ഇഷ്‌ടം പോയി ഇപ്പോൾ നഷ്‌ടം മാത്രം, യമഹയുടെ കുട്ടി സൂപ്പർബൈക്കിൻ്റെ വിൽപ്പന കുറഞ്ഞത് അറിഞ്ഞോ
സൂപ്പർബൈക്ക് വാങ്ങാൻ സ്വപ്‌നം കണ്ടിരുന്നവരുടെ മുന്നിൽ ദൈവത്തെ പോലെ അവതരിച്ച മോട്ടോർസൈക്കിളായിരുന്നു യമഹ R15 (Yamaha R15). ബേബി സൂപ്പർബൈക്ക് എന്ന പരിവേഷമുള്ള മോഡൽ കാലങ്ങളായി ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. നിലവിൽ നാലാംതലമുറ ആവർത്തനത്തിലുള്ള R15 കുറഞ്ഞ വില, ഉഗ്രൻ പെർഫോമൻസ്, കിടിലൻ മൈലേജ്, ഒടുക്കത്തെ റിഫൈൻമെൻ്റ് എന്നിവയെല്ലാം ഒന്നിച്ച് നൽകുന്ന അപൂർവം മോഡലുകളിൽ ഒന്നാണ്. അടിക്കടി എൻട്രി ലെവൽ സ്പോർട്സ് ബൈക്കിലേക്ക് എന്തെങ്കിലും നവീകരണങ്ങൾ കൊണ്ടുവരാനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ആയതിനാൽ ഇക്കഴിഞ്ഞ ഉത്സവ സീസണിൽ നല്ല രീതിയിൽ വിറ്റഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായിരുന്നു യമഹ R15. എന്നാൽ മോഡലിൻ്റെ വിൽപ്പനയിൽ വമ്പൻ ഇടിവാണ് പോയമാസം ഉണ്ടായത്. അതായത് 2025 ഒക്ടോബർ മാസത്തിൽ 7,949 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേസമയം നിരത്തിലെത്തിച്ച 11,449 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 30.57 ശതമാനത്തിൻ്റെ ഇടിവ് R15-ൻ്റെ വിൽപ്പനയിൽ നേരിട്ടു.

യമഹയെ സംബന്ധിച്ച് ഈ കണക്കുകൾ ആശങ്കപ്പെടുകത്തുന്നതാണെങ്കിലും ഇതൊരു താത്ക്കാലിക ട്രെൻഡ് ആയിരിക്കാമെന്നും അതിന് ശേഷം വിൽപ്പന പഴയപടിയാവുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. R15 M, R15 V4, R15 S എന്നിങ്ങനെ പല വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന യമഹയുടെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് നിലവിൽ 1.70 ലക്ഷം മുതൽ 1.95 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
അടുത്തിടെ 350 സിസിയിൽ താഴെ എഞ്ചിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ ബൈക്കിൻ്റെ വിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു. വർഷങ്ങളായി ഇന്ത്യയിലെ വിജയകരമായ എൻട്രി ലെവൽ സൂപ്പർസ്‌പോർട്ടുകളിൽ ഒന്നായ R15 ഇതിനകം 10 ലക്ഷം യൂണിറ്റുകളിലധികം വിറ്റഴിച്ചിട്ടുണ്ട്. യമഹയുടെ R-സീരീസിൽ നിന്ന് കടമെടുത്ത സ്റ്റൈലിംഗോ അതിനെ പിന്തുണയ്ക്കുന്ന ഹാർഡ്‌വെയറോ അല്ല ബൈക്കിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പകരം അന്യായ പെർഫോമൻസ് തരുന്ന 155 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് R15 സ്പോർട്സ് മോട്ടോർസൈക്കിളിലേക്ക് ആളുകളെ കൂടുതലായും അടുപ്പിക്കുന്നത്. 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.3 bhp പവറും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ആർപിഎം ശ്രേണിയിലുടനീളം പവർ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിന് യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനവും ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള ഡൈനാമിക് കഴിവുകൾക്കായി ബ്രാൻഡിൻ്റെ ഡെൽറ്റബോക്സ് ഫ്രെയിമും ഡയസിൽ സിലിണ്ടറും R15 സീരീസിൻ്റെ പ്രത്യേകതയായി പറയാവുന്നതാണ്. അപ്‌സൈഡ്-ഡൌൺ ഫോർക്കുകൾ, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്‌പെൻഷൻ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, തിരഞ്ഞെടുത്ത വേരിയന്റുകളിൽ ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും യമഹയുടെ ബേബി സൂപ്പർബൈക്കിലുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും ആള് പുലിയാണെന്ന് വേണം പറയാൻ. സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് യമഹ സമ്മാനിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിസ് സിസ്റ്റത്തിൻ്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഫുള്ളി ഫെയറിംഗ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്പ്ലിറ്റ് സീറ്റ്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് R15 ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.
ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ട്രാക്ക്, സ്ട്രീറ്റ് മോഡ് എന്നിവയും R15-ൽ കൊടുത്തിട്ടുണ്ട്. എന്തായാലും വിൽപ്പനയിൽ വലിയ ഇടിവ് സംഭവിച്ചത് കാര്യമായി തന്നെ യമഹ മുഖവിലയ്ക്ക് എടുക്കുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ എന്തെങ്കിലും ചെറിയ മാറ്റങ്ങളോടെ ബൈക്കിനെ പുതുക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ശ്രമിക്കുമെന്നാണ് അനുമാനം. ഇന്ത്യയിൽ കെടിഎം ഡ്യുക്ക് 200, സുസുക്കി ജിക്‌സർ 250 SF എന്നിവയാണ് യമഹ R15 മോഡലിൻ്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








