കുറഞ്ഞ വിലയുള്ള സൂപ്പർബൈക്കിന് സ്പെഷ്യൽ എഡിഷനുമായി അപ്രീലിയ, 3.99 ലക്ഷത്തിന് വാങ്ങിക്കാം
ഇന്ത്യയിലെ എന്നല്ല, ആഗോളതലത്തിൽ തന്നെയുള്ള സൂപ്പർബൈക്കുകളുടെ പേര് പറയാൻ പറഞ്ഞാൽ മിക്കവരും ഡ്യുക്കാട്ടിയും കവസാക്കിയും ഹോണ്ടയും ട്രയംഫുമെല്ലാം ആവും ആദ്യം പറയുക. എന്നാൽ ഈ നിരയിലെ പ്രഗത്ഭനായ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയെ പലരും മറന്നുപോവാറുണ്ട്. എന്നിരുന്നാലും വിപണിയിൽ തലയുയർത്തി നിൽക്കുന്ന ബ്രാൻഡ് ഇപ്പോൾ ഇന്ത്യൻ വിപണിയിലും ശക്തമായി പ്രവർത്തിച്ചുവരികയാണ്. രാജ്യത്തിനായി രണ്ട് കിടിലൻ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. കുറഞ്ഞ വിലയുള്ള മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്ക് എന്ന വിശേഷണത്തോടെയെത്തിയ RS 457, ടുവോണോ 457 മോഡലുകൾ തരക്കേടില്ലാത്ത വിജയവും കൈവരിച്ചിരുന്നു.
ആരാധകരിലേക്ക് കൂടുതൽ അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അപ്രീലിയ ഇന്ത്യൻ വിപണിക്കായി ടുവോണോ 457 സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ട്വിൻ സിലിണ്ടർ നേക്കഡ് മോട്ടോർസൈക്കിളിലേക്ക് പുതിയ ഫീച്ചറുകളും രണ്ട് ഹെറിറ്റേജ്-ലിങ്ക്ഡ് കളർ ഓപ്ഷനുകളും നൽകിയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്നത്.

മാംബ ബ്ലാക്ക്, പ്യൂമ ഗ്രേ കളർ ഓപ്ഷനുകളിലാണ് ടുവോണോ 457 സ്പെഷ്യൽ എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ബൈക്ക് വാങ്ങാൻ താത്പര്യമുള്ളവർക്കായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത അപ്രീലിയ ഡീലർഷിപ്പുകളിലൂടെ കമ്പനി പ്രീ-ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. 2006-ലെ അപ്രീലിയ ടുവോണോ 1000R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പതിപ്പ് നിർമിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് 457 മോഡലിൽ നിന്ന് വേർതിരിച്ചറിയാൻ കൂടുതൽ ഷാർപ്പ് ഡീക്കലുകൾ, പുതുക്കിയ അപ്രീലിയ ലോഗോ, ഡാർക്ക് ബോഡി ടോണുകൾ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.
