ഓല അവിടിരിക്കട്ടെ, 3.50 ലക്ഷം കി.മീ വാറണ്ടിയുള്ള ഇലക്‌ട്രിക് ബൈക്കുമായി ഇന്ത്യൻ കമ്പനി; വില 64,000 രൂപ മുതൽ
ഇന്ത്യയിലെ ഇലക്‌ട്രിക് മോട്ടോസൈക്കിൾ (Electric Motorcycle) സെഗ്മെന്റ് പുതുമോഡലുകളാൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. സ്‌കൂട്ടറുകളേക്കാൾ യാത്രാ സുഖവും റേഞ്ചുമെല്ലാമായി നിരവധി ഇവികളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ആള് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സെനോയാണ് (Zeno) വിപണിയിലെ പുതിയ പടയാളിയെ കളത്തിലിറക്കിയിരിക്കുന്നത്. താങ്ങാനാവുന്ന വില, കിടിലൻ റേഞ്ച്, സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എന്നിവയോടെയാണ് എമറ (Emara) എന്നുപേരിട്ടിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ വരുന്നത് എന്നതിനാൽ സംഗതി കളറാവുന്നുണ്ട്. ഈ വർഷം അവസാനത്തോടെ വൈദ്യുത ബൈക്കിനായുള്ള വിൽപ്പന കമ്പനി ആരംഭിക്കും.
2025 അവസാനത്തോടെ നിരത്തുകളിൽ എത്താൻ പോകുന്ന സെനോ എമറ ആദ്യം വാങ്ങുന്ന 5,000 ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപയിൽ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാനാവും. അതിനുശേഷം എക്സ്ഷോറൂം വില 1.19 ലക്ഷം രൂപയായി ഉയരും. ബാറ്ററി-ആസ്-എ-സർവീസ് (BaaS) സംവിധാനത്തിലും ഇവി വീട്ടിലെത്തിക്കാം. അതിനനുസരിച്ച് മോട്ടോർസൈക്കിളിന്റെ വില 64,000 രൂപയായി കുറയും. ഇതിനായുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ 1,500 രൂപ മുതലാണ് ആരംഭിക്കുന്നത്.

സെനോ എമറ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്കായി പ്രീ-ഓർഡറുകളും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ 999 രൂപ ടോക്കൺ തുകയടച്ച് ഇവി ബുക്ക് ചെയ്യാം. എമറ നിർമിക്കുന്ന സെനോയുടെ ഡൽഹി-എൻസിആർ സൗകര്യത്തിന് പ്രതിമാസം 1,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്. വർഷാവസാനത്തോടെ ബെംഗളൂരുവിൽ ഡെലിവറികൾ ആരംഭിക്കും.
2026 മുതൽ ഡൽഹി, മുംബൈ, ടയർ-II, ടയർ-III വിപണികളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് പദ്ധതിയിടുന്നത്. ഉപയോഗത്തിന് മുൻഗണന നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു കരുത്തുറ്റ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് എമറ. അഡ്വഞ്ചർ മോട്ടോർസൈക്കിളിലേത് പോലെ ഉയർന്ന് നിൽക്കുന്ന ഫ്രണ്ട് മഡ്-ഗാർഡാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റിന്റെ ശൈലിയും അടിപൊളിയാണ്.

6.3 ഇഞ്ച് ഡിജിറ്റൽ ഡാഷ്‌ബോർഡും, പരമ്പരാഗത ബൈക്കുകളിൽ കാണുന്ന ഫ്യുവൽ ടാങ്കിന്റെ അവിടം മുതൽ ടെയിൽ സെക്ഷൻ വരെ നീളുന്ന സൂപ്പർ-ലോംഗ് സീറ്റും ബൈക്കിന്റെ സവിശേഷതയാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് സെനോ എമറയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്കുകളുമാണ് ഇവിക്കുള്ളത്.
കൂടാതെ 190 മില്ലീമീറ്റർ വലിപ്പമുള്ള ഗ്രൗണ്ട് ക്ലിയറൻസും കൂടിയാവുമ്പോൾ ഇലക്ട്രിക് ബൈക്കിന്റെ പ്രായോഗികത വർധിക്കുന്നുമുണ്ട്. എമറയുടെ കെർബ് വെയ്റ്റ് 160 കിലോഗ്രാം ആണ്. 100 ലിറ്റർ റിയർ സ്റ്റോറേജ് ബോക്സും 30 ലിറ്റർ ലഗേജ് പാനിയറുകളും ഉൾപ്പെടെ നിരവധി ആക്‌സസറികൾ സെനോ വാഗ്ദാനം ചെയ്യുന്നതിനാൽ എവിടെയും കൊണ്ടുപോവാൻ കക്ഷി റെഡിയാണ്. 8 kW അതായത് 10.7 bhp പവർ വികസിപ്പിക്കുന്ന മിഡ്-ഡ്രൈവ് പെർമനന്റ് മാഗ്നറ്റ് മോട്ടോറാണ് ബൈക്കിന് തുടിപ്പേകുന്നത്.

ചെയിൻ ഫൈനൽ ഡ്രൈവ് ഉള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ കൂടിയാണ് സെനോ എമറ. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 7.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള മോഡലിന് പരമാവധി 90 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും. 30 ഡിഗ്രി ഗ്രേഡബിലിറ്റിയുള്ള ഈ മോട്ടോർസൈക്കിൾ ഏറ്റവും കുത്തനെയുള്ള കയറ്റങ്ങളിൽ അനായാസം കയറിപ്പോവുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ടേ.
കൂടാതെ 250 കിലോഗ്രാം വരെ ഭാരം വഹിക്കാനും എമറ ഇലക്ട്രിക് ബൈക്കിനാവുമെന്നും സെനോ പറയുന്നു. 2 kWh ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകളാണ് ഇവിയുടെ ഹൃദയം. ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) സെല്ലുകൾ ഉപയോഗിക്കുന്ന മോഡലിന്റെ ബാറ്ററികൾക്ക് 3.50 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ലഭിക്കുക. BaaS തെരഞ്ഞെടുക്കുന്നവർക്ക് അൺലിമിറ്റഡ് വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.
സിംഗിൾ ചാർജിൽ സെനോ എമറയ്ക്ക് 100 കിലോമീറ്റർ വരെ റിയൽ വേൾഡ് റേഞ്ച് ഉണ്ടായിരിക്കുമെന്നും അഞ്ച് മുതൽ ആറ് മണിക്കൂറിനുള്ളിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു. ടൈപ്പ് 6 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുളളതിനാൽ 1 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ഇവിയുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കുന്നതാണ്.


Click it and Unblock the Notifications








