എൻടോർഖിനും ഡിയോയ്ക്കും കിട്ടാത്ത ഒടുക്കത്തെ മൈലേജ് ഇവിടെക്കിട്ടും, അവെനിസിലേക്ക് പുത്തൻ മോഡലുമായി സുസുക്കി
സ്പോർട്ടി സ്‌കൂട്ടർ രംഗത്ത് അധികമാരും പറഞ്ഞുകേൾക്കാത്തൊരു പേരാണ് സുസുക്കിയുടേത്. ഹോണ്ട ഡിയോ, ടിവിഎസ് എൻടോർഖ് പോലുള്ള മിടുക്കൻമാരോട് മത്സരിക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവെനിസ് (Suzuki Avenis Scooter) എന്നൊരു തട്ടുപൊളിപ്പൻ മോഡലിന് രൂപം കൊടുത്തിരുന്നു. ആക്‌സസിന്റെ (Suzuki Access) എഞ്ചിനുമായി എത്തിയ അവെനിസിന് പക്ഷേ കാര്യമായി ശോഭിക്കാനായില്ലെന്നതാണ് സത്യം. നല്ല പെർഫോമൻസും മൈലേജും തരുന്ന എഞ്ചിൻ ഉണ്ടായിരുന്നുവെങ്കിലും ഡിസൈൻ അത്രയ്ക്ക് ആകർഷകമല്ലാതിരുന്നതാണ് അവെനിസിന് തിരിച്ചടിയായത്. പക്ഷേ കണ്ട് കണ്ട് ഇഷ്ടമായ പലരും ധൈര്യത്തോടെ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്.
ഇപ്പോഴിതാ അവെനിസിനെ കൂടുതൽ അടിപൊളിയാക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഇതിന്റെ ഭാഗമായി ഗിയർലെസ് സ്‌കൂട്ടറിലേക്ക് അല്ലറചില്ലറ മാറ്റങ്ങളുമായി അതിന്റെ 2026 മോഡൽ ഇയർ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ ബ്രാൻഡ്. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അവെനിസ് സ്പെഷ്യൽ എഡിഷനായി ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് സംഭവം. ഈ അപ്‌ഡേറ്റോടെ 2026 അവെനിസ് ലൈനപ്പിന് 84,293 രൂപ മുതൽ 86,677 രൂപ വരെയായി എക്സ്ഷോറൂം വില ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ പരിഷ്ക്കാരത്തിലൂടെ സുസുക്കി അവെനിസ് സ്‌പെഷ്യൽ എഡിഷനിൽ പുതിയ പേൾ ഗ്ലേസിയർ വൈറ്റ് / മെറ്റാലിക് ഊർട്ട് ഗ്രേ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്. ഇത് സ്‌കൂട്ടറിന്റെ ഗ്ലാമർ വർധിപ്പിക്കുന്നുണ്ടെങ്കിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. അവെനിസ് അതിന്റെ ഷാർപ്പ് സ്റ്റൈലിംഗ്, എൽഇഡി ലൈറ്റിംഗ്, സ്‌പോർട്ടി ഗ്രാഫിക്‌സ്, സുസുക്കി റൈഡ് കണക്റ്റിനൊപ്പം ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ കൺസോൾ എന്നിവയെല്ലാം തുടർന്നും മുമ്പോട്ട് കൊണ്ടുപോവുന്നുണ്ട്.
ഇതുകൂടാതെ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലാമ്പ്, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, USB ചാർജിംഗ് സോക്കറ്റുള്ള ഫ്രണ്ട് സ്റ്റോറേജ് ബോക്സ്, 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്‌പോർട്ടി ഗ്രാഫിക്‌സ് എന്നീ സവിശേഷതകളും സുസുക്കിയുടെ സ്പോർട്ടി സ്‌കൂട്ടറിലുണ്ട്. പെർഫോമൻസും മൈലേജും ഒരുപോലെ തരുന്ന സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയ്ക്കൊപ്പം വരുന്ന അതേ 124.3 സിസി എഞ്ചിനാണ് അവെനിസ് സ്പെഷ്യൽ എഡിഷന്റേയും ഹൃദയം.

എഞ്ചിൻ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡമായ ബിഎസ്-VI OBD-2B നിലവാരത്തിന് അനുസരിച്ചാണ് പണികഴിച്ചിരിക്കുന്നത്. ആക്‌സസിലൂടെ ജനപ്രിയമായ 124.3 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.7 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.
ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സിറ്റി യാത്രകളിൽ നല്ല റൈഡ് കംഫർട്ടും കൺട്രോളും നൽകുന്നതിനായി സ്കൂട്ടർ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, കമ്പൈൻഡ് ബ്രേക്ക് സിസ്റ്റം (സിബിഎസ്), സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക്, 12 ഇഞ്ച് ഫ്രണ്ട് ടയർ എന്നിവയും ഗിയർലെസ് സ്കൂട്ടറിൽ ലഭിക്കുന്നതാണ്. അതിനാൽ കൊടുക്കുന്ന കാശിന് നല്ലൊരു സ്‌കൂട്ടറാണ് അവെനിസിലൂടെ ലഭിക്കുന്നതെന്ന് പറയാം.

പുതിയ നിറങ്ങളും സവിശേഷതകളും ഉപയോഗിച്ച് അവെനിസിനെ ഇടയ്ക്കിടെ മിനുക്കുന്നുണ്ടെങ്കിലും സമീപ മാസങ്ങളിൽ മോഡലിന്റെ വിൽപ്പന അത്ര ശോഭിക്കുന്നില്ല. 2026 മാർച്ചിൽ ഗിയർലെസ് സ്‌കൂട്ടറിന്റെ 3,691 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇത് 6,644 യൂണിറ്റുകളായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ 44.45 ശതമാനത്തിന്റെ ഇടിവാണ് അവെനിസിനുണ്ടായിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








