സർപ്രൈസായി രണ്ട് മാറ്റങ്ങൾ, വില പഴയത് തന്നേ! എൻഫീൽഡിൻ്റെ ചുള്ളൻ ബോബർ ബൈക്കിൻ്റെ പുതുമോഡൽ എത്തി
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ കൊടികുത്തി വാഴുന്നവരാണ് റോയൽ എൻഫീൽഡ്. ഹോണ്ട, ട്രയംഫ്, ജാവ, യെസ്‌ഡി, ഹാർലി ഡേവിഡ്‌സൺ, ഹീറോ മോട്ടോകോർപ് എന്നീ വമ്പൻമാരെല്ലാം വൻമത്സരം നൽകിയെങ്കിലും ആളുകളെല്ലാം കട്ടയ്ക്ക് എൻഫീൽഡിനൊപ്പം നിൽക്കുകയായിരുന്നു. പണ്ടത്തെ അപേക്ഷിച്ച് വൈബ്രേഷനും മറ്റ് തകരാറുകളുമെല്ലാം പാടെ മാറിയതോടെ ആളുകൾക്കെല്ലാം ഹരമായി മാറിയിട്ടുണ്ട് ബ്രാൻഡിൻ്റെ ബൈക്കുകൾ. ഹണ്ടർ, ക്ലാസിക്, ബുള്ളറ്റ് പോലുള്ള ന്യൂജെൻ മോഡലുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്. മോഡൽ നിരയിൽ കൃത്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാനും റോയൽ എൻഫീൽഡിന് ഇപ്പോൾ നല്ല മിടുക്കുമുണ്ട്.
ഇപ്പോഴിതാ ഗ്ലോവൻ ക്ലാസിക് 350 ബൈക്കിൻ്റെ പുതിയ 2026 മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് അർത്ഥവത്തായ ചില അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തിയാണ് മിടുക്കൻ്റെ വരവ്. പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിലയിൽ മാറ്റമില്ലെന്നതും രസകരമായ കാര്യമാണ്. മോട്ടോർസൈക്കിളിൻ്റെ സിംഗിൾ-ടോൺ നിറങ്ങൾക്ക് 2.20 ലക്ഷം രൂപയും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾക്ക് 2.22 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

2026 ഗോവൻ ക്ലാസിക് 350 മോഡലിന് പുതിയ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ലഭിച്ചിട്ടുണ്ട്. ഇത് ക്ലച്ച് കൂടുതൽ ലൈറ്റാക്കാനും അഗ്രസീവായി ഗിയർ ഡൗൺഷിഫ്റ്റ് ചെയ്യുന്ന സമയത്ത് വീൽ ലോക്ക് ആവാതിരിക്കാനും സഹായിക്കുന്ന ഫീച്ചറാണ്. മാത്രമല്ല, ഗോവൻ ക്ലാസിക്കിൽ ഇതിനകം ഉണ്ടായിരുന്ന യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് ഇപ്പോൾ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിനായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും എൻഫീൽഡ് പറയുന്നു.
ഇത്തരം രണ്ട് മാറ്റങ്ങളാണ് ഗോവൻ ക്ലാസിക്കിൻ്റെ 2026 മോഡൽ ഇയർ അപ്ഡേറ്റിൻ്റെ ഭാഗമായി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങളെല്ലാം മുമ്പത്തെ മോഡലിന് സമാനമായി തുടരുകയാണ്. മുമ്പത്തെപ്പോലെ തന്നെ ഷാക്ക് ബ്ലാക്ക്, പർപ്പിൾ ഹേസ്, ട്രിപ്പ് ടീൽ ഗ്രീൻ, റേവ് റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിളിൻ്റെ വിൽപ്പനയും കമ്പനി തുടരുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

ഗോവൻ ക്ലാസിക് 350-യുടെ പ്രധാന ഹൈലൈറ്റ് അതിൻ്റെ ബോബർ പ്രചോദിത സ്റ്റൈലിംഗും ലോ-സ്ലംഗ് പ്രൊഫൈലും പ്രത്യേക ഡിസൈൻ ഘടകങ്ങളുമാണ്. ഫ്ലോട്ടിംഗ്-സ്റ്റൈൽ സിംഗിൾ സീറ്റ്, ഒരു മിനി ആപ്-ഹാംഗർ ഹാൻഡിൽബാർ, വൈറ്റ് കലർന്ന ക്രോസ്-സ്‌പോക്ക് ട്യൂബ്‌ലെസ് വീലുകൾ എന്നിവയെല്ലാമാണ് ബൈക്കിന് യുണീക് സ്റ്റൈൽ സമ്മാനിക്കുന്നത്. 349 സിസി സിംഗിൾ-സിലിണ്ടർ SOHC 2V എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിൻ്റെ ഹൃദയം.
5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ട്യൂബുലാർ ഡൗൺട്യൂബ് ഫ്രെയിമിൽ പണികഴിപ്പിക്കുന്ന ഗോവൻ ക്ലാസിക് 350-യുടെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സന്തുലിതവും സുഖപ്രദവുമായ യാത്രയാണ് ഉറപ്പാക്കുന്നത്.

ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്ക് ബ്രേക്കുകളും ഇടംപിടിക്കും. സുരക്ഷ വർധിപ്പിക്കാനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും ഉണ്ടാവും. ജാവ 42 ബോബർ, പെരാക്ക് എന്നിവയിൽ നിന്ന് വ്യത്യസ്തമായി റോയൽ എൻഫീൽഡ് 350 സിസി ബോബറിന് റിയർ സീറ്റ് ഓപ്ഷൻ ലഭിച്ചേക്കുമെന്നാണ് നിലവിലെ വിവരം. പിൻസീറ്റ് ലഭിക്കുന്നതോടെ പ്രായോഗികതയുടെ കാര്യത്തിൽ ജാവയുടെ മോഡലുകളേക്കാൾ മിടുക്കനായിരിക്കും. എന്നാൽ സിംഗിൾ സീറ്റ് ഓപ്ഷനിലും വാഹനം ലഭ്യമായേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








