വാങ്ങാൻ ഒരു കാരണം കൂടിയായി, വില പണ്ടേ കുറവ്! 70 KM മൈലേജുള്ള ചെത്ത് ബൈക്കിലേക്ക് പുത്തൻ മാറ്റങ്ങളുമായി ടിവിഎസ്
ഇന്ത്യയിലെ 125 സിസി സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് പുതിയ മാനം നൽകിയവരാണ് ടിവിഎസ്. പണ്ട് കമ്മ്യൂട്ടർ ബൈക്കുകൾ മാത്രം അരങ്ങുവാണിരുന്ന ഇവിടമിപ്പോൾ യങ് മോഡലുകൾക്കൊണ്ട് സമ്പന്നമാണ്. ഇതിനെല്ലാം കാരണക്കാരനായത് റൈഡർ 125 എന്ന ചുള്ളൻ ചെക്കനാണ്. ഇവന് ലഭിക്കുന്ന വിൽപ്പന കണ്ട് ഹാലിളകിയ ഹീറോ മോട്ടോകോർപ്പും ഹോണ്ടയും ബജാജുമെല്ലാം പുത്തൻ മോട്ടോർസൈക്കിളുകളുമായി ഈ രംഗത്തേക്കിറങ്ങുകയുണ്ടായി. എങ്കിലും പ്രായമായവർക്കും പയ്യൻമാർക്കുമെല്ലാം ഒരേ പോലെ ചേരുന്ന റൈഡറിനെ തോൽപ്പിക്കാനായില്ലെന്നതാണ് സത്യം. അടിക്കടി ബൈക്കിലേക്ക് കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും ടിവിഎസിന് കരുത്തായിട്ടുണ്ട്.
ഇപ്പോഴിതാ ടിവിഎസ് മോട്ടോർ കമ്പനി 2026 മോഡൽ റൈഡർ 125 ശ്രേണിയിലേക്ക് പുതിയ ഫീച്ചറുകളും കളർ ഓപ്ഷനുകളും അവതരിപ്പിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ്. ഡ്രം, സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, iGO, SSE, SXC DD, TFT DD എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിൽ ഈ സ്പോർട്ടി കമ്മ്യൂട്ടർ ബൈക്ക് തെരഞ്ഞെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതെല്ലാം താങ്ങാനാവുന്ന വിലയിൽ പുറത്തിറക്കാനും ടിവിഎസ് കാണിച്ച ധൈര്യം സമ്മതിച്ചേ മതിയാവൂ.

2025 ടിവിഎസ് റൈഡർ 125 ശ്രേണിക്ക് വെറും 82,860 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത് കേട്ടോ. അതേസമയം പുതുതായി പുറത്തിറക്കിയിരിക്കുന്ന SXC DD, TFT DD വേരിയന്റുകൾക്ക് യഥാക്രമം 96,725 രൂപയും 98,550 രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 125 സിസി മോട്ടോർസൈക്കിളിലേക്ക് പുതിയ നൈട്രോ ഗ്രീൻ കളർ ഓപ്ഷൻ എത്തിയതാണ് 2026 മോഡൽ ഇയറിലെ പ്രധാന അപ്‌ഡേറ്റുകളിൽ ഒന്ന്.
ഹെഡ്‌ലാമ്പ് കൗൾ, ഫ്രണ്ട് ഫെൻഡർ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ബെല്ലി പാൻ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ ഇടിവെട്ട് നിറം നൽകിയിരിക്കുന്നത് അതോടൊപ്പം ബോഡി കളറിന് ചേരുന്ന വിധത്തിലുള്ള ഗ്രീൻ ഫ്രണ്ട് അലോയ് വീലും കൂടിയാവുമ്പോൾ റൈഡറിന്റെ സ്‌പോർട്ടിനെസ് വല്ലാതെ ഉയരുന്നുണ്ട്. ഒപ്പം ബൈക്കിന് ഇണങ്ങുന്ന വിധത്തിലുള്ള ഗ്രാഫിക്‌സും കൂടിയാവുമ്പോൾ വണ്ടി മൊത്തത്തിൽ കളറാവുന്നുണ്ട്.

നൈട്രോ ഗ്രീനിന് പുറമെ മെറ്റാലിക് ബ്ലൂ, സ്ട്രൈക്കിംഗ് റെഡ് എന്നീ കളർ ഓപ്ഷനുകളും പഴയ പടി ബൈക്കിൽ തെരഞ്ഞെടുക്കാനാവുന്നതാണ്. ടോപ്പ്-സ്‌പെക്ക് വേരിയന്റിൽ ഒരു പുതിയ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എത്തിയതും ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. ഇത് മുമ്പത്തെ റിവേഴ്‌സ് എൽസിഡി യൂണിറ്റിനെ മാറ്റിസ്ഥാപിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഓറഞ്ച്-ബ്ലാക്ക് തീം ഉപയോഗിച്ചുള്ള ഇന്റർഫേസാണ് ക്ലസ്റ്ററിനെ ഗ്ലാമറാക്കുന്നത്.
നാവിഗേഷൻ, കോൾ അലേർട്ടുകൾ, റൈഡ് അനലിറ്റിക്‌സ്, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ലൈവ് സ്‌കോർ ട്രാക്കിംഗ് എന്നിവ പോലുള്ള കണക്റ്റഡ് ഫീച്ചറുകളുടെ വിശാലമായ നിരയും പുതിയ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ടിവിഎസ് റൈഡർ 125 SXC DD ട്രിം എൽസിഡി ഡിസ്‌പ്ലേയിൽ തന്നെയാണ് വാങ്ങാനാവുക. എങ്കിലും ഇതിലും 85-ലധികം കണക്റ്റഡ് സവിശേഷതകൾ ലഭ്യമാണെന്ന് കമ്പനി പറയുന്നു.

എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ, ഫോളോ-മീ-ഹോം ഹെഡ്‌ലൈറ്റ് എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 124.8 സിസി എയർ-ആൻഡ്-ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 11.38 bhp പവറിൽ പരമാവധി 11.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം iGO അസിസ്റ്റ് ഫംഗ്ഷൻ 11.75 Nm വരെ ടോർക്ക് ഔട്ട്പുട്ട് വർധിപ്പിക്കുകയും ചെയ്യും. ഒതുക്കമുള്ള രൂപവും ലൈറ്റ് വെയ്റ്റ് ഡിസൈനും കൂടിയാവുമ്പോൾ ടിവിഎസ് റൈഡറിന് 5.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും. 2070 mm നീളവും 785 mm വീതിയും 1028 mm ഉയരവും 1326 mm വീൽബേസും 180 mm ഗ്രൌണ്ട് ക്ലിയറസുമുള്ള റൈഡറിന് 125 കിലോഗ്രാം ഭാരമാണുള്ളത്.
10 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുള്ള 2026 ടിവിഎസ് റൈഡർ 125 ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജും തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സസ്‌പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന റിയർ മോണോഷോക്കുമാണ് ടിവിഎസ് ഒരുക്കിയിട്ടുള്ളത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ 240 mm ഫ്രണ്ട് ഡിസ്കും 200 mm റിയർ ഡിസ്കും സിംഗിൾ-ചാനൽ എബിഎസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.


Click it and Unblock the Notifications