പറഞ്ഞാൽ കേൾക്കും, ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് പുത്തൻ വോയ്‌സ് കമാൻഡ് ഫീച്ചറുമായി ഏഥർ; സംഭവം കൊള്ളാം
പരാതികളും കുറ്റങ്ങളും ഒന്നും കേൾപ്പിക്കാതെ ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കുതിച്ചുപായുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് ഏഥർ എനർജി (Ather Energy). നല്ല ക്വാളിറ്റി ഇവികൾ രാജ്യത്തിനായി സമർപ്പിച്ച കമ്പനി കൃത്യമായ ഇടവേളകളിൽ അവയെ മികച്ചതാക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ റൈഡർമാരുടെ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂട്ടറുകൾക്കായി വോയ്‌സ് കമാൻഡുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഏഥർ. ഫോണോ ടച്ച്‌സ്‌ക്രീനോ ഉപയോഗിക്കുന്നതിന് പകരം വോയ്‌സ് കമാൻഡുകൾ വഴി മിക്ക ജോലികളും പൂർത്തിയാക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.
ഈ പുതിയ ഫീച്ചർ ഏതർസ്റ്റാക്ക് 7 അപ്‌ഡേറ്റിന്റെ ഭാഗമാണെന്ന് ഏഥർ എനർജി പറയുന്നു. ജെൻ 3 ഹാർഡ്‌വെയറിനെയോ പുതിയ പതിപ്പുകളെയോ അടിസ്ഥാനമാക്കിയുള്ള ഏഥർ 450X, 450 അപെക്‌സ്, റിസ്‌ത Z എന്നീ ബ്രാൻഡിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഇപ്പോൾ വോയ്‌സ് കമാൻഡ് പ്രവർത്തനം ലഭ്യമാണ്. അതേസമയം 450S, റിസ്‌ത S എന്നീ മോഡലുകൾ ഉപയോഗിക്കുന്നവർ അൽപം നിരാശരാവേണ്ടി വരും കേട്ടോ.

ഈ മോഡലുകൾ പുതിയ ഫീച്ചറിനെ സപ്പോർട്ട് ചെയ്യില്ലെന്നാണ് ഏഥർ പറയുന്നത്. OTA അപ്‌ഡേറ്റുകൾ വഴിയാണ് വോയ്‌സ് കമാൻഡ് സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഉപയോക്താക്കൾക്ക് ഇതിനകം ഈ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) സ്വാഭാവിക ഭാഷാ പ്രോസസിംഗും ഉപയോഗിച്ചാണ് ഏഥറിന്റെ വോയ്‌സ് കമാൻഡ് ഫീച്ചർ പ്രവർത്തിക്കുന്നത്. വോയ്‌സ് കമാൻഡ് സിസ്റ്റത്തിന് ഇന്ത്യൻ ആക്‌സന്റുകളും ഭാഷാഭേദങ്ങളും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നും ഏഥർ ഉറപ്പാക്കിയിട്ടുണ്ട്.
ബ്രാൻഡിന്റെ ഹാലോ സ്മാർട്ട് ഹെൽമെറ്റിനൊപ്പം പ്രവർത്തിക്കുന്നതിനാണ് ഏഥർ സ്കൂട്ടറുകൾക്കുള്ള വോയ്‌സ് കമാൻഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏത് സ്റ്റാൻഡേർഡ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴിയും ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. നാവിഗേഷൻ, കോളുകൾ, വെഹിക്കിൾ സെറ്റിംഗ്, മീഡിയ കൺട്രോളുകൾ തുടങ്ങിയവയെല്ലാം വോയ്‌സ് കമാൻഡിലൂടെ ക്രമീകരിക്കാൻ കഴിയും.

വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ കഴിയും. പുതിയ ഫീച്ചർ എത്തിയതോടെ വണ്ടിയോടിക്കുന്നവർക്ക് ഇനി ഫോൺ ഉപയോഗിക്കേണ്ടതില്ല അല്ലെങ്കിൽ സ്‌ക്രീനിൽ ഇടയ്ക്കിടെ നോക്കേണ്ട ആവശ്യവും വരുന്നില്ല. ഇതിലൂടെ സുരക്ഷയും ഗണ്യമായി വർധിപ്പിക്കാനും കഴിയും. ഒരു പ്രത്യേക കീവേഡുകളാൽ സിസ്റ്റം പരിമിതപ്പെടുത്തിയിട്ടില്ലാത്തതിനാൽ മിക്ക ജോലികളും വോയ്‌സ് കമാൻഡുകൾ വഴി ചെയ്യാൻ കഴിയും.
വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ സ്കൂട്ടറുകളിൽ ഒരു ടു-വേ കമ്മ്യൂണിക്കേഷൻ ഫംഗ്ഷൻ അവതരിപ്പിക്കാനും ഏഥർ പദ്ധതിയിടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്തിടെ അവതരിപ്പിച്ച വോയ്‌സ് കമാൻഡ് പ്രവർത്തനത്തിന്റെ ഒരു വിപുലീകരണമായിരിക്കും ഇത്. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഏഥറിന്റെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് സ്കൂട്ടറായ റിസ്‌തയുടെ വില 2026 ജൂൺ ഒന്ന് മുതൽ വർധിപ്പിച്ചിട്ടുണ്ട്.

ഏഥർ റിസ്‌തയുടെ ചെറിയ 2.9 kWh ബാറ്ററി പായ്ക്ക് ഉള്ള എൻട്രി ലെവൽ S വേരിയന്റിന് 3,000 രൂപ വില കൂടിയപ്പോൾ ടോപ്പ് സ്‌പെക്ക് Z വേരിയന്റുകൾക്കും വലിയ 3.7 kWh ബാറ്ററി ഉള്ള S വേരിയന്റിനും 4,000 രൂപയും വില കൂടിയിട്ടുണ്ട്. ഇതോടെ ഏഥർ റിസ്‌ത S 2.9 kwh വേരിയന്റിന് 1,21,046 രൂപയും Z 2.9 kwh പതിപ്പിന് 1,39,045 രൂപയുമായി പുതുക്കിയ എക്സ്ഷോറൂം വില.
ഏഥർ ഫാമിലി സ്കൂട്ടറിന്റെ S 3.7 kwh മോഡലിന് 1,43,547 രൂപയും Z 3.7 kwh ട്രിമ്മിന് 1,59,046 രൂപയുമാണ് പുതിയ എക്സ്ഷോറൂം വില. 2.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചാണ് കമ്പനി പറയുന്നത്. അതേസമയം 3.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന റിസ്‌ത വേരിയന്റുകൾക്ക് 159 കിലോമീറ്റർ (IDC) റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications