ബാറ്ററി ഹോണ്ടയിൽ നിന്ന്, ഫുൾ ചാർജിൽ 53 കിലോമീറ്റർ റേഞ്ചുള്ള ക്യൂട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി യമഹ
ഒരിടവേളയ്ക്ക് ശേഷം പുത്തൻ മോഡലുകളിലുടെ വിപണിയിൽ സജീവമാവുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഇന്ത്യയിൽ XSR155 പുറത്തിറക്കിക്കൊണ്ട് യുവാക്കളുടെ ഇടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബ്രാൻഡ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കുള്ള തങ്ങളുടെ വരവിനും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഓല, ഏഥർ, ടിവിഎസ്, ഹീറോ, ബജാജ് എന്നീ വമ്പൻമാർ ആധിപത്യം സ്ഥാപിച്ച വിപണിയിലേക്ക് അധികം വൈകാതെ കമ്പനിയും എത്തും. അതിനായി ec-06, എയ്റോക്‌സ് ഇവി തുടങ്ങിയ മോഡലുകളെ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു. വൈദ്യുത വാഹനങ്ങൾക്കായുള്ള വില പ്രഖ്യാപനവും ഡെലിവറിയും അടുത്ത വർഷത്തോടെ ഉണ്ടാവുമെന്നാണ് ബ്രാൻഡിൽ നിന്നും ലഭിക്കുന്ന വിവരം.
അൽപം വൈകിയാണ് ഇന്ത്യയിലെ ഇവി വിപണിയിലേക്ക് യമഹ എത്തുന്നതെങ്കിലും ജപ്പാനിലും മറ്റ് വിദേശ വിപണികളിലുമെല്ലാം ഇതിനോടകം തന്നെ ചില കിടിലൻ മോഡലുകൾ അവതരിപ്പിച്ച് തങ്ങളുടെ ശേഷി എന്താണെന്ന് കമ്പനി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജാപ്പനീസ് വിപണിക്കായി യമഹ പുത്തനൊരു മോഡലിനെ കൂടി രംഗത്തിറക്കിയിരിക്കുകയാണ്. ജോഗ് ഇ ഇലക്ട്രിക് സ്കൂട്ടർ എന്നുപേരിട്ടിരിക്കുന്ന മോഡൽ കാഴ്ച്ചയിൽ തന്നെ ഏവരുടേയും മനസിൽ കയറിപ്പറ്റുന്ന തരത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലളിതവും എന്നാൽ മനോഹരവുമായ ഡിസൈൻ ഇന്ത്യക്കാർക്ക് വരെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഡാർക്ക് ഗ്രേ മെറ്റാലിക്, ലൈറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾള മാത്രമാണ് യമഹ ജോഗ് ഇവിയിലുള്ളത്. എൽഇഡി ലൈറ്റിംഗ്, പോളിഗോണൽ ഹെഡ്‌ലാമ്പ് ഹൗസിംഗ്, വൃത്താകൃതിയിലുള്ള റിയർ-വ്യൂ മിററുകൾ, ഫ്ലാറ്റ് ബോഡി പാനലിംഗ് ഇൻ്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ടെയിൽ ലാമ്പ് എന്നിവയാണ് മോഡലിൻ്റെ രൂപത്തെ ഗംഭീരമാക്കുന്നത്.
മുൻവശത്ത് 500 മില്ലി യൂട്ടിലിറ്റി പോക്കറ്റ്, യുഎസ്ബി ടൈപ്പ്-എ ചാർജിംഗ് സോക്കറ്റ്, ബാഗുകൾക്കുള്ള വലിയ ഹുക്ക്, തരക്കേടില്ലാത്ത അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് ഇവിയിലെ മറ്റ് പ്രധാന പ്രായോഗിക സവിശേഷതകൾ. എല്ലാ പ്രധാന വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഇൻവേർട്ടഡ് എൽസിഡി സ്‌ക്രീനാണ് യമഹ ജോഗ് ഇ ഉപയോഗിക്കുന്നത്. ഇക്കോൺ, റെഡി, സ്പീഡ് എന്നിവയുടെ റൈഡ് മോഡുകളുടെ സപ്പോർട്ടും വാഹനത്തിലുണ്ട്.

കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ കാരണം പെട്രോൾ ജോഗ് സ്കൂട്ടർ നിർത്തലാക്കിയതിന് പിന്നാലെയാണ് ജനപ്രിയ മോഡലിനെ വൈദ്യുതീകരിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ടോക്കിയോ, ഒസാക്ക തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമേ യമഹ ജോഗ് ഇ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകൂ. ഈ ഭംഗിയുള്ളതും വളരെ പ്രായോഗികവുമായ ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ റഷ്‌ലൈനാണ് പങ്കുവെച്ചിരിക്കുന്നത്. അതിൻ്റെ വിശേഷങ്ങളിലേക്ക് കടന്നാലോ...
യമഹ ജോഗ് ഇ ഇലക്ട്രിക് സ്കൂട്ടറിന് പവർ നൽകുന്നത് ഹോണ്ട മൊബൈൽ പവർ പായ്ക്ക് ഇ ആയിരിക്കും. പൊതുവായ സ്പെസിഫിക്കേഷനുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഒരു റിമൂവബിൾ ബാറ്ററി പായ്ക്കാണിത്. ഹോണ്ട, സുസുക്കി, യമഹ, കവസാക്കി എന്നീ ബ്രാൻഡുകൾ തമ്മിലുള്ള കരാർ പ്രകാരമാണ് പൊതുവായിട്ടുള്ള ബാറ്ററി പായ്ക്ക് പ്ലാറ്റ്ഫോം യമഹയും ഉപയോഗിക്കുന്നത്. എന്നാൽ ഗച്ചാക്കോ എന്ന മറ്റൊരു സ്ഥാപനമായിരിക്കും ബാറ്ററി സ്വാപ്പിംഗ് സർവീസ് നൽകുന്നത്.

അതായത് ജോഗ് ഇ ഇലക്ട്രിക് സ്കൂട്ടർ മാത്രമേ യമഹ വിൽക്കുകയുള്ളൂ. ബാറ്ററി സ്വാപ്പിംഗ് സേവനത്തിനായി, ഉപഭോക്താക്കൾ ഗച്ചാക്കോയുമായി പ്രത്യേക കരാർ ഒപ്പിടേണ്ടതുണ്ടെന്ന് ചുരുക്കം. ഇവിയിൽ ഉപയോഗിക്കുന്ന ഹോണ്ട മൊബൈൽ പവർ പായ്ക്കിന് 1.5 കിലോവാട്ട് ശേഷിയാണുള്ളത്. ഒരു ഇലക്ട്രിക് വാഹനത്തിന് ഒന്നോ രണ്ടോ പവർ പായ്ക്ക് യൂണിറ്റുകൾ ഉപയോഗിക്കാം. ഇലക്ട്രിക് സ്കൂട്ടറിന് ഒരൊറ്റ സ്വാപ്പബിൾ ബാറ്ററി പായ്ക്ക് മാത്രമേയുള്ളൂ.
സിറ്റി യാത്രകൾക്ക് പര്യാപ്തമായ 53 കിലോമീറ്റർ റേഞ്ചാണ് ഈ ബാറ്ററിയിലൂടെ കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.7 kW അതായത് 2.3 bhp കരുത്തിൽ 90 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഒരു AC സിൻക്രണസ് മോട്ടോറാണ് യമഹ ജോഗ് ഇ ഉപയോഗിക്കുന്നു. വലിപ്പത്തിലേക്ക് വന്നാൽ ഇവിക്ക് മൊത്തത്തിൽ 1,795 mm നീളവും 680 mm വീതിയും 1,140 mm ഉയരവും 1,300 mm വീൽബേസും അതേസമയം 135 mm ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.
യമഹയുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറിന് 740 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് കൊടുത്തിരിക്കുന്നത്. ബാറ്ററി പായ്ക്കോട് കൂടി ജോഗ് ഇവിയുടെ മൊത്തം ഭാരം വരുന്നത് വെറും 93 കിലോഗ്രാം ആയതിനാൽ സ്ത്രീകൾക്ക് പോലും അനായാസം കൈകാര്യം ചെയ്യാനാവും. ജോഗ് ഇയിൽ 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ വീൽ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ലഭിക്കുക.
അധിക സുരക്ഷക്കായി കോമ്പി-ബ്രേക്ക് സിസ്റ്റവുമായി (CBS) സംയോജിപ്പിച്ചിരിക്കുന്നതും കാണാം. സ്കൂട്ടറിൻ്റെ സസ്പെൻഷനായി ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകളുമുണ്ട്. ഒതുക്കമുള്ള രൂപവും ചെറിയ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലുള്ള റേഞ്ച് ക്രമീകരണവും കാരണം ജോഗ് ഇവിയെ ഇന്ത്യയിലും വേണമെങ്കിൽ കമ്പനിക്ക് അവതരിപ്പിക്കാം. എന്നാൽ ഫിക്‌സഡ് ബാറ്ററി പായ്ക്ക് ആയിരിക്കും നമ്മുടെ നാട്ടിൽ അനുയോജ്യമാവുക.


Click it and Unblock the Notifications








