94,999 രൂപയ്ക്ക് 140 KM റേഞ്ച്, 75,000 KM വാറണ്ടി! പുതുപുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉർത്തിക്കൊണ്ടുവന്നത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണെന്ന് വേണം പറയാൻ. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം മടിച്ച് നിന്നപ്പോൾ ആംപിയർ, ഒഖിനാവ, ഏഥർ, ഓല തുടങ്ങിയ കമ്പനികളാണ് വൈദ്യുത വിപ്ലവത്തിന് തിരികൊളുത്തിയത്. ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇവികൾ പുറത്തിറക്കി ജനസമ്മതരായവരാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ആംപിയർ (Ampere Electric Scooter). ഇന്നും വിപണിയിൽ പ്രത്യേക സ്ഥാനമുള്ള ഇവി കമ്പനി കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡൽ നിര പുതുക്കാൻ ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ മാഗ്നസ് G മാക്‌സ് എന്ന പുതുമോഡൽ അവതരിപ്പിച്ചുകൊണ്ട് ആംപിയർ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ നിര വിപുലീകരിച്ചിരിക്കുകയാണ്. പ്രായോഗിക ആവശ്യങ്ങൾ, റേഞ്ച്, സ്റ്റോറേജ് സ്പേസ് , ദീർഘകാല ബാറ്ററി വിശ്വാസ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ഫാമിലി യൂസിന് അനുയോജ്യമായ ഇലക്ട്രിക് വാഹനം തിരയുന്നവർക്കുള്ള ഉത്തരം കൂടിയാണിത്.

പരമ്പരാഗത ലിഥിയം അയൺ ബാറ്ററി പായ്ക്കിനെ അപേക്ഷിച്ച് മികച്ച താപ സ്ഥിരതയ്ക്ക് പേരുകേട്ട 3kWh LFP ബാറ്ററിയാണ് മാഗ്നസ് G മാക്‌സിന് കരുത്ത് പകരുന്നത്. ആംപിയർ 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയും പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഇവിക്ക് ഇക്കോ മോഡിൽ 100 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവുമെന്നും കമ്പനി പറയുന്നുണ്ട്.
അതേസമയം ആംപിയർ സിംഗിൾ ചാർജിൽ 142 കിലോമീറ്റർ റേഞ്ചാണ് പുതിയ മാഗ്നസ് G മാക്‌സിൽ അവകാശപ്പെടുന്നത്. ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാലും ആശങ്കപ്പെടേണ്ടതിൻ്റെ ആവശ്യമൊന്നുമില്ല. 20 ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. പൂർണമായും ചാർജാവാൻ ഒരു രാത്രി വേണ്ടിവരുമെന്നതും പ്രായോഗികത വർധിപ്പിക്കും. രാത്രി കിടക്കുന്നതിന് മുമ്പ് ചാർജ് ചെയ്യാൻ ഇട്ടാൽ പകൽ ഉണരുമ്പോഴേക്കും ഇവി ഫുൾ ചാർജാക്കി എടുക്കാം.

33 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസാണ് പുതിയ ആംപിയർ മാഗ്നസ് G മാക്‌സിൻ്റെ മറ്റൊരു ഹൈലൈറ്റുകളിലൊന്ന്. ഇത് സെഗ്‌മെന്റിലെ ഏറ്റവും വലുതും പലചരക്ക് സാധനങ്ങൾ, ഹെൽമെറ്റുകൾ, ദൈനംദിന ഉപയോഗങ്ങൾ എന്നിവയ്‌ക്ക് ഉപയോഗപ്രദവുമായ കൂട്ടിച്ചേർക്കലാണ്. 1.5kW നോമിനൽ ഔട്ട്പുട്ടും 2.4kW പീക്ക് ഔട്ട്പുട്ടും നൽകുന്ന ഒരു ഹബ്-മൗണ്ടഡ് മോട്ടോറിൽ നിന്നാണ് ഇവി പവർ ഉത്പാദിപ്പിക്കുന്നത്.
ഇക്കോ, സിറ്റി, റിവേഴ്‌സ് മോഡ് എന്നിവയും പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഗ്നസ് G മാക്‌സ് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ യോഗ്യമാണ്. ഇന്ത്യൻ റോഡുകൾക്ക് അനുസൃതമായി 165 mm ഗ്രൗണ്ട് ക്ലിയറൻസുള്ള ഡ്യുവൽ-ഫ്രെയിം ഷാസിയിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. 3.5 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, എൽഇഡി ലൈറ്റിംഗ്, ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, ഡ്യുവൽ റിയർ ഷോക്കുകൾ, ടിസിയു വഴി ഓപ്ഷണൽ കണക്റ്റഡ് ടെക് പാക്കേജ് എന്നിവയും സ്കൂട്ടറിനെ അടിപൊളിയാക്കുന്ന ഫീച്ചറുകളാണ്.

മൺസൂൺ ബ്ലൂ, മച്ച ഗ്രീൻ, സിന്നമൺ കോപ്പർ എന്നീ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ആംപിയർ മാഗ്നസ് G മാക്‌സ് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. 94,999 രൂപയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസിനേക്കാൾ പ്രായോഗികതയ്ക്ക് മുൻഗണന നൽകുന്നവർക്ക് കണ്ണുംപൂട്ടി ഈ വാഹനം വാങ്ങിക്കാനാവും കേട്ടോ. ടയർ-1, ടയർ-2 നഗരങ്ങളിൽ ഒരുപോലെ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവിയുടെ വരവ് ആംപിയറിനും ഗുണം ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








