86,999 രൂപയേയുള്ളൂ, 5 മണിക്കൂറിൽ ചാർജാവും! കൂടുതൽ സ്റ്റൈലായി 118 KM റേഞ്ചുള്ള ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളെ ജനകീയരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. ഓലയും ഏഥറും അരങ്ങത്ത് സജീവമാവുന്നതിന് മുമ്പേ മറ്റ് ചില ചെറിയ കമ്പനികളാണ് ഇവി വിപണിയെ കൈപിടിച്ചുയർത്തിയത്. ഇവിടെയാണ് ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആംപിയർ തലയുയർത്തി നിൽക്കുന്നത്. കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നതും നിലവിലുള്ള ഇവികളെ കാലത്തിനൊത്ത് മാറ്റാനും ആംപിയർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബ്രാൻഡ് നിരയിലെ ടോപ്പ് സെല്ലിംഗ് ഇവികളിൽ ഒന്നായ മാഗ്നസ് നിയോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.
പേര് മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും നിലവിലുള്ള മോഡലിന്റെ പുതുക്കിയ പതിപ്പാണിതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. പ്രധാന മെക്കാനിക്കൽ മാറ്റങ്ങളേക്കാൾ പുതിയ നിറങ്ങളിലും ചെറിയ ഉപയോഗക്ഷമത മെച്ചപ്പെടുത്തലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നവീകരണമാണ് ഇത്തവണത്തേത്. അതോടൊപ്പം താങ്ങാനാവുന്ന വിലയും നിലനിർത്തിയിരിക്കുന്നത് കൂടുതൽ ആളുകളെ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് അടുപ്പിച്ചേക്കും.

86,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ആംപിയർ മാഗ്നസ് നിയോ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മോഡലിലേക്ക് എത്തിയ പ്രധാന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞുതരാം. പുതിയ നിറങ്ങളുടെ കൂട്ടിച്ചേർക്കലാണ് ഏറ്റവും വലിയ മാറ്റം. പുതുക്കിയ മാഗ്നസ് നിയോ ഇപ്പോൾ ബട്ടർ യെല്ലോ പോലുള്ള കളർ ഓപ്ഷനുകളിലും ബ്ലൂ, ഗ്രീൻ, ഗ്രേ നിറങ്ങൾ പോലുള്ള മറ്റ് ആകർഷകമായ നിറങ്ങളിലും ആളുകൾക്ക് സ്വന്തമാക്കാനാവും.
സ്കൂട്ടറിനെ കൂടുതൽ പുതുമയുള്ളതും ആകർഷകവുമാക്കുക എന്നതാണ് ഈ നിറങ്ങളുടെ ലക്ഷ്യം. പുതിയ കളർ ഓപ്ഷനുകൾ കൂടാതെ മൊത്തത്തിലുള്ള ഡിസൈനും രൂപവും വലിയ മാറ്റമില്ലാതെ തുടരുകയാണ് ചെയ്‌തിരിക്കുന്നത്. സിമ്പിൾ ഫാമിലി ഫ്രണ്ട്ലി സ്റ്റൈലിംഗ് തന്നെയാണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മാഗ്നസ് ശ്രേണിയുടെ പ്രധാന ഹൈലൈറ്റ്. ഇത്തരം നവീകരണങ്ങളിലൂടെയാണ് ഇവിയുടെ മോടികൂട്ടാൻ ആംപിയർ ശ്രമിച്ചിരിക്കുന്നത്.

മെക്കാനിക്കലായി നോക്കിയാൽ അപ്ഡേറ്റ് ചെയ്ത മാഗ്നസ് നിയോ പഴയ മോഡലിന് സമാനമായി തുടരുന്നു. ഈടുനിൽക്കുന്നതിനും ദീർഘായുസിനും പേരുകേട്ട അതേ 2.3 kWh LFP ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. സസ്പെഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ കോയിൽ സ്പ്രിംഗുമാണ് ആംപിയർ ഒരുക്കിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി സ്കൂട്ടറിന്റെ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് ലഭിക്കുക.
സിംഗിൾ ചാർജിൽ 118 കിലോമീറ്റർ റേഞ്ചാണ് പുതിയ ആംപിയർ മാഗ്നസ് നിയോയിൽ അവകാശപ്പെടുന്നത്. പരാമവധി 65 കിലോമീറ്റർ വേഗതയിൽ വരെ ഇലക്ട്രിക് സ്‌കൂട്ടറിന് സഞ്ചരിക്കാനാവും. ചാർജിംഗിന്റെ കാര്യത്തിലും വാഹനം അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. ഏകദേശം 5 മണക്കൂറ് കൊണ്ട് ഇവിയിലെ ബാറ്ററി 0-80 ശതമാനം റീചാർജ് ചെയ്യാനാവും. 777 മില്ലിമീറ്ററിൻ്റെ ലേ സീറ്റ് ഹൈറ്റാണ് ഇതിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

ഉയരം കുറഞ്ഞവർക്കും സ്ത്രീകൾക്കുമെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്‌തമാക്കുന്ന കാര്യമാണിത്. ഏകദേശം 106 കിലോഗ്രാം ഭാരമാണ് ആംപിയറിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഇവിയുടെ പുതിയ പതിപ്പിനും 150 കിലോഗ്രാം ലോഡിംഗ് ശേഷിയും ലഭിക്കുന്നുണ്ട്. ഇത് ഫാമിലി ഉപയോഗത്തിന് അനുയോജ്യമാക്കുന്ന കാര്യമാണ്. ഓഫ്-ബോർഡ് ചാർജറും അത്യാവശ്യ യൂട്ടിലിറ്റി-ഫോക്കസ്ഡ് സജ്ജീകരണവും ഉൾപ്പെടെയുള്ള സവിശേഷതകൾ അടിസ്ഥാനപരമാണവും പ്രായോഗികവുമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications