89,910 രൂപയേയുള്ളൂ, 55 കിലോമീറ്റർ മൈലേജ് തരുന്ന ബേബി പൾസറിന് ഇനി പുതിയ ലുക്ക്; എങ്ങനുണ്ടെന്ന് നോക്കിക്കേ
ഇന്ത്യൻ നിരത്തുകളിലെ പൾസർ യുഗം അവസാനിക്കാൻ കാത്തിരുന്ന എതിരാളികൾക്ക് അത്രവേഗമൊന്നും ഈയൊരു ആശ നടക്കില്ല. അടുത്തിടെയായി തങ്ങളുടെ പൾസർ ബൈക്കുകളിലേക്ക് കാലത്തിനൊത്ത വമ്പൻ അപ്ഡേറ്റുകൾ കൊണ്ടുവന്ന് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സാക്ഷാൽ ബജാജ് ഓട്ടോ. എൺപതുകളിലേയും തൊണ്ണൂറുകളിലേയും മില്യേണിലേയും ആളുകൾക്ക് മാത്രമല്ല അതിന് ശേഷമുള്ള തലമുറയ്ക്കും പൾസർ എന്നാൽ വലിയ വികാരം തന്നെയാണ്. ഇപ്പോഴിതാ കിടിലൻ മാറ്റങ്ങളുമായി വിപണിയിലെത്തിയിരിക്കുകയാണ് പുതിയ പൾസർ 125. പുതിയ എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ചേർത്തുകൊണ്ട് ലുക്ക് ഒന്ന് ചെറുതായി പരിഷ്ക്കരിച്ചുകൊണ്ടാണ് ആശാൻ്റെ ഇത്തവണത്തെ വരവ്.
ആദ്യ നോട്ടത്തിൽ കാര്യം പെട്ടന്ന് മനസിലാവില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാൽ ഹെഡ്‌ലൈറ്റിൽ വന്ന മാറ്റം കാണാം. ലൈറ്റിംഗിലെ അപ്‌ഗ്രേഡിന് പുറമേ ആദ്യമായി വാഹനം വാങ്ങുന്നവർക്ക് പുതിയൊരു അന്തരീക്ഷവും ആകർഷണീയതയും നൽകുന്നതിനായി നവീകരിച്ച കളർ സ്കീമുകളും ഗ്രാഫിക്സും ബജാജ് അവതരിപ്പിച്ചിട്ടുണ്ട്. ചിലർക്കെങ്കിലും ഈയൊരു പരിഷ്ക്കാരം ബോധിക്കാൻ ഇടയില്ലെന്ന് പറയാം.

ഐക്കണിക് ലുക്ക് നശിപ്പിച്ചുവെങ്കിലും 125 സിസി സ്പോർട്‌സ് ബൈക്ക് സെഗ്മെൻ്റിലെ താങ്ങാനാവുന്ന മോഡലുകളിൽ ഒന്നായി പൾസറിന് തുടരാനാവുന്നുണ്ട്. ഒപ്പം രാത്രി യാത്രകളിൽ പ്രകാശവും കാഴ്ച്ചയും മെച്ചപ്പെടുത്താൻ ഈ എൽഇഡി ഹെഡ്‌ലൈറ്റ് സഹായിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. എൽഇഡി സജ്ജീകരണം മോട്ടോർസൈക്കിളിൻ്റെ മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, സ്ലെൻഡർ ബോഡി പാനലുകൾ, അഗ്രസീസ് ലുക്ക് എന്നിവയുമായി തരക്കേടില്ലാത്ത രീതിയിൽ ചേരുന്നുണ്ടെന്നതും വസ്‌തുതയാണ്.
കാർബൺ ഫൈബർ സിംഗിൾ സീറ്റ്, കാർബൺ ഫൈബർ സ്പ്ലിറ്റ് സീറ്റ് വേരിയൻ്റുകളിലാണ് ഇപ്പോൾ പുതിയ നിറങ്ങളും ഗ്രാഫിക്‌സും ലഭിക്കുന്നത്. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിംഗ് റെഡ്, ബ്ലാക്ക് സിയാൻ ബ്ലൂ, ടാൻ ബീജുള്ള റേസിംഗ് റെഡ് എന്നീ കളർ ഓപ്ഷനുകളാണ് 2026 ബജാജ് പൾസർ 125 സിസി മോഡലിൽ തെരഞ്ഞെടുക്കാനാവുന്നത്. വിലയുടെ കാര്യത്തിൽ പുതിയ ബേബി 125 മത്സരാധിഷ്ഠിതമായി സ്ഥാനം പിടിച്ചിരിക്കുന്നത് ആശ്വാസകരമാണ്.

കാർബൺ ഡിസ്ക് സിംഗിൾ സീറ്റ് എൽഇഡി വേരിയൻ്റിന് 89,910 രൂപയും കാർബൺ ഡിസ്ക് സ്പ്ലിറ്റ് സീറ്റ് എൽഇഡി വേരിയൻ്റിന് 92,046 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 2026 ബജാജ് പൾസർ 125 ഇപ്പോൾ രാജ്യവ്യാപകമായി അംഗീകൃത ബജാജ് ഓട്ടോ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. 2,055 mm നീളവും 755 mm വീതിയും 1,060 mm ഉയരവും 1,320 mm വീൽബേസുമാണ് മോട്ടോർസൈക്കിളിന് ഇപ്പോഴുമുള്ളത്.
വേരിയൻ്റിനെ ആശ്രയിച്ച്, സിംഗിൾ-സീറ്റ് പതിപ്പിന് 140 കിലോഗ്രാം ഭാരവും സ്പ്ലിറ്റ്-സീറ്റ് മോഡലിന് 142 കിലോഗ്രാം ഭാരവുമാണുള്ളത്. 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള ബജാജ് പൾസർ 125 പതിപ്പിന് 11.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 790 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ഇപ്പോഴുള്ളത്. അതായത് ഭാരത്തിലും വലിപ്പത്തിലും 2026 മോഡലിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സാരം. അതുപോലെ മെക്കാനിക്കലായും ബൈക്ക് മുൻഗാമിക്ക് സമാനമാണ്.

124.4 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, 4-സ്ട്രോക്ക്, 2-വാൽവ് DTS-i എഞ്ചിനാണ് ബജാജ് പൾസർ 125 മോഡലിൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ പരമാവധി 11.8 bhp പവറും 6,500 ആർപിഎമ്മിൽ 10.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലിറ്ററിന് ഏകദേശം 55 കിലോമീറ്റർ മൈലേജ് വരെയാണ് കമ്പനി ഇതിൽ അവകാശപ്പെടുന്നത്.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ കരുത്തുറ്റ ഷാസിയിൽ നിർമിച്ചിരിക്കുന്ന ഈ മോട്ടോർസൈക്കിളിൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്കുകളുമാണ് ബജാജ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പൾസർ 125 സിസി മോഡലിൻ്റെ ബ്രേക്കിംഗിനായി മുന്നിൽ 240 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും കോമ്പി ബ്രേക്ക് സിസ്റ്റത്തിൻ്റെ (CBS) സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








