മറ്റൊരു ഇലക്‌ട്രിക് സ്‌കൂട്ടറിലും ഈ ഫീച്ചർ കിട്ടില്ല, 450X ഇവിയിൽ കിടിലൻ അപ്ഡേറ്റുമായി ഏഥർ
ഓലയോടൊപ്പം (Ola Electric) മത്സരിച്ച് ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജി (Ather Energy). ഇടയ്ക്ക് ഓല ഒടിഞ്ഞുവീണുവെങ്കിലും ഇന്ത്യയിലെ ടൂവീലർ സെഗ്മെൻ്റിലെ അതികായരായ ബജാജിനോടും ടിവിഎസിനോടും ഹീറോ മോട്ടോകോർപ്പിനോടുമെല്ലാം പടവെട്ടി ഇന്നും വെന്നിക്കൊടി പാറിക്കുകയാണ് ഏഥർ. കൃത്യമായ നവീകരണങ്ങൾ നടപ്പിലാക്കുന്നത് മാത്രമല്ല, സർവീസിംഗിലും സെയിൽസിലുമെല്ലാം ഉപഭോക്താക്കളെ വെറുപ്പിക്കാതെ മുമ്പോട്ട് കൊണ്ടുപോവാനും ബ്രാൻഡിനാവുന്നുണ്ട്. ഏഥറിൻ്റെ നിരയിലെ ഫ്ലാഗ്ഷിപ്പ് മോഡലായ 450X ഇവിയിലേക്ക് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്.
ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടറിനായി ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. അതിൽ ഇൻഫിനിറ്റ് ക്രൂയിസ് എന്ന ഫീച്ചർ ചേർത്തിട്ടുണ്ട് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇത് ദൈനംദിന നഗര യാത്ര എളുപ്പമാക്കുന്നതിനും ആക്‌സിലറേറ്റർ തിരിച്ച് റൈഡർ ക്ഷീണിക്കാതിരിക്കാനുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്‌ഡേറ്റ് ഓവർ ദി ഇയർ വഴിയാണ് വിതരണം ചെയ്യുന്നത്.

അതായത് നിലവിലെ ഉടകൾക്കെല്ലാം ഈ ഫീച്ചർ സ്വന്തമാക്കാനാവുമെന്ന് സാരം. ഇൻഫിനിറ്റ് ക്രൂയിസ് എന്നത് സാധാരണയായി കണ്ടുവരുന്ന ക്രൂയിസ് കൺട്രോൾ അല്ല. ഹൈവേകളിലും സ്ഥിരമായ വേഗതയിലും മാത്രമായി പരിമിതപ്പെടുത്തുന്നതിന് പകരം ഇന്ത്യയിലെ ഗതാഗത സാഹചര്യങ്ങൾ മനസിൽ കണ്ടുകൊണ്ടാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നഗരങ്ങളിൽ, സ്കൂട്ടറുകൾ പലപ്പോഴും കുറഞ്ഞ വേഗതയിലാണല്ലോ സഞ്ചരിക്കുന്നത്.
ഇടയ്ക്കിടെയുള്ള സ്റ്റോപ്പുകൾ, റോഡിലെ കുഴികൾ, പെട്ടെന്നുള്ള ലൈൻ മാറ്റങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഇൻഫിനിറ്റ് ക്രൂയിസിന് കഴിയും. കൃത്യമായി അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ഈ സംവിധാനത്തിനാവുമെന്നാണ് ഏഥർ എനർജി ലിമിറ്റഡ് അവകാശപ്പെടുന്നത്. ഇൻഫിനിറ്റ് ക്രൂയിസ് ആക്റ്റീവ് ചെയ്‌താൽ റൈഡർ ബ്രേക്ക് ചെയ്താലും ആക്സിലറേറ്റ് ചെയ്താലും ഈ ക്രൂയിസ് കൺട്രോൾ ഫീച്ചർ സജീവമായി തുടരും.

ഇവിടെ സിസ്റ്റം പുതിയ വേഗതയിലേക്ക് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുകയാണ് ചെയ്യുക. ഇതുവഴി സ്പീഡ് കുറയ്ക്കുമ്പോഴോ വേഗത കൂടുമ്പോഴോ ഇൻഫിനിറ്റ് ക്രൂയിസ് വീണ്ടും ഓണാക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു. സ്റ്റോപ്പ്-ആൻഡ്-ഗോ ട്രാഫിക്കിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ 450X ഇലക്‌ട്രിക് സ്‌കൂട്ടർ മൊത്തത്തിൽ വേറെ ലെവലാവുന്നുവെന്ന് പറയാം.
മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെയുള്ള സ്പീഡുകളിൽ ഈ ഫീച്ചറിന് പ്രവർത്തിക്കാനാവുമെന്നും കമ്പനി പറയുന്നു. വ്യത്യസ്ത ഗതാഗത പ്രവാഹങ്ങളുമായി പൊരുത്തപ്പെടുന്ന സിറ്റിക്രൂയിസ്, പവർ ഡെലിവറി ക്രമീകരിച്ചും റിജെനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിച്ചും ഇറക്കങ്ങളിലും കയറ്റങ്ങളിലും സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്ന ഹിൽ കൺട്രോൾ തുടങ്ങിയ ഒന്നിലധികം പ്രവർത്തനങ്ങളും ഇൻഫിനിറ്റ് ക്രൂയിസ് സംയോജിപ്പിക്കുന്നു.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ കുറഞ്ഞ വേഗതയിൽ റൈഡ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള ക്രാൾ കൺട്രോളും 450X ഇവിയിലുണ്ട്. തെന്നിവീഴാൻ സാധ്യതയുള്ളയിടങ്ങളിൽ മികച്ച ഗ്രിപ്പിനായി ട്രാക്ഷൻ കൺട്രോൾ സപ്പോർട്ടും ലഭിക്കും. 2025 ജനുവരി 1 മുതൽ സ്‌കൂട്ടറുകൾ വാങ്ങിയ 44,000-ത്തിലധികം ഏഥർ 450X ഉടമകൾക്ക് ഈ അപ്‌ഡേറ്റിൻ്റെ ഭാഗമായി ഇൻഫിനിറ്റ് ക്രൂയിസ് ലഭിക്കും. അതിനാൽ നിലവിലെ ഉടമകൾക്കും സന്തോഷിക്കാൻ വകയുണ്ടെന്ന് സാരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








