ഒറ്റയടിക്ക് 35,000 രൂപ കൂട്ടി, യാതൊരു മാറ്റവുമില്ലാതെ കവസാക്കിയുടെ ഡ്യുവൽ-സ്പോർട് ബൈക്കിന്റെ പുത്തൻ മോഡൽ
നിഞ്ചയിലൂടെ ഇന്ത്യൻ യൂത്തിന്റെ പ്രിയങ്കരരായി മാറിയ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൂട്ടുപിടിച്ച് പുറത്തിറക്കിയ കാലിബർ, വിൻഡ് 125, ബോക്‌സർ, KB100, എലിമിനേറ്റർ തുടങ്ങിയ ടീം ഗ്രീൻ ഇപ്പോൾ പ്രീമിയം മോട്ടോർസൈക്കിളുകളിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിഞ്ചയ്ക്ക് പുറമെ വെർസിസ്, വൾക്കാൻ, Z സീരീസ് തുടങ്ങിയ സൂപ്പർബൈക്കുകളും ബ്രാൻഡ് നിരയിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട്. കുറച്ചുകാലമായി ഇന്ത്യക്കാർക്ക് അഡ്വഞ്ചർ, ഡ്യുവൽ-സ്‌പോർട് ബൈക്കുകളോട് വല്ലാത്ത അടുപ്പമുണ്ട്. ഇതുമുതലെടുക്കുവാനായി കവസാക്കി KLX 230 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.
സാധാരണക്കാരായ സാഹസിക പ്രേമികളുടെ മനസിൽ ഇടം കണ്ടെത്താനുള്ള ശ്രമം ഏറെക്കുറെ വിജയം കാണുകയും ചെയ്‌തിരുന്നു. ഡ്യുവൽ-സ്‌പോർട് ബൈക്കിലേക്ക് അടിക്കടി മാറ്റങ്ങൾ കൊണ്ടുവരുന്നും കവസാക്കിയുടെ പ്രധാന ഹോബിയാണ്. ഇതിന്റെ ഭാഗമായിതാ 2027 മോഡൽ ഇയർ അപ്ഡേഷനുമായി KLX230 വിപണിയിലെത്തിയിരിക്കുകയാണ്. ഡ്യുവൽ-സ്‌പോർട് മോട്ടോർസൈക്കിളിന് 2.19 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

അതായത് ബൈക്കിന്റെ 2026 പതിപ്പിനേക്കാൾ 35,000 രൂപ ഇനി മുതൽ കൂടുതൽ മുടക്കേണ്ടി വരുമെന്ന് ചുരുക്കം. ഡിസൈൻ, ഫീച്ചറുകൾ അല്ലെങ്കിൽ മെക്കാനിക്കൽ പാക്കേജിൽ അനുബന്ധ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇത്രയും അധികം ചെലവാക്കേണ്ടി വരുന്നത് എന്ന കാര്യം ഏറെ നിരാശ നൽകുന്ന കാര്യമാണ്. വില ഉയർത്തിയിട്ടും ജാപ്പനീസ് ടൂവീലർ ബ്രാൻഡ് യാതൊരു നവീകരണവും വർധനവിന് പിന്നിലെ കാരണവും വിശദീകരിച്ചിട്ടുമില്ല.
ഡിസൈനിലേക്ക് വന്നാൽ 2027 മോഡൽ KLX230 നിലവിലുണ്ടായിരുന്ന പതിപ്പിന് സമാനമാണ്. വാങ്ങുന്നവർക്ക് ലൈം ഗ്രീൻ, ബാറ്റിൽ ഗ്രേ കളർ ഓപ്ഷനുകൾ തന്നെയാണ് ഇപ്പോഴും തെരഞ്ഞെടുക്കാൻ സാധിക്കുക. ഗ്രാഫിക് അപ്‌ഡേറ്റുകൾ പോലും നൽകാൻ കമ്പനി തയാറാവാത്തതും പലരേയും അത്ഭുതപ്പെടുത്തിയേക്കാം. 18.7 bhp കരുത്തിൽ പരമാവധി 19 Nm ടോർക്ക് വികസിപ്പിക്കുന്ന പരിചിതമായ 233 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഏറ്റവും പുതിയ KLX 230 ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

139 കിലോഗ്രാം ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ലൈറ്റ് വെയ്റ്റ് ഷാസിയിലാണ് എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നത്. ഇത് KLX230 മോഡസിനെ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഓഫ്-റോഡ്-ഫോക്കസ്ഡ് മോട്ടോർസൈക്കിളുകളിൽ ഒന്നാക്കി മാറ്റുന്നു. സസ്‌പെൻഷൻ ഹാർഡ്‌വെയറിലും മാറ്റമില്ല. മോട്ടോർസൈക്കിളിൽ ലോംഗ്-ട്രാവൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കും തന്നെയാണ് തുടർന്നും ഉപയോഗിക്കുന്നത്.
ഇത് യഥാക്രമം 220 മില്ലീമീറ്റർ, 223 മില്ലീമീറ്റർ വീൽ ട്രാവലാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രൗണ്ട് ക്ലിയറൻസും സസ്‌പെൻഷൻ ട്രാവലും ബൈക്കിന്റെ ഏറ്റവും ശക്തമായ സവിശേഷതകളിൽ ഒന്നാണ്. ഏത് ഓഫ്-റോഡിലും മിന്നുന്ന പെർഫോമൻസ് കാഴ്ച്ചവെക്കുവാനായി 255 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് കവസാക്കി KLX 230 ഡ്യുവൽ സ്പോർട്ടിൽ ഒരുക്കിയിട്ടുള്ളത്. എന്നിരുന്നാലും 880 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് ചിലർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് KLX 230-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. കവസാക്കി 2027 KLX230 S എന്ന ബൈക്കും പുറത്തിറക്കിയിട്ടുണ്ട്. ഉയരം കുറഞ്ഞ റൈഡർമാരെ ലക്ഷ്യമാക്കി കുറഞ്ഞ സീറ്റ് ഹൈറ്റുമായി വരുന്ന ഈ ബൈക്കിന് പഴയ വില തന്നെയാണ് വേണ്ടി വരുന്നത്. റോഡ്-ലീഗൽ ബൈക്കായ KLX230 ഡ്യുവൽ-സ്പോർടിനൊപ്പം കവസാക്കി 2027 KLX230R S മോഡലും ഇന്ത്യയിൽ അവതരിപ്പിച്ചു.
സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി KLX230R S ഓഫ്-റോഡ് റൈഡിംഗിനും ക്ലോസ്ഡ്-കോഴ്‌സ് ഉപയോഗത്തിനും മാത്രമുള്ളതാണ്. ഇതിന്റെ ഇന്ത്യയിലെ വില 1.89 ലക്ഷം രൂപയാണ് വരുന്നത്. ഭാരം കുറഞ്ഞ ക്യാരക്ടർ, സിമ്പിൾ മെക്കാനിക്കൽ പാക്കേജ്, ഓഫ്-റോഡ് ശേഷി എന്നിവ കാരണം KLX230 ട്രെയിൽ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. വില കൂടിയത് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.


Click it and Unblock the Notifications