എൻഫീൽഡിന് അടുത്ത പണി, ക്രൂയിസർ ബൈക്ക് ലോകത്തേക്ക് V-ട്വിൻ എഞ്ചിനുള്ള പുതിയ സുന്ദരൻ, വില 3.29 ലക്ഷം മാത്രം
ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിച്ച പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളാണ് QJ മോട്ടോർസ്. SRC 250, SRC 500 പോലുള്ള ചില തകർപ്പൻ മോഡലുകളിലൂടെ ആഭ്യന്തര തലത്തിൽ ഇന്നിംഗ്‌സ് ആരംഭിച്ച കമ്പനി പക്ഷേ കാര്യമായ രീതിയിൽ കച്ചോടമൊന്നും പിടിച്ചിരുന്നില്ല. എങ്കിലും തളരാതെ മുമ്പോട്ട് പോവുന്ന ബ്രാൻഡ് ബെനലിയുടെ സഹോദര സ്ഥാപനമാണെന്ന കാര്യം പലർക്കും അറിയില്ല. ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ എന്നാണ് QJ-യുടെ മുഴുവൻ പേര്. റോയൽ എൻഫീൽഡിന് പകരം സവിശേഷമായ എന്തെങ്കിലും വേണമെന്നുള്ളവർക്ക് QJ ബൈക്കുകൾ നല്ലൊരു ഓപ്ഷനായിരിക്കും.
സംഗതി ചൈനീസാണെങ്കിലും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന ബൈക്കുകളാണ് ഇവരുടെ നിരയിലുള്ളത്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയ 2026 മോഡൽ SRV 300 കൂടി എത്തിയിരിക്കുകയാണ്. ഗ്ലാമർ കൂട്ടുവാനായി പുത്തൻ കളർ ഓപ്ഷനുകളും ഉപകാരപ്രദമായ ചില ഫീച്ചറുകളും കൂട്ടിച്ചേർത്തുകൊണ്ടാണ് പ്രീമിയം ക്രൂയിസർ ബൈക്കിനെ കമ്പനി അപ്ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിയ കീവേ V302C അടിസ്ഥാനമാക്കിയാണ് ഇതും പണികഴിപ്പിച്ചിരിക്കുന്നത്.

ടൂറിംഗ് പ്രേമികൾക്ക് സുഖപ്രദമായ റൈഡിംഗ് നൽകുന്ന ഒരു റെട്രോ സ്റ്റൈൽ ക്രൂയിസർ മോട്ടോർസൈക്കിളാണിത്. അതായത് മീറ്റിയോർ പോലുള്ള എൻഫീൽഡ് മോഡലുകൾക്ക് ഭീഷണിയാണ് ഇവനെന്ന് സാരം. ഈ ബൈക്കിന്റെ പ്രധാന ആകർഷണം V-ട്വിൻ എഞ്ചിനുമായി വരുന്നു എന്നതാണ്. ഇത്തരമൊരു വില നിലവാരത്തിൽ ഈയൊരു ഫീച്ചർ അത്യപൂർവമാണ്. റെഡ്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ബൈക്ക് തെരഞ്ഞെടുക്കാനാവുക.
റെഡിന് ഗ്ലോസി ഫിനിഷും ബ്ലാക്കിന് മാറ്റ് ഫിനിഷുമാണ് കമ്പനി നൽകിയിരിക്കുന്നത്. ബോഡി വർക്കിലെ ഡീക്കലുകളിലും മാറ്റങ്ങൾ കാണാനാവും. അങ്ങനെ മൊത്തത്തിൽ കുറച്ചുകൂടി ഗ്ലാമറാവാൻ സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. അപ്‌ഡേറ്റ് ചെയ്‌ത 2026 QJ SRV 300 ക്രൂയിസറി ടൂ എൻഡ് കാനിസ്റ്ററുകൾ പരസ്പരം ലംബമായി അടുക്കിയിരിക്കുന്ന ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

2026 മോഡലിന്റെ മറ്റൊരു പ്രധാന നവീകരണം പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ക്ലാസിക് ക്രൂയിസർ ഫോർമാറ്റ് ഡിസൈൻ ഉപയോഗിച്ച് റെട്രോ വൈബിലാണ് വരുന്നത്. എങ്കിലും 120-സെക്ഷൻ ഫ്രണ്ട്, 150-സെക്ഷൻ റിയർ ടയറുകളിൽ പൊതിഞ്ഞ 16-ഇഞ്ച് ഫ്രണ്ട്, 15-ഇഞ്ച് റിയർ അലോയ് വീലുകൾ നൽകിയിരിക്കുന്നതിനാൽ മോഡേണാവാനും മോഡലിനാവുന്നുണ്ട്. ക്രൂയിസർ ബൈക്കായതിനാൽ തന്നെ 13.5 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം 164 കിലോഗ്രാം ആണ്. അതേസമയം 700 mm സീറ്റ് ഹൈറ്റും 160 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് QJ SRV 300 ക്രൂയിസറിലുള്ളത്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷനായി ഒരുക്കിയിരിക്കുന്നത്.

2026 QJ SRV 300 മുമ്പത്തെപ്പോലെ തന്നെ 296 സിസി വി-ട്വിൻ SOHC 4 വാൽവ് ലിക്വിഡ് കൂൾഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 30.3 bhp പവറിൽ പരമാവധി 26 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ചെയിൻ ഡ്രൈവ് സിസ്റ്റമാണ് ഈ ക്രൂയിസർ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ പരിഷ്ക്കാരങ്ങളുമായി വരുന്ന QJ SRV 300 ക്രൂയിസറിന് 3.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
അതായത് ക്രൂയിസർ മോട്ടോർസൈക്കിളിന്റെ മുൻ മോഡലിനേക്കാൾ ഏകദേശം 32,000 രൂപയുടെ വർധനവാണ് സംവഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം. ഇന്ത്യയിലെ SRV 300 മോഡലിന്റെ വില ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇത് ആദ്യം 3.19 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ജിഎസ്‌ടി 2.0 പരിഷ്‌കാരങ്ങൾക്ക് ശേഷം 2.97 ലക്ഷമായി കുറച്ചു. ഇപ്പോൾ അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡലിന് 3.29 ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്‌തു കമ്പനി.


Click it and Unblock the Notifications