്ത് ഐക്കണായി മാറി. തീറ്റിപ്പോറ്റാനും വലിയ ചെലവ് ഒന്നുമില്ലാതിരുന്നതിനാൽ സാധാരണക്കാരനോട് വരെ ചേർന്നുനിൽക്കാൻ ഈ ഭീമനായി. എന്നാൽ ഇടയ്ക്ക് തലമുറ മാറ്റം ലഭിച്ചതോടെ കക്ഷിയുടെ പഴയ പ്രതാപമൊക്കെ മങ്ങി. എങ്കിലും വിശ്വസിച്ച് വാങ്ങാനാവുന്ന 150 സിസി മോട്ടോർസൈക്കിളുകളുടെ ലിസ്റ്റിൽ ഇന്നും യമഹ FZ ഒഴിവാക്കാനാവില്ല.

ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഏറ്റവും പുതിയ 2025 FZ-S Fi ഹൈബ്രിഡ് ബൈക്കിനെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് യമഹ. രാജ്യത്തെ ആദ്യത്തെ 150 സിസി ഹൈബ്രിഡ് മോട്ടോർസൈക്കിളായാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്. യമഹയുടെ ഫാസിനോ, റേ ZR സ്‌കൂട്ടറുകളില്‍ പിന്നാലെയാണ് FZ ശ്രേണിയിലേക്ക് ഹൈബ്രിഡ് സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്.
സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍, നാവിഗേഷനോട് കൂടിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുത്തന്‍ നിറങ്ങളും ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്‌നലുകളുമുള്ള പുതിയ ഡിസൈന്‍ എന്നിവയാണ് 2025 യമഹ FZ ഹൈബ്രിഡിലെ മറ്റ് പ്രത്യേകതകൾ. Y-കണക്റ്റ് ആപ്പ് വഴി സ്മാർട്ട്‌ഫോണുകളുമായി സംയോജിപ്പിക്കുന്ന 4.2 ഇഞ്ച് ഫുൾ-കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വരും ദിവസങ്ങളിൽ ചർച്ചയായേക്കും.

ഇത്രയും ഗംഭീര മാറ്റങ്ങളോടെ വിപണിയിലെത്തിയിരിക്കുന്ന യമഹ FZ ഹൈബ്രിഡ് വെറും 1.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2025 യമഹ FZ-S Fi ഹൈബ്രിഡിൽ OBD2 നിലവാരത്തിലുള്ള 149 സിസി ബ്ലൂ കോർ എഞ്ചിനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. യമഹയുടെ സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG), സ്റ്റോപ്പ് & സ്റ്റാർട്ട് സിസ്റ്റം (SSS) എന്നിവ കൂടി ചേരുമ്പോൾ മൈലേജിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച വരുത്തില്ല.
ഈ സാങ്കേതികവിദ്യകൾ സൈലന്റ് എഞ്ചിൻ സ്റ്റാർട്ടും പ്രാപ്തമാക്കുന്നുണ്ട്. ബാറ്ററി പിന്തുണയോടെ ആക്‌സിലറേഷനും വർധിപ്പിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഐഡിൾ സാഹചര്യങ്ങളിൽ എഞ്ചിൻ യാന്ത്രികമായി ഓഫാക്കി ഇന്ധനക്ഷമത ഉയർത്തുകയും ചെയ്യും. ബ്ലോക്കിലും മറ്റും ഇത്തരത്തിൽ നിർത്തിയേണ്ടി വരുമ്പോഴാണ് എഞ്ചിൻ യാന്ത്രികമായി ഓഫാവുന്നത് എങ്കിലും പിന്നീട് ക്ലച്ച് പിടിക്കുമ്പോൾ തന്നെ എഞ്ചിൻ സ്റ്റാർട്ടാവുകയും ചെയ്യും.

റേസിംഗ് ബ്ലൂ, സിയാൻ മെറ്റാലിക് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് 2025 FZ-S Fi ഹൈബ്രിഡ് മോട്ടോർസൈക്കിൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ അടിസ്ഥാന രൂപം നിലവിലുണ്ടായിരുന്ന മോഡലുകൾക്ക് സമാനമാണെങ്കിലും ഹൈബ്രിഡ് പതിപ്പിൽ ചില അധിക പരിഷ്ക്കാരങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. ടാങ്ക് കവറിൽ ഇപ്പോൾ ഷാർപ്പ് കട്ടുകൾ കാണാം.
മറ്റൊരു പ്രധാന ഡിസൈൻ മാറ്റങ്ങമാണ് എയർ ഇൻടേക്ക് ഏരിയയിലേക്ക് ഫ്രണ്ട് ടേൺ സിഗ്നലുകളെ സംയോജിപ്പിക്കുന്നത്. ഇത് എയറോഡൈനാമിക്സും സ്പോർട്ടിനെസും വർധിപ്പിക്കാനും യമഹയെ സഹായിച്ചിട്ടുണ്ട്. റീപോസിഷൻ ചെയ്‌ത ഹാൻഡിൽബാർ, സ്വിച്ച് ഗിയർ ബട്ടണുകൾ എന്നിവ പോലുള്ള മറ്റ് സൗകര്യപ്രദമായ മാറ്റങ്ങളും യമഹ വരുത്തിയിട്ടുണ്ട്. ഫ്യുവൽ ടാങ്ക് ക്യാപ്പ് ഇപ്പോൾ ടാങ്കിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നതും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 7,250 ആർപിഎമ്മിൽ 12.4 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 13.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് യമഹ FZ ഹൈബ്രിഡിലെ 149 സിസി സിംഗിൾ സിലിണ്ടർ 2V SOHC എഞ്ചിൻ. 5 സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), മുൻവശത്ത് സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്ക് എന്നിവയാണ് ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.


Click it and Unblock the Notifications








