ബാറ്ററി ചെറുതാക്കി, റേഞ്ച് കൂട്ടി! ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് പുത്തൻ മാറ്റങ്ങളുമായി ഏഥർ; വിലയും പഴയത്
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ അധികം ചീത്തപ്പേര് കേൾപ്പിക്കാതെ മുമ്പോട്ട് പോവുന്ന ബ്രാൻഡാണ് ഏഥർ എനർജി. കൃത്യമായ ഇടവേളകളിൽ ആളുകളുടെ മനസറിഞ്ഞ് ഇവികളിൽ മാറ്റങ്ങൾ വരുത്താനും കമ്പനി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരുടെ ജനപ്രിയ ഫാമിലി ഇവിയായ റിസ്‌തയിലേക്കും 450 സീരീസിലേക്കും പുത്തനൊരു മാറ്റവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി. രണ്ട് മോഡലുകളുടേയും ബാറ്ററി ശേഷിയിൽ ചെറുതെങ്കിലും നിർണായകമായ ഒരു നവീകരണമാണ് ഏഥർ എനർജി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. റിസ്‌തയിൽ പൂർണമായും പുതിയൊരു ബാറ്ററി കെമിസ്ട്രിയും അവതരിപ്പിച്ചിട്ടുണ്ട്.
റിസ്‌തയിലെ മാറ്റങ്ങളിൽ നിന്നും തുടങ്ങാം. ഇലക്‌ട്രിക് സ്‌കൂട്ടറിലെ ബാറ്ററി ശേഷിയിലും കെമിസ്ട്രിയിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കുകളുമായാണ് മോഡൽ വിപണിയിലെത്തിയിരുന്നത്. ഇപ്പോൾ ഈ ബാറ്ററി പായ്ക്കുകളുടെ വലിപ്പം യഥാക്രമം 2.7kWh, 3.5kWh എന്നിങ്ങനെയായി പരിഷ്ക്കരിച്ചിരിക്കുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി ശേഷി കുറഞ്ഞുവെങ്കിലും റേഞ്ചിൽ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം. ഏഥർ റിസ്‌തയിലെ ചെറിയ പായ്ക്കിൽ വാഗ്ദാനം ചെയ്‌തിരുന്ന 123 കിലോമീറ്റർ IDC റേഞ്ച് അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ 3.7kWh പതിപ്പിലെ റേഞ്ച് 159 കിലോമീറ്ററിൽ നിന്ന് 161 കിലോമീറ്ററായി ഉയർന്നിട്ടുണ്ട്. ബാറ്ററി പായ്ക്കിൽ കുറച്ച് സെല്ലുകൾ ഉപയോഗിച്ചിട്ടും കൂടുതൽ റേഞ്ച് പുറത്തെടുക്കാൻ കഴിയുന്നത് കൈയടി അർഹിക്കുന്നുണ്ട്.
ഇത് കമ്പനിക്കും ഉപഭോക്താവിനും ഒരുപോലെ പ്രയോജനകരമാവുന്ന സംഗതിയാണ്. മറ്റൊരു മാറ്റം റിസ്‌തയുടെ ചെറിയ ബാറ്ററി വേരിയന്റുകളിൽ ഏഥർ ഇപ്പോൾ ലിഥിയം ഫെറസ് ഫോസ്ഫേറ്റ് (LFP) കെമിസ്ട്രി ബാറ്ററി പായ്ക്കുകളും ഉപയോഗിക്കുന്നുണ്ട്. മിക്ക കേസുകളിലും LFP പായ്ക്കുകൾക്ക് തുല്യമായ NMC പായ്ക്കുകളേക്കാൾ കുറഞ്ഞ ഊർജ സാന്ദ്രത മാത്രമേ ഉണ്ടാകൂ. എന്നാൽ കുറഞ്ഞ ഊർജ സാന്ദ്രതയുള്ള ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ചിട്ടും റേഞ്ചിൽ ചെറിയ പുരോഗതി കൈവരിക്കാനായത് അതിശയമുണ്ടാക്കിയേക്കാം.

ബാറ്ററി പായ്ക്കുകളിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഏഥർ ഇലക്ട്രിക് സ്കൂട്ടറുകളിൽ അവകാശപ്പെടുന്ന പെർഫോമൻസ്, ചാർജിംഗ് സമയം, ബാറ്ററി വാറണ്ടി എന്നിവ അതേപടി തുടരും എന്നതും ശ്രദ്ധേയമാണ്. ബാറ്ററി പായ്ക്കിന്റെ വലിപ്പമോ ഘടനയോ എന്തുതന്നെയായാലും ഇതിലൊന്നും യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ റിസ്‌തിൽ NMC സെല്ലുകൾ ഉപയോഗിക്കുന്നത് തുടരുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതിനാൽ ചില സ്കൂട്ടറുകൾ LFP സെല്ലുകളുമായാണ് വരുന്നത്. മറ്റുള്ളവ NMC സെല്ലുകളുമായിരിക്കും. ഉപഭോക്താക്കൾക്ക് ഇതിൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയില്ല. കാരണം ഏത് പായ്ക്ക് ഉപയോഗിക്കണമെന്ന് വിതരണത്തെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. ഇനി ഏഥർ 450 ശ്രേണിയുടെ കാര്യത്തിലേക്ക് വന്നാൽ താരതമ്യേന കൂടുതൽ ഊർജം ആവശ്യമുള്ള NMC ബാറ്ററികൾക്കൊപ്പം മാത്രമായി തുടർന്നും വാഗ്ദാനം ചെയ്യും.

450 മോഡലുകളുടെ ബാറ്ററി ശേഷി 3.7kWh പതിപ്പിൽ നിന്ന് 3.5kWh ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം സ്പോർട്ടി സ്കൂട്ടറിലെ റേഞ്ച് 161 കിലോമീറ്ററായി തന്നെ തുടരും. ഇവിയിലെ ചെറിയ ബാറ്ററി പായ്ക്കിന് 2.9kWh ശേഷി തന്നെയാവും ഉണ്ടാവുക. 450X വേരിയന്റുകൾ ഫുൾ ചാർജിൽ 126 കിലോമീറ്ററും 450S പതിപ്പുകൾ 122 കിലോമീറ്റർ റേഞ്ചുമാണ് തുടർന്നും വാഗ്ദാനം ചെയ്യുക. രണ്ട് സ്കൂട്ടറുകളിലും വലിയ ബാറ്ററി വകഭേദങ്ങൾ പുതിയതും കൂടുതൽ ശക്തവുമായ 900W പോർട്ടബിൾ ചാർജറും ലഭിക്കുന്നതായിരിക്കും.
ഇതോടെ ബാറ്ററി 0-80 ശതമാനം ചാർജ് ചെയ്യാൻ 3 മണിക്കൂർ 12 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരിക. ഇത് മുമ്പത്തെ ചാർജറിന്റെ 4 മണിക്കൂർ 30 മിനിറ്റ് സമയത്തേക്കാൾ ഗണ്യമായ കുറവാണ്. ഏഥർ എനർജിയുടെ ഇലക്ട്രിക് സ്കൂട്ടറുകളിലെ ഈ മാറ്റങ്ങൾ ഉപഭോക്തൃ അനുഭവത്തെ പ്രതികൂലമായി ബാധിക്കില്ലെങ്കിലും ഇവികളുടെ വിലകൾ മുമ്പത്തെപ്പോലെ തന്നെ തുടരും. EL പ്ലാറ്റ്ഫോമിൽ പുതിയൊരു ബജറ്റ് ഫ്രണ്ട്ലി മോഡൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ.


Click it and Unblock the Notifications