കാർ പോലെ ഉപയോഗിക്കാം, അത്രയ്ക്ക് സ്റ്റോറേജ് സ്പേസുണ്ട്! പുതിയ സ്റ്റൈലിഷ് സ്‌കൂട്ടറുമായി സുസുക്കി
ആക്‌സസ് എന്ന മിടുക്കൻ ഫാമിലി സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരായ ഹോണ്ടയ്ക്കും ടിവിഎസിനും ഒപ്പം മുട്ടിനിൽക്കാൻ സുസുക്കിയെ യോഗ്യനാക്കിയതും ആക്‌സസ് തന്നെയാണ്. പിന്നീട് തങ്ങളുടെ സ്‌കൂട്ടർ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി ബർഗ്മാൻ സ്ട്രീറ്റ് എന്ന മാക്‌സി സ്റ്റൈൽ സ്‌കൂട്ടറും പുറത്തിറക്കുകയുണ്ടായി. നല്ല മസ്ക്കുലർ ലുക്കും കിടിലൻ പ്രാക്‌ടിക്കാലിറ്റിയുമായി എത്തിയ മസിൽമാനെ രാജ്യം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോഴിതാ ബർഗ്മാൻ സ്ട്രീറ്റിന്റെ പുതുമോഡലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സുസുക്കി.
പഴയതിലും സ്റ്റൈലും ഗ്ലാമറുമായി എത്തിയിരിക്കുന്ന മോഡൽ വിപണിയിൽ ഹിറ്റടിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കാനാവും. ഡിസൈൻ, ഫീച്ചറുകൾ, കംഫർട്ട്, പെർഫോമൻസ് എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങൾ സമ്മാനിച്ചുകൊണ്ടാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2026 ബർഗ്മാൻ സ്ട്രീറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം 1.1 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടർ കൂടിയാണ് ബർഗ്മാൻ സ്ട്രീറ്റ്.

ഏറ്റവും പുതിയ പതിപ്പ് ഒരു പ്രീമിയം ഫാമിലി സ്കൂട്ടറായി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. പുതിയ ബർഗ്മാൻ സ്ട്രീറ്റ് രണ്ട് വകഭേദങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ റൈഡ് കണക്ട് എഡിഷന് 1,01,944 രൂപയും റൈഡ് കണക്ട് ടിഎഫ്ടി എഡിഷന് 1,13,220 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡലിനൊപ്പം 1,07,902 രൂപ എക്സ്ഷോറൂം വിലയ്ക്ക് മുമ്പത്തെ ബർഗ്മാൻ സ്ട്രീറ്റ് EX വേരിയന്റും സുസുക്കി വിൽക്കുന്നത് തുടരും.
പുതിയ സ്കൂട്ടർ പരിചിതമായ ഡിസൈൻ തന്നെയാണ് പിന്തുടരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ അടിപൊളിയാക്കുന്നതിനായി കൂടുതൽ പ്രീമിയം ഫിനിഷും മോഡേൺ തീമുമാണ് ബർഗ്മാൻ സ്ട്രീറ്റിൽ സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് പൊസിഷൻ ലൈറ്റുകളുള്ള ബോഡി-മൗണ്ടഡ് സ്പ്ലിറ്റ് ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, കോംപാക്‌ട് എൽഇഡി ഇൻഡിക്കേറ്ററുകൾ പോലുള്ള മാറ്റങ്ങൾ എക്സ്റ്റീരിയറിന് വല്ലാത്തൊരു ചന്തം നൽകുന്നുണ്ട്.

ഇതോടൊപ്പം അപ്‌ഡേറ്റ് ചെയ്ത എൽഇഡി ടെയിൽലാമ്പ്, മെറ്റാലിക് ഫിനിഷ് എംബ്ലങ്ങൾ, ഡാർക്ക് സ്മോക്ക്ഡ് വിൻഡ്‌സ്‌ക്രീൻ, കൂടുതൽ സ്റ്റൈലിഷായിട്ടുള്ള സൈലൻസർ എന്നിവയും പുതിയ 2026 സുസുക്കി ബർഗ്മാൻ സ്ട്രീറ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. പഴയത് പോലെ നീളവും വീതിയുമുള്ള ഫുട്‌ബോർഡ് നിലനിർത്തിയിട്ടുണ്ടെന്നത് നല്ല കാര്യമാണ്. ഇത് റൈഡർമാർക്ക് കാലുകൾ കൂടുതൽ എളുപ്പത്തിൽ നീട്ടിവെക്കാനും റിലാക്‌സ്‌ഡ് റൈഡിംഗ് പോസ്ച്ചറിൽ ഇരിക്കാനും സഹായിക്കും.
മാത്രമല്ല, വേണമെങ്കിൽ കൂടുതൽ സാധാനങ്ങൾ കയറ്റാനും ഇവിടം ഉപയോഗിക്കാവുന്നതാണ്. സീറ്റ് നീളമുള്ളതാണ് എന്നതിനാൽ റൈഡറിനും പിന്നിലിരിക്കുന്ന ആൾക്കും മതിയായ സ്പേസ് ലഭിക്കുന്നതാണ്. കൂടുതൽ ഉപയോഗപ്രദമായ അപ്‌ഗ്രേഡുകളിൽ ഒന്ന് വലിയ അണ്ടർസീറ്റ് സ്റ്റോറേജ് ഏരിയയാണ്. 21.5 ലിറ്ററിൽ നിന്ന് 24.6 ലിറ്ററായി സ്റ്റോറേജ് സ്പേസ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാക്കൾ ഉയർത്തി. ഇപ്പോൾ ഫുൾ-ഫേസ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഇവിടം ക്രമീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം സ്കൂട്ടറിന് രണ്ട് ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ടുമെന്റുകൾ, ഒരു യുഎസ്ബി ചാർജിംഗ് ഔട്ട്ലെറ്റ്, ഡ്യുവൽ യൂട്ടിലിറ്റി ഹുക്കുകൾ, സെന്റർ സ്റ്റാൻഡ്, സൈഡ് സ്റ്റാൻഡ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. ടോപ്പ് വേരിയന്റിൽ കീലെസ് സിസ്റ്റമാണ് സുസുക്കി കൊണ്ടുവന്നിരിക്കുന്നത്. റിമോട്ട് ഫോബ് ഉൾപ്പെടുന്നതിനാൽ ഒരു ഫിസിക്കൽ കീയുടെ ആവശ്യം ഇത് ഇല്ലാതാക്കുന്നു. സീറ്റ് ഓപ്പണിംഗ്, സ്റ്റിയറിംഗ് ലോക്ക്, ഫ്യുവൽ ലിഡ് ലോക്ക് എന്നിവയ്ക്കുള്ള ഇന്റഗ്രേറ്റഡ് കൺട്രോളും ഇവിടെയാണ് ഉൾപ്പെടുന്നത്.
ദൈനംദിന ഉപയോഗം സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുള്ള വൺ-പുഷ് സ്റ്റാർട്ടുള്ള സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റവുമുണ്ട്. ടിഎഫ്ടി വേരിയന്റിൽ വാങ്ങുന്നവർക്ക് ബർഗ്മാൻ സ്ട്രീറ്റ് ആപ്പ് വഴി ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ 4.2 ഇഞ്ച് കണക്റ്റഡ് ടിഎഫ്ടി ഡിസ്പ്ലേയും ലഭിക്കും. സുസുക്കിയുടെ SEP എന്നറിയപ്പെടുന്ന സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യയുള്ള 124 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബർഗ്മാന്റെ ഹൃദയം.
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8.2 bhp കരുത്തും 10.2 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻ മോഡലിന്റെ 9.8 Nm ടോർക്കിൽ നിന്ന് കാര്യമായ മെച്ചപ്പെടുത്തൽ പുതിയ 2026 ബർഗ്മാൻ സ്ട്രീറ്റിന് ലഭഇക്കുന്നതാണ്. കൂടാതെ 30-60 കിലോമീറ്റർ വേഗതയിൽ റെസ്പോൺസ് മെച്ചപ്പെടുത്തുന്നതിനായി ട്രാൻസ്മിഷനും പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് സുസുക്കി പറയുന്നു.


Click it and Unblock the Notifications








