സേഫ്റ്റി കൂട്ടുന്ന ഈ ഫീച്ചറുള്ള ഇത്രയും ബൈക്കുകൾ ഇവിടുണ്ടായിരുന്നോ? അതും കുറഞ്ഞ വിലയ്ക്ക്
മോട്ടോർസൈക്കിളുകൾക്ക് എല്ലാക്കാലത്തും ആവശ്യക്കാരുണ്ട്. സ്‌കൂട്ടറുകളേക്കാൾ കൂടുതൽ യാത്രാ സുഖവും കാര്യങ്ങളുമെല്ലാം തരുന്ന ഇവ ദൂരയാത്രകൾക്കും കേമൻമാരാണ്. നിലവിൽ പ്രീമിയം ബൈക്കുകൾ കൂടുതൽ ജനപ്രിയരായതോടെ 150 സിസി മുതലുള്ള ചെറിയ സെഗ്മെന്റ് വാഹനങ്ങൾക്ക് അത്ര ആവശ്യക്കാരൊന്നുമില്ല. പക്ഷേ ദൈനംദിന ഉപയോഗങ്ങൾക്കും ഒന്ന് അപ്പുറത്തെ ജില്ല വരെ പോവാനുള്ള യാത്രകൾക്കായാലും ഇത്തരം ബൈക്കുകൾ ശരിക്കും പ്രായോഗികമാണ്. മൈലേജിന്റെ കാര്യത്തിലായാലും മെയിന്റനെൻസിന്റെ കാര്യത്തിലായാലും ഇവർ ബജറ്റ് ഫ്രണ്ട്ലിയാണ്. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലായാലും ഈ വിഭാഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ഒരുകാലത്ത് വിദേശ, ആഡംബര ബൈക്കുകളിൽ മാത്രം കണ്ടുവന്നിരുന്ന മിക്ക ഫീച്ചറുകളും ഇപ്പോൾ സാധാരണക്കാരന്റെ മോഡലുകളിലേക്കും വന്നെത്തിയിട്ടുണ്ട്. അത്തരത്തിലൊരു സവിശേഷതയാണ് ട്രാക്ഷൻ കൺട്രോൾ. വീലിന് അധിക ഗ്രിപ്പ് കൊടുക്കുന്ന ഈയൊരു ഫീച്ചർ 2 ലക്ഷം രൂപയിൽ താഴെ വില വരുന്ന നിരവധി മോട്ടോർസൈക്കിളിൽ ഇപ്പോൾ ലഭ്യമാണ് കേട്ടോ. ട്രാക്ഷൻ കൺട്രോൾ സംവിധാനം ലഭിക്കുന്ന കിടിലൻ ചില ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളെ ഒന്ന് പരിചയപ്പെട്ടാലോ?

യമഹ FZ സീരീസ്: ട്രാക്ഷൻ കൺട്രോൾ ഫീച്ചർ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കാണ് യമഹ FZ. 1.35 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള FZ-S FI, 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയുള്ള FZ-S FI ഹൈബ്രിഡ് എന്നിവയിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഈയൊരു സവിശേഷത നൽകുന്നത്. ഇതോടൊപ്പം കണക്റ്റഡ് സാങ്കേതികവിദ്യയും ടേൺ-ബൈ-ടേൺ നാവിഗേഷനും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്.
ബജാജ് പൾസർ N250: 1.44 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബജാജിന്റെ ഏറ്റവും പുതിയ 150 സിസി മോഡലിലും ട്രാക്ഷൻ കൺട്രോൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണ്. വിപണിയിലെ ഏറ്റവും മികച്ചതും കുറഞ്ഞ വിലയുള്ളതുമായ 250 സിസി ബൈക്ക് കൂടിയാണിത്. പൾസറിലെ 250 സിസി എഞ്ചിൻ 24 bhp കരുത്തിൽ പരമാവധി 21.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഹോണ്ട NX200: ട്രാക്ഷൻ കൺട്രോളുമായി വിപണനത്തിന് എത്തുന്ന ആഭ്യന്തര വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളാണ് ഹോണ്ട NX200. 1.51 ലക്ഷം രൂപ വില വരുന്ന ബൈക്കിന് 184.4 സിസി എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 17 bhp കരുത്തും 6,000 ആർപിഎമ്മിൽ 15.9 Nm ടോർക്കും നൽകാനാവും.
യമഹ MT-15: 1.70 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന യമഹയുടെ സ്ട്രീറ്റ് ഫൈറ്റർ നേക്കഡ് മോട്ടോർസൈക്കിളായ MT-15 മോഡലിനും ട്രാക്ഷൻ കൺട്രോൾ സംവിധാനം ലഭിക്കുന്നുണ്ട്. യൂത്തൻമാരുടെ ഇഷ്‌ട മോഡലായ ഇതിന് 155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18 bhp കരുത്തും 7,500 ആർപിഎമ്മിൽ 14.1 Nm ടോർക്കും വരെ നൽകാനാവും.

ബജാജ് പൾസർ NS400 Z: പൾസർ നിരയിലെ ഏറ്റവും കരുത്തനായ മോട്ടോർസൈക്കിളിനും ഈയൊരു ഫീച്ചർ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ 1.81 ലക്ഷം രൂപ വില വരുന്ന മോഡലിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സ്, ഒന്നിലധികം റൈഡ് മോഡുകൾ, റൈഡ്-ബൈ-വയർ എന്നീ ഉഗ്രൻ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. 373 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.
യമഹ R15 V4: യൂത്തിന്റെ ഏറ്റവും ഫേവറീറ്റ് ബൈക്കുകളിൽ ഒന്നായ യമഹ R15 V4 പതിപ്പിനും ട്രാക്ഷൻ കൺട്രോളിന്റെ സപ്പോർട്ടുണ്ട്. കണക്റ്റഡ് സാങ്കേതികവിദ്യ, ട്രാക്ക്, സ്ട്രീറ്റ് എന്നീ രണ്ട് റൈഡ് മോഡുകൾ തുടങ്ങിയ സവിശേഷതകളെല്ലാമുള്ള മോഡലിന് വെറും 1.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നത്.


Click it and Unblock the Notifications








