ജാവ യെസ്ഡി ഡേയുടെ 24-ാം പതിപ്പും ഗംഭീര വിജയം, പങ്കെടുത്തത് രാജ്യത്തെ 7,500-ലധികം റൈഡർമാർ
ജാവ (Jawa), യെസ്‌ഡി (Yezdi) തുടങ്ങിയ ക്ലാസിക് മോട്ടോർസൈക്കിൾ (Classic Motorcycle) പ്രേമികൾക്ക് എല്ലാ വർഷവും ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ഒരു ഉത്സവമാണ്. ഇന്നേ ദിവസമാണ് ലോകമെമ്പാടുമുള്ള ജാവ, യെസ്ഡി ബൈക്ക് ഉടമകളും ആരാധകരും ഒത്തുകൂടി റൈഡുകളും വിവിധ പരിപാടികളും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ജാവ യെസ്ഡി ഡേ (International Jawa Yezdi Day) ആഘോഷിക്കപ്പെടുന്നത്. ഇത്തവണത്തെ 24-ാം പതിപ്പും വലിയ രീതിയിൽ ഇന്നലെ ആഘോഷിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള 7,500-ലധികം റൈഡർമാരെ പങ്കെടുപ്പിച്ചാണ് പരിപാടി ഗംഭീര വിജയമാക്കി തീർത്തിരിക്കുന്നത്.
ഇന്റർനാഷണൽ ജാവ യെസ്ഡി ഡേയുടെ 24-ാം പതിപ്പിൽ ഇന്ത്യയിലുടനീളമുള്ള 150 നഗരങ്ങളിൽ നിന്നുള്ള 7,500-ലധികം റൈഡർമാരാണ് ഒത്തുചേർന്നത്. 40-ലധികം ജാവ-യെസ്ഡി റൈഡർ ക്ലബ്ബുകളുടെയും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളുടെയും സ്വതന്ത്ര ഉത്സാഹികളായ കമ്മ്യൂണിറ്റികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ ഇത്ര വിജയകരമായി പൂർത്തിയാക്കാനായിരിക്കുന്നത്.

ഈ വർഷം ബെംഗളൂരുവിൽ ജാവ യെസ്ഡി മോട്ടോർസൈക്കിൾ ക്ലബ്ബിന്റെ (BJYMC) സഹായത്തോടെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ 500-ലധികം മോട്ടോർസൈക്കിളുകളാണ് ഒത്തുചേർന്നത്. നിരവധി പതിറ്റാണ്ടുകളായി നിരത്തിൽ ചീറിപ്പായുന്ന വിന്റേജ് ജാവ, യെസ്ഡി മോട്ടോർസൈക്കിളുകൾക്കൊപ്പം നിലവിലെ ന്യൂഡെൻ മോഡലുകളും ആഘോഷങ്ങളിൽ പങ്കുചേർന്നു. ഒന്നിലധികം തലമുറകളിലെ റൈഡർമാർ ആഘോഷങ്ങളിൽ പങ്കെടുത്തതും വൈവിധ്യമായ കാഴ്ച്ചയായിരുന്നു.
ഈ വർഷത്തെ അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനാഘോഷം 11 രാജ്യങ്ങളിലായാണ് അരങ്ങേറിയത്. ഇവിടെല്ലാം റൈഡർമാർ പ്രാദേശിക റൈഡുകൾ, കമ്മ്യൂണിറ്റി ഒത്തുചേരലുകൾ, ഓൺലൈൻ പങ്കാളിത്തം എന്നിവയിലൂടെയാണ് ആഘോഷിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ജാവ കമ്മ്യൂണിറ്റികൾ ഈ വർഷം ഇന്ത്യയിലുടനീളമുള്ള റൈഡിംഗ് ക്ലബ്ബുകളുമായി കൈകോർത്തതും വേറിട്ടുനിന്നു. ഇന്റർനാഷണൽ റൈഡിംഗ് ഗ്രൂപ്പുകൾ തമ്മിലുള്ള ഈ സഹകരണം വിവിധ ഭൂഖണ്ഡങ്ങളിലുടനീളം ആഘോഷം എത്തിക്കാനും സഹായകരമായിട്ടുണ്ട്.

കേരളത്തിലും ഓൾ കേരള ജാവ യെസ്ഡി അസോസിയേഷൻ പോലുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ നടക്കാറുണ്ട്. പുതിയ മലിനീകരണ ചട്ടങ്ങൾ നിലവിലുള്ള സമയത്ത് പോലും ടൂ-സ്ട്രോക്ക് വാഹനങ്ങളെ പ്രണയിക്കുന്നവർ ലോകമെമ്പാടുമുണ്ടെന്ന് ഈ ആഘോഷം കാണിച്ചുതരുന്നുമുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിൽ 2015-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമ്മാതാവാണ് ക്ലാസിക് ലെജൻഡ്‌സ്.
ഈ ബ്രാൻഡിന് കീഴിലാണ് ജാവയും യെ്സ്‌ഡിയും പുനർജനിച്ചതും ഇന്ന് വിപണിയിൽ തരംഗമായി മുന്നേറുന്നതും. വിന്റേജ് ബ്രാൻഡുകളായ ജാവ, യെസ്ഡി, ബിഎസ്എ എന്നിവയാണ് ക്ലാസിക് ലെജൻഡ്‌സിന് കീഴിൽ നിലവിലുള്ളത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ യെസ്ഡിയും ബിഎസ്എയും സംയുക്തമായി തങ്ങളുടെ രണ്ട് പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
350 സിസി, 650 സിസി വിഭാഗങ്ങളിലായാണ് ഈ പുത്തന്‍ വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറാണ് പുതിയ യെസ്ഡി സ്‌ക്രാംബ്ലര്‍. പുത്തന്‍ ലോഞ്ചുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളില്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുകയാണ് ക്ലാസിക് ലെജൻഡ്‌സിന്റെ പ്രധാന ലക്ഷ്യം. യെസ്ഡി സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന് കമ്പനി 1,99,950 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം 3,24,950 രൂപയാണ് ബിഎസ്എ സ്‌ക്രാംബ്ലര്‍ മോഡലിന്റെ പ്രാരംഭ വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications