കംപ്ലയിന്റ് തീരെയില്ല, നല്ല സർവീസും! ഇനി വേഗത്തിൽ ചാർജും ചെയ്യാം, ഇലക്‌ട്രിക് സ്‌കൂട്ടറിനെ കളറാക്കി ഏഥർ
ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ അജയ്യരായി കുതിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഏഥർ എനർജി. ഇന്ന് നിലവിലുള്ള പല ബ്രാൻഡുകളും വൈദ്യുത വാഹന രംഗത്തേക്ക് കാലുകുത്തുന്നതിന് മുമ്പേ തന്നെ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് പരാതികളും പരിഭവങ്ങളും കേൾപ്പിക്കാതെയാണ് മുമ്പോട്ട് കുതിക്കുന്നതും. ശരിക്കും പറഞ്ഞാൽ തുടക്കത്തിൽ ഓല കാണിച്ച മണ്ടത്തരങ്ങളൊന്നും ഏറ്റുപിടിക്കാനോ മാതൃതയാക്കാനോ ഏഥർ ശ്രമിക്കാതെ സ്വയം വഴിവെട്ടി മുമ്പോട്ട് പോവാനാണ് തീരുമാനിച്ചത്. ഇതുതന്നെയാണ് ബ്രാൻഡിനെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്തിയതും. മാത്രമല്ല, കൃത്യമായ ഇടവേളകളിൽ നവീകരിക്കാനും ഏഥറിന് പ്രത്യേക മിടുക്കുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ നിരയിലെ ജനകീയനായ 450X ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് ഓവർടോൺസ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ഏഥർ എനർജി. മൂന്ന് പുതിയ ഡ്യുവൽ-ടോൺ നിറങ്ങൾ, അപ്‌ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ, ക്വിക്കർ ചാർജിംഗ് എന്നിവ പോലുള്ള അപ്ഡേറ്റുകളോടെയാണ് ഏഥർ 450X ഓവർടോൺസ് സീരീസ് വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റിൽ വൈറ്റ്, സ്‌പേസ് ഗ്രേ, ലൂണാർ ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളും മോഡലിലുണ്ട്.

കൂടാതെ പുതിയ സുരക്ഷാ സവിശേഷതകൾ, വോയ്‌സ് കമാൻഡുകൾ എന്നിവ നിലനിർത്തിക്കൊണ്ട് തന്നെയാണ് പുത്തനൊരു വേരിയന്റിനെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം 450X സ്റ്റാൻഡേർഡ് മോഡലുകൾ ഇപ്പോഴും സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതിയ കളർ ഓപ്ഷനുകൾക്ക് 1,000 രൂപ കൂടി അധികം മുടക്കേണ്ടി വരുമെന്ന് മാത്രം. ഇതോടെ ഡ്യുവൽ-ടോൺ നിറങ്ങൾ ഉൾപ്പെടെ ഇവിയിൽ ലഭ്യമായ ആകെ കളർ ഓപ്ഷനുകൾ ഏഴായി.
ഓട്ടോ ഹോൾഡ്, മാജിക് ട്വിസ്റ്റ്, മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകളോടൊപ്പം ഇൻഫിനിറ്റ് ക്രൂയിസ് സവിശേഷതയും ഏഥർ 450X ഇവിയുടെ ഓവർടോൺസ് സീരീസിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രാഷ്അലർട്ട്, പാർക്ക്സേഫ്, ലോക്ക്സേഫ് എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഏഥർസ്റ്റാക്ക് 7 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറിൽ വോയ്‌സ് കമാൻഡ് പ്രവർത്തനം ലഭ്യമാണ്.

വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാനും ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് പോലുള്ള പ്രധാന വാഹന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും റൈഡർമാരെ അനുവദിക്കുന്ന 'വോയ്‌സ് ഓൺ ഏഥർ' സോഫ്റ്റ്‌വെയർ അവതരിപ്പിക്കുന്നു. ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) സ്വാഭാവിക ഭാഷാ പ്രോസസിംഗും ഉപയോഗിച്ചാണ് ഏഥറിന്റെ വോയ്‌സ് കമാൻഡ് ഫീച്ചർ പ്രവർത്തിക്കുന്നത്.
വോയ്‌സ് കമാൻഡ് സിസ്റ്റത്തിന് ഇന്ത്യൻ ആക്‌സന്റുകളും ഭാഷാഭേദങ്ങളും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നും ഏഥർ ഉറപ്പാക്കിയിട്ടുണ്ട്. ഓവർടോൺസ് സീരീസ് അപ്‌ഡേറ്റിന്റെ ഭാഗമായി 700W യൂണിറ്റിന് പകരമായി 450X ഇവിയിൽ സ്റ്റാൻഡേർഡായി പുതിയ 900W ചാർജർ ഏഥർ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ചാർജർ ഉപയോഗിക്കുമ്പോൾ ബാറ്ററി റീചാർജിംഗ് സമയം 30 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി പറയുന്നു.

ഏഥർ എനർജിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറാണ് 450X. ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം 90 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് വെറും 3.3 സെക്കൻഡ് സമയം മാത്രമാണ് വേണ്ടി വരിക. പുതുതായി അവതരിപ്പിച്ച 126 കിലോമീറ്റർ റേഞ്ച് പതിപ്പുള്ള ഇലക്ട്രിക് സ്കൂട്ടറിന്റെ സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾക്ക് 1.52 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
അതേസമയം 450X ഓവർടോൺസ് സീരീസിലെ പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾക്ക് 1.53 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകേണ്ടി വരും. ഉയർന്ന 162 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഏഥർ 450X പതിപ്പിന് 10,500 രൂപ കൂടി അധികമായി നൽകേണ്ടി വരും. കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുന്ന ആതർസ്റ്റാക്ക് പ്രോ പാക്കേജ് തിരഞ്ഞെടുക്കുന്നതിന് 24,500 രൂപയും അധികം മുടക്കേണ്ടതായുണ്ട്.


Click it and Unblock the Notifications