എൻഫീൽഡിൻ്റെ വേട്ടക്കാരനെ ഒതുക്കാൻ വന്ന XSR155, നിയോ-റെട്രോ ബൈക്കുകളിൽ കിടിലൻ ഏതാണെന്ന് പറഞ്ഞുതരാം
ഇന്ത്യയിലെ നിയോ-റെട്രോ മോട്ടോർസൈക്കിൾ രംഗത്തേക്ക് യമഹ XSR155 കൂടി കടന്നുവന്നതോടെ സെഗ്മെൻ്റിലെ മത്സരം ഒന്നുകൂടി കനക്കുകയാണ്. ഇതുവരെ ടിവിഎസ് റോണിനും റോയൽ എൻഫീൽഡ് ഹണ്ടറും തമ്മിലുള്ള പേർവിളിയായിരുന്നു കാണാനായിരുന്നതെങ്കിലും ഇനിയങ്ങോട്ട് വാങ്ങാനെത്തുവർ കൺഫ്യൂഷനടിച്ച് പണ്ടാറമടങ്ങുമെന്ന് ഉറപ്പാണ്. എഞ്ചിൻ കപ്പാസിറ്റി വെച്ചൊരു താരതമ്യം ഇല്ലെങ്കിലും വില നിലവാരമാണ് ഇവിടെ വലിയ ചർച്ച. 2 ലക്ഷം രൂപയിൽ താഴെ വിലയിൽ ഈ മൂന്ന് മോഡലുകളും ലഭിക്കുമെന്നതാണ് ഹൈലൈറ്റ്. ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹയിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈക്കാണ് XSR.
അതിനാൽ കാത്തിരുന്ന് ലഭിച്ച ബൈക്കിന് വൻ വരവേൽപ്പ് തന്നെ ലഭിച്ചിട്ടുണ്ട്. എന്നാൽ ചൂടപ്പം പോലെ വിറ്റഴിയുന്ന റോയൽ എൻഫീൽഡ് ഹണ്ടറിൻ്റെ ആധിപത്യം തകർക്കാൻ യമഹ XSR155-ന് സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്റ്റൈലിംഗിലും വിലയിലും രണ്ട് ബൈക്കുകളും പരസ്പരം മത്സരിക്കുമ്പോൾ ഇവരിൽ ആരാണ് കേമൻ എന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവുമല്ലോ. കടലാസിൽ ഇരുവരിൽ ആര് മിടുക്കനെന്ന് ഒന്ന് താരതമ്യം ചെയ്‌ത് നോക്കിയാലോ?

ഡിസൈൻ: രൂപത്തിൽ നിന്നും തന്നെ ആദ്യം തുടങ്ങാം അല്ലേ. രണ്ട് ബൈക്കുകളും മോഡേൺ-റെട്രോ ശൈലിയിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. എങ്കിലും ഹണ്ടറിനും XSR155 മോഡലിനും അവരവരുടേതായ രീതിയിൽ വേറിട്ടുനിൽക്കുന്നുണ്ട്. മറ്റ് എല്ലാ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെയും പോലെ ഹെഡ്‌ലാമ്പ്, ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ടെയിൽ ലാമ്പ് എന്നിവയുൾപ്പെടെ എല്ലാ വശങ്ങളിലും ഹണ്ടർ 350 ഒരു ഓൾഡ് സ്‌കൂൾ ശൈലിയാണ് പിന്തുടരുന്നത്.
അതേസമയം യമഹയുടെ XSR 155 കൂടുതൽ ഒതുക്കമുള്ളതും മിനിമലിസ്റ്റിക് ബോഡി പാനലുകളുമുള്ള മോഡേൺ സ്റ്റൈലാണ് പിന്തുടരുന്നത്. റിബഡ്-പാറ്റേൺ സീറ്റിനൊപ്പം അൽപ്പം സ്‌ക്രാംബ്ലർ സ്റ്റൈലും ആവാഹിക്കാൻ മോഡലിനായിട്ടുണ്ട്. ഹണ്ടർ 350 ഏഴ് വ്യത്യസ്‌ത നിറങ്ങളിലാണ് വിപണിയിൽ എത്തുന്നതെങ്കിൽ മറുവശത്ത് XSR വെറും നാല് കളർ ഓപ്ഷനുകൾ മാത്രമാണ് അവതരിപ്പിക്കുന്നത്. ഒപ്പം ഏവരും കാത്തിരുന്ന ബ്ലാക്കും യമഹയുടെ റെട്രോ ബൈക്കിനൊപ്പം എത്തിയിട്ടില്ല.

ഫീച്ചറുകൾ: SMS, കോൾ നോട്ടിഫിക്കേഷനുകൾ, നാവിഗേഷൻ എന്നിവയ്ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ കൺസോൾ അവതരിപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ വിന്നർ യമഹ തന്നെയാണെന്ന് പറയാം. എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബൈക്കിൽ ലഭിക്കുന്നുണ്ട്. ഇൻസ്ട്രുമെന്റേഷൻ സജ്ജീകരണം ഒരു സെമി-ഡിജിറ്റൽ യൂണിറ്റായതിനാൽ ഹണ്ടർ 350-യിൽ ട്രാക്ഷൻ കൺട്രോൾ, സ്മാർട്ട്ഫോൺ നോട്ടിഫിക്കേഷനുകൾ നൽകാനുള്ള സൗകര്യമില്ല.
എഞ്ചിൻ: 349.34 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ലോംഗ്-സ്ട്രോക്ക് എഞ്ചിൻ ആണ് റോയൽ എൻഫീൽഡ് ഹണ്ടറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം യമഹ XSR വളരെ ചെറിയ 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഹണ്ടറിനെ അപേക്ഷഇച്ച് ഇത് കുറഞ്ഞ പവറും ടോർക്കുമാണ് നൽകുന്നതും. എങ്കിലും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp പവറിൽ പരമാവധി 14.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസിൻ്റെ കാര്യത്തിൽ ഹണ്ടർ കൂടുതൽ മികച്ച ഓപ്ഷനാണെന്ന് പറയാം. എന്നാൽ XSR-ന് ഭാരം വളരെ കുറവായതിനാൽ യഥാർഥ സാഹചര്യങ്ങളിൽ മികവ് പുലർത്തിയേക്കാം. വെറും 137 കിലോഗ്രാം ഭാരമുള്ള ഇതിന് ഹണ്ടറിനേക്കാൾ 44 കിലോഗ്രാം ഭാരം കുറവാണ്.
വില: റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ എക്സ്ഷോറൂം വില 1.37 ലക്ഷം രൂപ മുതൽ 1.67 ലക്ഷം രൂപ വരെയാണ് വരുന്നത്. XSR 155 ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂവെന്നതിനാൽ കേരളത്തിൽ ഏകദേശം 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഓൺ-റോഡിലെത്തുമ്പോൾ ഹണ്ടർ ടോപ്പ് വേരിയൻ്റിന് ഏകദേശം 1.97 ലക്ഷവും യമഹയുടെ നിയോ റെട്രോ മോട്ടോർസൈക്കിളിന് ഏകദേശം 1.93 ലക്ഷം രൂപയും വരുമെന്നാണ് കണക്കുകൾ.


Click it and Unblock the Notifications








