വാങ്ങാൻ ആളില്ല, 92,270 രൂപ വിലയുണ്ടായിരുന്ന ബേബി പൾസർ നിർത്തലാക്കി ബജാജ്! ഇനി ഇന്ത്യയിൽ വാങ്ങാൻ കിട്ടില്ല
ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തീപ്പൊരി പാറിക്കാനായി ബജാജ് കൊണ്ടുവന്ന ഏറ്റവും പുതിയ പൾസർ മോഡലായിരുന്നു N125. ടിവിഎസ് റൈഡർ, ഹോണ്ട ഹോർനെറ്റ്, ഹീറോ എക്‌സ്‌ട്രീം തുടങ്ങിയ ബേബി സ്പോർട് ബൈക്കുകൾ അരങ്ങുവാഴുന്ന നിരയിൽ വെറൈറ്റി ലുക്കുണ്ടായിരുന്ന പൾസറിന് പക്ഷേ ക്ലച്ചുപിടിക്കാനായില്ല. പുതിയ ഷാസി, ഡിസൈൻ, എഞ്ചിൻ എന്നിവയെല്ലാം കോർത്തിണക്കി എത്തിയിട്ടും വാങ്ങാൻ ആളുകളില്ലായിരുന്നുവെന്ന് പറയുന്നതാവും ശരി. പൾസർ ക്ലാസിക്, NS125 ആവർത്തനങ്ങൾക്ക് ശേഷം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന മൂന്നാമത്തെ 125 സിസി പൾസർ എന്ന ഖ്യാതിയും ഇതിനുണ്ടായിരുന്നു.
ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും N125 ഫ്ലോപ്പായതിൽ ബജാജിന് ഏറെ സങ്കടമുണ്ടാവും. വിൽപ്പന കുറവുള്ള ബൈക്കുകളെ അധികകാലം വിപണിയിൽ തളച്ചിടാൻ പണ്ടും ബജാജ് കാര്യമായ പ്രോത്സാഹനം നൽകാറില്ല. അതുതന്നെയാണ് ബേബി N മോഡലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. എൽഇഡി ഡിസ്‌ക്, എൽഇഡി ഡിസ്‌ക് ബിടി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കമ്മ്യൂട്ടർ സ്പോർട് ബൈക്ക് ആകർഷകമായ വിലയിലാണ് വാഗ്ദാനം ചെയ്‌തതും.

ബൈക്ക് അഡ്‌വൈസിന്റെ റിപ്പോർട്ട് അനുസരിച്ച് പൾസർ N125 കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഡീലർമാരിലേക്ക് ബൈക്ക് എത്തിക്കുന്നത് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ മോഡൽ നിർത്തലാക്കിയെങ്കിലും വിദേശ വിപണികൾക്കായുള്ള ഉത്പാദനം തുടരുകയാണിപ്പോൾ. നേപ്പാൾ, പെറു, കൊളംബിയ, മൊറോക്കോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് പൾസർ N125 കയറ്റിയയക്കുന്നുണ്ട്.
ഇന്ത്യയിൽ 2 വേരിയൻ്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് ബജാജ് പൾസർ N125 സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ലഭ്യമായിരുന്നത്. പർപ്പിൾ ഫ്യൂറി, കോക്ടെയ്ൽ വൈൻ റെഡ്, സിട്രസ് റഷ്, എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ് എന്നീ ഇടിവെട്ട് നിറങ്ങൾ മോഡലിന് വല്ലാത്തൊരു ആകർഷണവും നൽകിയിരുന്നു. N150 പതിപ്പിൽ നിന്ന് 17 ഇഞ്ച് അലോയ് വീലുകൾ കടമെടുത്താണ് ബജാജ് N125 ഡിസൈൻ ചെയ്‌തതും.

125 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് പൾസർ N125 മോഡലിന് തുടിപ്പേകാൻ എത്തിയിരുന്നത്. 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 11.8 bhp കരുത്തും 6,000 ആർപിഎമ്മിൽ 11 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. പുതിയ ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതിനാൽ വെറും 125 കിലോഗ്രാം ഭാരം മാത്രമായിരുന്നു ബേബി NS പതിപ്പിനുണ്ടായിരുന്നത്.
ബൈക്കിന് ഭാരം കുറവായതിനാൽ മികച്ച പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടായിരുന്നു. 9.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 30 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, 130 എംഎം റിയർ ഡ്രം ബ്രേക്ക്, കോംബി ബ്രേക്കിംഗ് എന്നിവ സ്റ്റാൻഡേർഡായി തന്നെ ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട് കമ്പനി. ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളായിരുന്നു മെയിൻ.

എൽഇഡി ഡിസ്ക് BT വേരിയൻ്റിൽ കൺസോളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. ഇത് കോൾ അലേർട്ടുകളും SMS നോട്ടിഫിക്കേഷനുകളും റൈഡറിന് ക്ലസ്റ്ററിൽ അറിയാനാവും. എൽഇഡി ഹെഡ്‌ലാമ്പുകൾ, ടു പീസ് എൽഇഡി ടെയിൽ ലാമ്പ്, ഹാലൊജൻ ബൾബ് ടേൺ ഇൻഡിക്കേറ്ററുകൾ, സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം, സിംഗിൾ-പീസ് ഗ്രാബ് റെയിൽ എന്നിവയായിരുന്നു ബജാജ് പൾസർ NS125 മോഡലിലെ മറ്റ് ഹൈലൈറ്റുകൾ.
ബ്രേക്കിംഗിനായി 240 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് വാഗ്ദാനം ചെയ്‌തിപിന്ത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് സസ്‌പെൻഷൻ, ബോക്‌സ് സെക്ഷൻ സ്വിംഗ്ആം എന്നിവ സ്റ്റാൻഡേർഡായി N125 മോഡലിൽ വരുന്നത് റൈഡിംഗ് കംഫർട്ടബിളാക്കിയിരുന്നു. ഇന്ത്യയിൽ നിർത്തലാക്കുന്നതിന് മുമ്പ് ബജാജ് പൾസർ N125 മോട്ടോർസൈക്കിളിന് 92,270 രൂപ മുതലായിരുന്നു എക്സ്ഷോറൂം വില ആരംഭിച്ചിരുന്നതും.


Click it and Unblock the Notifications