ബജാജിന്റെ മൈലേജ് കിങ്, സ്പ്ലെൻഡർ കാരണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞു! മെയിൽ ആകെ വിറ്റത് 26,476 യൂണിറ്റുക
ഇന്ത്യയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യം ഒരിടയ്ക്ക് തകർത്തെറിഞ്ഞ മോഡലായിരുന്നു ബജാജ് പ്ലാറ്റിന. പെട്രോള്‍ മണപ്പിച്ചാല്‍ തന്നെ കിടിലൻ മൈലേജ് കിട്ടുമെന്ന് ഇന്നും പറയുന്ന ബൈക്ക് ഇപ്പോഴും രാജ്യത്തെ ടോപ്പ് സെല്ലിംഗ് ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ്. സാധാരണക്കാരന്റെ പോക്കറ്റിന് എന്നും സ്യൂട്ടാവുന്ന പ്ലാറ്റിന ഒരു വികാരമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എന്നും സ്പ്ലെൻഡറിന്റെ പേടി സ്വപ്നമായിരുന്ന മോട്ടോർസൈക്കിൾ പക്ഷേ കുറച്ചുകാലമായി വിപണിയിൽ നിന്നും വലിയ മത്സരമാണ് നേരിടുന്നത്. ഇതിനിടയിൽ പെട്ട് വിൽപ്പനയും വലിയ തോതിൽ കുറഞ്ഞുവരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഇക്കഴിഞ്ഞ മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ പ്ലാറ്റിനയുടെ 26,476 യൂണിറ്റുകൾ മാത്രമാണ് ബജാജ് ഓട്ടോയ്ക്ക് വിൽക്കാനായത്. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തെ 27,919 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 5.20 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കും പ്ലാറ്റിന വീണു.

പ്രതിമാസക്കണക്കുകളിലും വീഴ്ച്ച സംഭവിക്കുന്നത് ബജാജിന് വലിയ ആശങ്ക സമ്മാനിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് മാസത്തില്‍ ആകെ 32,822 യൂണിറ്റ് പ്ലാറ്റിന ബൈക്കുകളായിരുന്നു കമ്പനി ഇന്ത്യന്‍ നിരത്തുകളിൽ എത്തിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ മാസമായപ്പോഴേക്കും വിൽപ്പന 24,737 യൂണിറ്റുകളായി ചുരുങ്ങിയതായി കാണാം. ഇവിടുന്നാണ് പോയമാസം 26,476 യൂണിറ്റുകളായി മാറിയത്. എന്തായാലും ഇടിവ് നികത്താൻ മോഡലിലേക്ക് അധികം വൈകാതെ കമ്പനി എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുമോയെന്നത് കണ്ടറിയണം.
എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പിൽ നിന്നും നേരിടുന്ന കടുത്ത മത്സരമാണ് പ്ലാറ്റിനയുടെ വില്‍പ്പന വലിയ രീതിയില്‍ ഇടിയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാവുന്നത്. ഈ സെഗ്മെന്റിൽ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന ഹീറോയുടെ ഐതിഹാസിക മോഡലായ സ്പ്ലെന്‍ഡര്‍, HF ഡീലക്സ് എന്നിവയോട് അത്രവേഗമൊന്നും കിടപിടിക്കാൻ പ്ലാറ്റിനയ്ക്ക് സാധിക്കുന്നില്ല.

ബജാജ് പ്ലാറ്റിന നിലവിൽ 100 സിസി, 110 സിസി എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. റോഡുകളില്‍ സുഗമമായ റൈഡിംഗ് അനുഭവം നല്‍കുന്നതിനായി 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 102 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിന് 7,500 ആർപിഎമ്മിൽ 7.7 bhp പവറും 5,500 ആർപിഎമ്മിൽ 8.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മറുവശത്ത് പ്ലാറ്റിന 110 115.45 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ യൂണിറ്റ് 7,000 ആർപിഎമ്മിൽ 8.4 bhp കരുത്തും 5,000 ആർപിഎമ്മിൽ 9.81 Nm ടോർക്കും നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്ത ഇലക്ട്രോണിക് കാര്‍ബ്യുറേറ്റര്‍ സാങ്കേതികവിദ്യയാണ് ഇപ്പോഴും മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ബജാജ് പ്ലാറ്റിന് 100 മോഡലിന് 170 മുതല്‍ 75 കിലോമീറ്റര്‍ വരെയും പ്ലാറ്റിന് 110 മോഡലിന് 70 കിലോമീറ്ററും മൈലേജ് ലഭിച്ചതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം റോഡുകളിലെ കുഴികള്‍ സുഗമമായി മറികടക്കാന്‍ സഹായിക്കുന്നതിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ബജാജിന്റെ പ്രശസ്തമായ എസ്എന്‍എസ് (SNS) സസ്പെന്‍ഷന്‍ സംവിധാനവുമാണ് നല്‍കിയിട്ടുള്ളത്.
ഇതില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. കൂടാതെ രാത്രികാല യാത്രകളില്‍ മികച്ച കാഴ്ച ലഭിക്കുന്നതിനായി എല്‍ഇഡി ഡിആര്‍എല്‍ (LED DRL) ഹെഡ്ലാമ്പ് സംവിധാനവും ഇതിലുണ്ട്. വളരെ ലളിതമായ മെയിന്റനന്‍സ് ചെലവുകള്‍ മാത്രമാണ് ഈ എന്‍ട്രി ലെവല്‍ മോഡലിന് വരുന്നത്. നിലവില്‍ 68711 രൂപ മുതലാണ് ബജാജ് പ്ലാറ്റിന 100 മോഡലിന്റെ വില തുടങ്ങുന്നത്. അതേസമയം 72428 രൂപ മുതല്‍ പ്ലാറ്റിന 110 സ്വന്തമാക്കാം.


Click it and Unblock the Notifications