കോംപാക്‌ട് ഫ്ലൈസ്‌ക്രീൻ ഹെഡ്‌ലാമ്പിനോട് ചേർന്ന് ഇരിക്കുകയും സ്മോക്ക്ഡ് ഫിനിഷ് ഉപയോഗിക്കുകയും ചെയ്യുന്നതും കാഴ്ച്ചയിൽ ഭംഗി വർധിപ്പിക്കുന്നുണ്ട്. ടോളർ ഹാൻഡിൽബാറും പുതുക്കിയ സാഡിലും റൈഡർ ട്രയാംഗിളിൽ മാറ്റം വരുത്താനും സഹായിച്ചിട്ടുണ്ട്. ഹാൻഡിൽ ഉയർത്തി വെച്ചിരിക്കുന്നതിനാൽ കൂടുതൽ നിവർന്നിരിക്കാൻ സാധിക്കും. റോഡിൽ നിന്നും എഞ്ചിനിൽ നിന്നുമുള്ള വൈബ്രേഷൻ ട്രാൻസ്ഫർ കുറയ്ക്കുന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ഫോം കോറാണ് ഇപ്പോൾ സീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് സസ്‌പെൻഷൻ സജ്ജീകരണവും പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് അപ്രീലിയ പറയുന്നു. കുഴികളും സ്പീഡ് ബ്രേക്കറുകളും നന്നായി കൈകാര്യം ചെയ്യുന്നതിനായി സസ്പെൻഷൻ സോഫ്റ്റാക്കി. അതേസമയം വ്യത്യസ്ത പ്രതലങ്ങൾക്കായി കംപ്രഷൻ ഡാംപിംഗ് പരിഷ്ക്കരിച്ചിട്ടുമുണ്ട്. രണ്ട് അറ്റങ്ങളിലുമുള്ള പ്രീലോഡ് ക്രമീകരണം ഉപയോഗത്തിനും ലോഡിനും അനുസരിച്ച് സജ്ജീകരണത്തിൽ മാറ്റം വരുത്താനും സാധിക്കുന്നതാണ്.
ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവർ സ്പെഷ്യൽ എഡിഷനിലെ മറ്റൊരു പ്രധാന കൂട്ടിച്ചേർക്കലാണ്. കൈകളുടെ വലുപ്പത്തിനനുസരിച്ച് ലിവർ സ്പാൻ മാറ്റാൻ കഴിയുമെന്നത് വലിയ ഉപകാരമാണ്. ഇവ കൂടാതെ ടുവോണോ 457 സ്പെഷ്യൽ എഡിഷനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പുണ്ടായിരുന്ന അതേ 457 സിസി പാരലൽ-ട്വിൻ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ പരമാവധി 43.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

റൈഡ്-ബൈ-വയർ ത്രോട്ടിൽ, മൾട്ടി-ലെവൽ ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ അപ്രീലിയ ഇലക്ട്രോണിക് സിസ്റ്റങ്ങളും ബൈക്കിൽ ലഭ്യമാണ്. അതേസമയം ഭാരം കുറഞ്ഞ അലുമിനിയം ഷാസിയും മോട്ടോർസൈക്കിളിന്റെ ഒരു പ്രധാന ഭാഗമാണ്. ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പൂർണ എൽഇഡി ലൈറ്റിംഗ്, ഇമ്മൊബിലൈസർ, ത്രീ-ലെവൽ അഡ്ജസ്റ്റബിൾ എൽഇഡി ഇല്യൂമിനേഷൻ എന്നിവയാണ് ടുവോണോ 457 സ്പെഷ്യൽ എഡിഷനിലെ മെയിൻ ഫീച്ചറുകൾ.
ടുവോണോ 457 സ്പെഷ്യൽ എഡിഷന് 4 വർഷത്തെ അല്ലെങ്കിൽ 48,000 കിലോമീറ്റർ വാറണ്ടിയും ലഭിക്കുന്നതിനാൽ കണ്ണുംപൂട്ടി വാങ്ങിക്കാം. ഇതിൽ ഏതാണോ ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയായിരിക്കും വാറണ്ടി നിർണയിക്കുക. പാസഞ്ചർ സീറ്റ് കവർ, യുഎസ്ബി സോക്കറ്റ്, ഹെൽമെറ്റ് കേബിൾ ലോക്ക്, TPMS, ഔട്ട്‌ഡോർ വെഹിക്കിൾ കവർ, ഇലക്ട്രോണിക് ആന്റി-തെഫ്റ്റ് സിസ്റ്റം, ഫോർക്ക് സ്ലൈഡറുകൾ, ചെറിയ മഡ്‌ഗാർഡ്, ക്വിക്ക്ഷിഫ്റ്റർ അപ്/ഡൗൺ, സിന്റേർഡ് ഫ്രണ്ട് ബ്രേക്ക് പാഡുകൾ എന്നിവ ഔദ്യോഗിക ആക്‌സസറിയായും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications