സാംസങ് S24 വാങ്ങുന്ന വിലയില്ല, 58,000 രൂപയ്ക്ക് 130 KM റേഞ്ച് തരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകരായി വളർന്നുവരികയാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ (Electric Scooter). പരമ്പരാഗത ഇന്ധനത്തിലോടുന്ന പെട്രോൾ ഇരുചക്ര വാഹന നിർമാതാക്കളേക്കാൾ ലാഭകരമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവയെന്ന് ഇന്ത്യക്കാർ മനസിലാക്കി കഴിഞ്ഞുവെന്ന് പറയാം. സൈലന്റായി പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് നിരത്തിലൂടെ നിശബ്‌ദനായി ഓടുന്ന ഇവികൾ കാഴ്ച്ചക്കും രസകരമാണ്. കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തപ്പിനടക്കുന്നവർക്ക് നിരവധി ഓപ്ഷനുകളും ഇന്ന് സുലഭമാണ്. സീലിയോ (Zelio) പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഈ സെഗ്മെന്റിൽ ഇപ്പോൾ കൂടുതൽ പണംവാരുന്നത്. നിരവധി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള ബ്രാൻഡ് അടുത്തിടെയായി പരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്.
അത്തരക്കാരെ വീണ്ടും ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി ഇപ്പോഴിതാ മെയ്ക്ക് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ സീലിയോ ഇ മൊബിലിറ്റി ഗ്രേസി പ്ലസ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ആറ് വ്യത്യസ്‌ത ബാറ്ററി വേരിയന്റുകളിൽ പുറത്തിറക്കിയിരിക്കുന്ന ഇവിക്ക് 58,000 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ആധുനിക നഗര യാത്രയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഗ്രേസി പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മെച്ചപ്പെട്ട പെർഫോമൻസ്, മെച്ചപ്പെട്ട റൈഡിംഗ് കംഫർട്ട് എന്നിവ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഗിഗ് തൊഴിലാളികൾക്കും അനുയോജ്യമായ അവശ്യ സവിശേഷതകളും കോർത്തിണക്കിയാണ് വിപണനത്തിന് എത്തുന്നത്.
വൈവിധ്യമാർന്ന നഗര യാത്രാ മുൻഗണനകൾ നിറവേറ്റുന്നതിനായി പുതിയ ഗ്രേസി പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ 6 ബാറ്ററി വകഭേദങ്ങളിൽ ലഭ്യമാണ്. അതിൽ ലിഥിയം അയൺ ബാറ്ററി വേരിയന്റ്, ജെൽ ബാറ്ററി വേരിയന്റുകൾ എന്നിങ്ങനെ രണ്ട് തരത്തിൽ തരംതിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ ജെൽ ബാറ്ററി മോഡലായ 60V/32AH പതിപ്പിന് 54,000 രൂപയാണ് വില വരുന്നത്. ഇതിന് സിംഗിൾ ചാർജിൽ 80 കി.മീ റേഞ്ച് ലഭിക്കും.
അതേസമയം സീലിയോ ഗ്രേസി പ്ലസ് 60V/42AH വേരിയന്റാണെങ്കിൽ 58,000 രൂപ എക്സ്ഷോറൂം വിലയാണ് വരുന്നത്. അതേസമയം ഇതിന് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുമെന്നും കമ്പനി പറയുന്നു. പൂർണ ചാർജിൽ 100 കിലോമീറ്റർ ലഭിക്കുന്ന 72V/32AH വേരിയന്റും ഇവിയുടെ നിരയിലുണ്ട്. ഇതിന് 56,500 രൂപയാണ് വില വരുന്നത്. ജെൽ ബാറ്ററി മോഡലിലെ 72V/42AH പതിപ്പിന് 61,000 രൂപയോളം വില വരും. അതേസമയം റേഞ്ച് 130 കിലോമീറ്ററാണ്.
സീലിയോ ഗ്രേസി പ്ലസിന്റെ ലിഥിയം-അയൺ ബാറ്ററി പായ്ക്കുള്ള 60V/30AH പതിപ്പിന് 65,000 രൂപയാണ് വില വരിക. ഇത് സിംഗിൾ ചാർജിൽ പരമാവധി 110 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നു. അവസാനത്തേത് 69,500 രൂപ എക്സ്ഷോറൂം വില വരുന്ന 74V/32AH വേരിയന്റാണ്. ഇത് 130 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നും കമ്പനി പറയുന്നു. ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ നഗര യാത്രയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്.
ഫുൾ ചാർജിൽ 1.8 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഹൈ പെർഫോമൻസ് 60/72V BLDC മോട്ടോറാണ് പുതിയ ഗ്രേസി പ്ലസിന് കരുത്ത് പകരുന്നത്. ഇപ്പോൾ 180 mm ഗ്രൗണ്ട് ക്ലിയറൻസും 88 കിലോഗ്രാം മൊത്തം ഭാരവും 150 കിലോഗ്രാം പേലോഡ് ശേഷിയുമാണ് പുതുക്കിയ ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിൽ സീലിയോ വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ബാറ്ററി തരം അനുസരിച്ച് ചാർജിംഗ് സമയം വ്യത്യാസപ്പെടും.
ലിഥിയം-അയൺ വകഭേദങ്ങൾ 4 മണിക്കൂറിനുള്ളിൽ പൂർണ ചാർജ് കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ജെൽ ബാറ്ററി മോഡലുകൾ 8-12 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യുന്നുമെന്നാണ് പത്രക്കുറിപ്പിലൂടെ സീലിയോ അറിയിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡിസ്പ്ലേ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറം, പാർക്കിംഗ് ഗിയർ, യുഎസ്ബി ചാർജിംഗ് പോർട്ട്, ഒരു പാസഞ്ചർ ഫൂട്ട്‌റെസ്റ്റ് എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ഫീച്ചറുകളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈറ്റ്, ഗ്രേ, ബ്ലാക്ക്, ബ്ലൂ എന്നീ കിടിലൻ കളർ ഓപ്ഷനുകളിലും സീലിയോയുടെ പുതിയ ഗ്രേസി പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിൽ അവതരിപ്പിച്ചിട്ടുണ്ട്. വാഹനത്തിന് 2 വർഷത്തെ വാറണ്ടി, ലിഥിയം-അയൺ ബാറ്ററി വകഭേദങ്ങൾക്ക് 3 വർഷത്തെ വാറണ്ടി, ജെൽ ബാറ്ററി വകഭേദങ്ങൾക്ക് 1 വർഷത്തെ വാറണ്ടി എന്നിവയും സ്റ്റാർട്ടപ്പ് ബ്രാൻഡ് നൽകുന്നതിനാൽ കൂടുതൽ ആശങ്കകളൊന്നുമില്ലാതെ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








