ഇറ്റാലിയൻ ബൈക്കുകൾക്ക് വില കുറഞ്ഞേ... ഇനി 3.97 ലക്ഷത്തിന് മിനി സൂപ്പർബൈക്കുകൾ കൂടെക്കൂട്ടാം
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയെക്കുറിച്ച് പ്രത്യേകിച്ച് ആമുഖത്തിൻ്റെ ആവശ്യമൊന്നുമില്ല. ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ ഒറിജിനൽ സ്പോർട്ടി സ്‌കൂട്ടറുകൾ അവതരിപ്പിച്ച് വ്യത്യസ്‌തരായ ബ്രാൻഡ് പിന്നീട് രാജ്യത്ത് സൂപ്പർബൈക്ക് നിർമാതാക്കളായി ചുവടുമാറ്റിയിരുന്നു. അഗോളതലത്തിൽ സൂപ്പർബൈക്കുകൾ നിർമിച്ച് പ്രശസ്‌തിയാർജിച്ച കമ്പനി ഇന്ത്യക്കായി രണ്ട് കിടിലൻ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ പരിഷ്ക്കാരങ്ങളോടെ 2026 മോഡൽ RS 457, ടുവോണോ 457 എന്നിവ വിപണിയിലെത്തിച്ചിരിക്കുകയാണ് അപ്രീലിയ. അതും മുമ്പത്തേതിനേക്കാൾ വിലക്കുറവിലാണ് ഇരുവരും വിപണത്തിന് എത്തുന്നത് എന്നതും രസകരമായ കാര്യമാണ്.
പുതുക്കിയ ജിഎസ്‌ടി ചട്ടങ്ങളെത്തുടർന്ന് രണ്ട് മോഡലുകളുടെയും വിലയിൽ ചെറിയ വർധനവ് ഉണ്ടായിരുന്നു. എന്നാൽ അതിൽ നിരാശരായവരെ ചാക്കിലാക്കുവാനായാണ് 2026 മോഡലുകൾ കുറഞ്ഞ വിലയ്ക്ക് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്ക് ഇപ്പോൾ 4.22 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിക്കുന്നത്. 2025 ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിച്ച പുതിയ കോറൽ ബ്ലൂ സ്നേക്ക്, ആർസെനിക് യെല്ലോ കളർ സ്കീമുകൾക്കും ഈ വില ബാധകമാണ്.

ഇക്കഴിഞ്ഞ ഇന്ത്യ ബൈക്ക് വീക്കിൽ അപ്രീലിയ ഇന്ത്യ മൂന്നാമത്തെ ജിപി റെപ്ലിക്ക കളർ പ്രദർശിപ്പിച്ചിരുന്നു. ഈ പ്രത്യേക പതിപ്പിന് 4.37 ലക്ഷം രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ 15,000 രൂപ കൂടുതലാണെന്ന് സാരം. എന്നാൽ സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ ഫീച്ചർ കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്. ഓപ്ഷണൽ എക്സ്ട്രാ ആയി ക്വിക്ക്ഷിഫ്റ്റർ ഉപയോഗിച്ച് മറ്റ് വേരിയൻ്റുകൾ വാങ്ങിക്കണമെങ്കിൽ 25,000 രൂപ അധികം മുടക്കേണ്ടി വന്നേക്കും.
RS 457 ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിളിൻ്റെ പ്ലാറ്റ്‌ഫോമും എഞ്ചിനും പങ്കിടുന്ന ടുവോണോ 457 നേക്കഡ് മോഡലിലേക്ക് നോക്കിയാൽ 3.97 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വാങ്ങുന്നവർക്ക് പിരാന റെഡ്, പ്യൂമ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് തെരഞ്ഞെടുക്കാനാവും. ഷാർപ്പ് ഹെഡ്‌ലാമ്പ് കൗൾ, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, സ്ലീക്ക് ടാങ്ക് എക്സ്റ്റൻഷനുകൾ, സ്പ്ലിറ്റ് സീറ്റുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഇതിൻ്റെ ഡിസൈനിലെ ഹൈലൈറ്റുകൾ.

2025 ജനുവരിയിൽ 3.95 ലക്ഷം രൂപയ്ക്ക് പുറത്തിറങ്ങിയ ടുവാണോയ്ക്ക് 2025 ഡിസംബറിൽ ജിഎസ്‌ടി 2.0 പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് വില 4.24 ലക്ഷം രൂപയായി ഉയർന്നിരുന്നു. ഇവിടുന്നാണ് ഇപ്പോൾ മോട്ടോർസൈക്കിളിൻ്റെ എക്സ്ഷോറൂം വില 3.97 ലക്ഷം രൂപയായി വെട്ടിക്കുറച്ചിരിക്കുന്നത്. എന്തായാലും ഈയൊരു വില കുറവ് ആളുകളെ അപ്രീലിയയുടെ എൻട്രി ലെവൽ സൂപ്പർബൈക്കുകളിലേക്ക് ആകർഷിക്കുമെന്ന കാര്യം ഉറപ്പാണ്.
രണ്ട് ബൈക്കുകളിലും 457 സിസി, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയ ഉപയോഗിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 47.6 bhp കരുത്തിൽ പരമാവധി 43.5 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുണ്ട്. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും രണ്ട് മോട്ടോർസൈക്കിളുകളിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

5 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് പാനലാണ് ഇവയുടെ മറ്റൊരു പ്രധാന ഫീച്ചർ. ഇത് ബാക്ക്ലിറ്റ് ഹാൻഡിൽബാർ സ്വിച്ചുകൾ വഴി ആക്‌സസ് ചെയ്യാൻ കഴിയും. രണ്ട് ബൈക്കുകളിലും എൽഇഡി ലൈറ്റിംഗ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ പോലുള്ള കാര്യങ്ങളും ലഭ്യമാണ്. കെടിഎം RC 390, കവസാക്കി നിഞ്ച 500 തുടങ്ങിയവരോടാണ് അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്ക് മത്സരിക്കുന്നത്. ടുവോണോ 457 മോഡലിൻ്റെ കാര്യമെടുത്താൽ പ്രധാനമായും കെടിഎം 390 ഡ്യൂക്കുമായാണ് ഇതിൻ്റെ മത്സരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








