സാംസങ് S24 സീരീസിന്റെ വില പോലുമില്ല, വെറും 54,000 രൂപയ്ക്ക് 140 KM റേഞ്ചുള്ള പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ
പെട്രോൾ ഇരുചക്ര വാഹനങ്ങൾക്കെല്ലാം സെപ്റ്റബർ 22 മുതൽ വിലകുറയുന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയാവാൻ പോവുന്നത് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. ആളുകൾ പതിയെ ഇവികളെ സ്നേഹിച്ച് തുടങ്ങിയപ്പോഴേക്കും കേന്ദ്ര സർക്കാരിൽ നിന്നും ഇത്തരമൊരു പ്രഖ്യാപനം ഇവി നിർമാതാക്കൾ പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. എന്തായാലും വില കുറയാൻ പോവുകയാണെങ്കിലും പെട്രോൾ വില ഇന്നും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ടൂവീലറുകളുടെ പ്രാധാന്യം അങ്ങനെയൊന്നും കുറയാൻ പോവുന്നില്ലെന്ന് വേണം മനസിലാക്കാൻ. ഒരു ലിറ്റർ പെട്രോളിന് 107 രൂപ കൊടുത്ത് ഓടിക്കുന്നതിലും എന്തൊരു എളുപ്പമാണെന്നോ ചുമ്മാ കറണ്ടി കുത്തിയിട്ട് ഓടിക്കാൻ.
പോക്കറ്റ് കാലിയാവില്ലെന്നതാണ് പ്രധാന ഗുണം. സൈലന്റായി പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് നിരത്തിലൂടെ നിശബ്‌ദനായി ഓടുന്ന ഇവികൾ കാഴ്ച്ചക്കും രസകരമാണ്. പക്ഷേ ഭൂരിഭാഗം ആളുകൾക്കും ഇവികൾക്കായി ലക്ഷങ്ങൾ മുടക്കാനൊന്നും താത്പുമര്യമില്ലെന്നതും മറ്റൊരു സത്യമാണ്. എന്നാൽ ഇത്തരക്കാർക്ക് വരെ ഇഷ്ടം പോലെ ചോയ്സ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലുണ്ട്.

സീലിയോ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ സജീവമായതോടെ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങുന്ന പണമുണ്ടേൽ ഇലക്ട്രിക് സ്കൂട്ടർ മുതലാളിയാവാനാകും. സീലിയോ ഇ മൊബിലിറ്റി തങ്ങളുടെ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ ഗ്രേസിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയാണ് വീണ്ടും വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. മെച്ചപ്പെട്ട പെർഫോമൻസ്, മികച്ച സുഖസൗകര്യങ്ങൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ഗിഗ് തൊഴിലാളികൾ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് പുതുക്കിയ മോഡൽ എന്ന് കമ്പനി പറയുന്നു.
വ്യത്യസ്തമായ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് വ്യത്യസ്ത ബാറ്ററി കോൺഫിഗറേഷനുകളിലാണ് സീലിയോ ഗ്രേസി ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുന്നത്. ഒപ്പം ലിഥിയം അയൺ ബാറ്ററി, ജെൽ ബാറ്ററി സെറ്റപ്പുകളും ഇലക്ട്രിക് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി. ഇതിൽ ലിഥിയം അയൺ ബാറ്ററിയുമായി വരുന്ന 60V/30Ah മോഡലിന് 66,000 രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ഇതിന് പൂർണ ചാർജിൽ 90-100 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്ന് സീലിയോ പറയുന്നു.

ജെൽ ബാറ്ററിയുമായി വരുന്ന സീലിയോ ഗ്രേസി ഫെയ്‌സ്‌ലിഫ്റ്റിന്റെ 60V/32Ah പതിപ്പാണ് വേണ്ടതെങ്കിൽ വെറും 54,000 രൂപ മുടക്കിയാൽ മതിയാവും. ഫുൾ ചാർജിൽ ഈ വേരിയന്റിന് 80-90 കിലോമീറ്റർ റേഞ്ചും നൽകാനാവും. അതേസമയം 72V/42Ah വേരിയന്റിന് 58,500 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സിംഗിൾ ചാർജിൽ മോഡലിന് 130-140 കിലോമീറ്റർ റേഞ്ച് നൽകാനാവുന്നതാണ്.
പ്രായോഗികത വർധിപ്പിക്കുന്നതിനായി സ്കൂട്ടറിൽ ഡിജിറ്റൽ മീറ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട്, പാസഞ്ചർ ഫുട്‌റെസ്റ്റ് എന്നിവ പോലുള്ള പ്രാക്ടിക്കൽ ഫീച്ചറകളും സീലിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റ്, ബ്ലാക്ക്, വൈറ്റ്-ബ്ലാക്ക്, യെല്ലോ-ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ 5 തകർപ്പൻ കളർ കോമ്പിനേഷനുകളിൽ പുതിയ ഗ്രേസി സ്വന്തമാക്കാനാവും.
ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ സിറ്റി യാത്രകൾ നൽകുന്നതിനായി പണിതിറക്കിയിരിക്കുന്ന പുതിയ ഗ്രേസി ഫെയ്‌സ്‌ലിഫ്റ്റ് ഇലക്ട്രിക് സ്കൂട്ടറിന് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും ഫുൾ ചാർജിൽ പരമാവധി 140 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചും നൽകാനാവുമെന്ന് സീലിയോ ഇ മൊബിലിറ്റി പറയുന്നത് വെറുതെയല്ല. പൂർണ ചാർജിൽ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ശക്തമായ 60/72V BLDC മോട്ടോറാണ് ഇതിന്റെ ഹൃദയം.
ഇന്ത്യയിലെ നഗര റോഡുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സ്കൂട്ടറിന് 180 mm ഗ്രൗണ്ട് ക്ലിയറൻസും, 85 കിലോഗ്രാം ഭാരവും, 150 കിലോഗ്രാം പേലോഡ് ശേഷിയും ഉണ്ടെന്നും സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ചാർജിംഗ് സൗകര്യപ്രദമാണെന്നതും സീലിയോ ഉറപ്പ് വരുത്തിയിട്ടുണ്ട്. ബാറ്ററി തരം അനുസരിച്ച് ചാർജിംഗ് സമയം വ്യത്യാസപ്പെടും. ലിഥിയം-അയൺ വേരിയന്റുകൾക്ക് 4 മണിക്കൂറും ജെൽ ബാറ്ററി മോഡലുകൾക്ക് 8 മണിക്കൂറുമാണ് ഫുൾ ചാർജാവാൻ ആവശ്യമായി വരുന്നത്.
സുരക്ഷയ്ക്കും യാത്രാ നിലവാരത്തിനും വേണ്ടി സീലിയോ ഗ്രേസി ഫെയ്‌സ്‌ലിഫ്റ്റിൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇരുവശത്തും 90-90/12 ടയറുകളും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുടെ പിന്തുണയും ഉണ്ടെന്നതിനാൽ റൈഡിംഗ് അടിപൊളിയായിരിക്കും. ഈ സവിശേഷതകൾ ഒന്നിച്ചെത്തുന്നതിനാൽ വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ പോലും സ്ഥിരത, സുരക്ഷ, സുഖം എന്നിവ ഇവി ഉറപ്പാക്കും.


Click it and Unblock the Notifications








