എൻഫീൽഡിന്റെ വേട്ടക്കാരനെ പൂട്ടാൻ കുറഞ്ഞ വിലയിൽ യമഹയുടെ പുത്തൻ ബൈക്ക് വരുന്നു, XSR 155
ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡും ഹോണ്ടയും ജാവയുമെല്ലാം അരങ്ങ് തകർക്കുമ്പോൾ എല്ലാം ഗ്യാലറിയിൽ ഇരുന്ന് കാണുന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. പണ്ട് RX100 പോലുള്ള തട്ടുപൊളിപ്പൻ ബൈക്കുകളിലൂടെ രാജ്യംവെട്ടിപ്പിടിച്ച കമ്പനി ഇപ്പോൾ ചെറുപ്പക്കാരെ മാത്രം ഉന്നംവെച്ച് പറന്നുയരുന്ന ബ്രാൻഡായി മാറിയിട്ടുണ്ട്. R15, MT-15, FZ പോലുള്ള മിടുക്കൻ മോഡലുകളാണ് കമ്പനിയുടെ പ്രധാന ആയുധങ്ങൾ. എന്നാൽ അധികം വൈകാതെ യമഹ പുത്തൊരു അസ്ത്രത്തെ ആവനാഴിയിലേക്ക് കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ്.
അതും റോയൽ എൻഫീൽഡ് ഹണ്ടർ, ടിവിഎസ് റോണിൻ പോലുള്ള നിയോ റെട്രോ മോഡലുകളുടെ വിഭാഗത്തിലേക്കാണ് കമ്പനി പുതുബൈക്കിനെ കൊണ്ടുവരാൻ പോവുന്നത്. ഏറെ നാളായി ഇന്ത്യക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന XSR 155 എന്ന മിടുക്കനാണ് യമഹ ഇന്ത്യയുടെ നിരയിലേക്ക് എത്താനിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ പുതിയൊരു ഇരുചക്ര വാഹനം പുറത്തിറക്കാൻ യമഹ ഒരുങ്ങുകയാണെന്ന വാർത്ത ഇതിനോടകം തന്നെ ഏവരും അറിഞ്ഞിട്ടുണ്ടാവും.

പുതിയ ഉൽപ്പന്ന ലോഞ്ചിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും യമഹ ഏത് വണ്ടിയാവും കൊണ്ടുവരികയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്ന XSR 155 അല്ലെങ്കിൽ ഒരു പുതിയ സ്കൂട്ടർ ആകാം. എന്നിരുന്നാലും അടുത്തിടെ XSR പല തവണ നിരത്തുകളിൽ പരീക്ഷണയോട്ടത്തിനിറങ്ങിയിരുന്നു എന്നതിനാൽ ഈ നിയോ റെട്രോ മോട്ടോർസൈക്കിൾ തന്നെയാവാമെന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും നവംബർ 11-ന് പുതിയ മോഡലിനെ രാജ്യത്തിനായി സമർപ്പിക്കും. ശരിക്കും പറഞ്ഞാൽ ഇനി അറിഞ്ഞ് പണിയെടുത്തില്ലേൽ യമഹയുടെ ഭാവി വെള്ളത്തിലാവുമെന്ന കാര്യം ഉറപ്പാണ്. XSR എത്തുകയാണെങ്കിൽ യുവാക്കളെല്ലാം വണ്ടി വാങ്ങാൻ ക്യൂ നിൽക്കുമെന്ന് തന്നെയാണ് അനുമാനം. ആരേയും മോഹിപ്പിക്കുന്ന തരത്തിലുള്ള ലുക്കാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്.

XSR 155-ൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഫ്രണ്ട് അപ്സൈഡ് ഡൌണ (USD) ഫോർക്കുകൾ, ടിയർ-ഡ്രോപ്പ് ഡിസൈനുള്ള ഫ്യുവൽ ടാങ്ക്, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഫ്ലാറ്റ് ബെഞ്ച്-ടൈപ്പ് സിംഗിൾ പീസ് സീറ്റ്, സ്ലിം റിയർ സെക്ഷൻ എന്നിവയെല്ലാം യമഹയുടെ നിയോ റെട്രോ റോഡ്സ്റ്ററിനെ അഴകുറ്റതാക്കുന്നുണ്ട്. മറ്റ് മെക്കാനിക്കുകളുടെ കാര്യത്തിൽ, 17 ഇഞ്ച് വീലുകൾ, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, റിയർ മോണോ-ഷോക്ക് എന്നിവയെല്ലാമാവും ഇടംപിടിക്കുക.
R15 V4 സ്പോർട്സ് ബൈക്കിന്റെ അതേ പ്ലാറ്റ്‌ഫോം പങ്കിടുന്ന XSR 155 അതേ എഞ്ചിനും കടമെടുത്തിട്ടുണ്ട്. പരിചിതമായ 155 സിസിസിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ ചെറിയ രീതിയിൽ റീട്യൂണിംഗിനും വിധേയമായിട്ടുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp കരുത്തിൽ പരമാവധി 14 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്.

യമഹയുടെ വരാനിരിക്കുന്ന നിയോ-റെട്രോ റോസ്റ്ററിനെ അതിന്റെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അപ്-റൈറ്റായിട്ടുള്ള റൈഡിംഗ് പോസ്ച്ചറാണ്. ആയതിനാൽ എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാതെ ഓടിക്കാനും സാധിക്കും. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ, ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് താങ്ങാനാവുന്ന വിലയിൽ XSR 155 അവതരിപ്പിക്കാനുമാവും.
ഇനി ഇതിന് പകരം സ്കൂട്ടർ മോഡസാണ് അവതരിപ്പിക്കാൻ തീരുമാനിക്കുന്നതെങ്കിൽ അത് ഈ വർഷം ആദ്യം നടന്ന 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എൻമാക്‌സ് 155 ആയിരിക്കും. ഹീറോ സൂം 160, ടിവിഎസ് എൻടോർക്ക് 150 എന്നിവയുടെ ലോഞ്ചോടെ മാക്സി-സ്കൂട്ടർ സെഗ്‌മെന്റ് ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനും കമ്പനിക്ക് താത്പര്യമുണ്ടായേക്കാം. എന്തായാലും നവംബർ 11-ന് സർപ്രൈസും കാത്തിരിപ്പും അവസാനിക്കും.


Click it and Unblock the Notifications








