എളുപ്പത്തിൽ കാലുകുത്താം, ഏറ്റവും സീറ്റ് ഹൈറ്റ് കുറഞ്ഞ ബൈക്കുകൾ! ലിസ്റ്റ് കണ്ടാൽ ചിലപ്പോൾ വണ്ടറടിക്കും
ബൈക്ക് ഓടിക്കാനും സ്വന്തമാക്കാനും ആഗ്രഹിക്കാത്ത യൂത്തൻമാർ ഉണ്ടാവില്ല അല്ലേ. അതിപ്പോൾ ഏത് പ്രായമായാലും അക്കാര്യത്തിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോഴാണെങ്കിൽ ആൺ-പെൺ വേർതിരിവില്ലാതെ മോട്ടോർസൈക്കിൾ ഓടിക്കുന്നവർ അനേകമാണ്. സ്ത്രീകൾക്ക് വരെ പാകമാവുന്ന തരത്തിൽ സീറ്റ് ഹൈറ്റ് കുറഞ്ഞ അനേകം മോഡലുകൾ എത്തിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. ലേഡീസിന് മാത്രമല്ല കേട്ടോ ഉയരം കുറഞ്ഞ പുരുഷൻമാർക്കും പലപ്പോഴും ബൈക്കുകളുടെ സീറ്റ് ഹൈറ്റ് പ്രശ്‌നമാവാറുണ്ട്. ഇത്തരമൊരു ഗ്രൂപ്പിൽ പെടുന്നയാളാണ് നിങ്ങളെങ്കിൽ ഉയരം കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ കൊണ്ടുനടക്കാൻ പറ്റിയ സീറ്റ് ഹൈറ്റ് കുറഞ്ഞ ചില മോഡലുകൾ പറഞ്ഞുതരാം.
ടിവിഎസ് റൈഡർ 125
ടിവിഎസ് റൈഡർ ജനപ്രിയമായതിന്റെ പ്രധാന കാരണം അതിന്റെ ലൈറ്റ് വെയ്‌റ്റ് ഡിസൈനും കുറഞ്ഞ സീറ്റ് ഹൈറ്റുമാണ്. വെറും 780 mm സീറ്റ് ഉയരമുള്ള സ്പോർട്ടി കമ്മ്യൂട്ടർ ബൈക്ക് ട്രാഫിക്കിൽ പോലും അനായാം കൈകാര്യം ചെയ്യാനാവും. കുറഞ്ഞ ഭാരത്തിനൊപ്പം കിടിലൻ പെർഫോമൻസ് തരുന്ന 124.8 സിസി എഞ്ചിനും കൂടിയാവുമ്പോൾ സംഗതി കളറാവും. ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 82,860 രൂപ മുതലാണ് ആരംഭിക്കുന്നത്.

റോയൽ എൻഫീൽഡ് ഹണ്ടർ 350
സ്ത്രീകൾ കൂടുതലായും ബൈക്ക് ഉപയോഗിക്കാൻ കാരണക്കാരനായ മുതലാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350. ഇവന്റെ വരവോടെ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ പലരും വീക്ഷിച്ചിരുന്ന രീതി തന്നെ മാറിമറിഞ്ഞുവെന്ന് വേണം പറയാൻ. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡൽ എന്നതിലുപരി 790 mm സീറ്റ് ഹൈറ്റും കൂടിയായപ്പോഴാണ് ആളുകൾ വേട്ടക്കാരനെ തിരക്കിയിറങ്ങിയത്.
കുറഞ്ഞ സീറ്റ് ഹൈറ്റും കൂടുതൽ ഒതുക്കമുള്ള രൂപവും ഹണ്ടറിനെ കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പമാക്കി. സാധാരണ എൻഫീൽഡ് മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു ഇത്. മുമ്പ് 350 സിസി മോട്ടോർസൈക്കിളുകൾ ഒഴിവാക്കിയിരുന്ന നിരവധി ഉയരം കുറഞ്ഞ ആളുകൾ ഹണ്ടറിനെ പരിഗണിച്ചത് ഇതേ കാരണത്താലാണ്. പ്രാരംഭ എക്സ്ഷോറൂം വില 1.38 ലക്ഷം രൂപ മുതലാണ്.

ടിവിഎസ് റോണിൻ
നിയോ റെട്രോ മോട്ടോർസൈക്കിൾ വിപണിയിൽ റോയൽ എൻഫീൽഡ് ഹണ്ടറിന്റെ മുഖ്യ എതിരാളിയാണ് ടിവിഎസ് റോണിൻ 225. നല്ല മൈലേജും, സിറ്റിയിലും ഹൈവേയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള പെർഫോമൻസുമാണ് റോണിൻ്റെ ശക്തി. ഒപ്പം 795 mm സീറ്റ് ഹൈറ്റും കൂടിയാവുമ്പോൾ പൊക്കം കുറഞ്ഞ ആളുകൾക്കും ബൈക്ക് അനുയോജ്യമാണ്. 159 കിലോഗ്രാം ഭാരവും 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് റോണിനുള്ളത്.
1.31 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ബൈക്കിന് വ്യത്യസ്‌ത വേരിയന്റുകളുമുണ്ട്. ഹണ്ടർ പോലെ വിജയം ആയില്ലെങ്കിലും റോണിൻ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ ടിവിഎസിനായിട്ടുണ്ട്. USD ഫോർക്കുകൾ, എൽഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങിയ നിരവധി സവിശേഷതകളും നിയോ റെട്രോ മോട്ടോർസൈക്കിളിൻ്റെ മൊഞ്ച് വർധിപ്പിക്കുന്ന കാര്യങ്ങളാണ്.

ജാവ ബോബർ 42
ഇന്ത്യയിൽ അധികം കണ്ടുവരാത്തൊരുതരം മോഡലാണ് ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളുകൾ. ജാവ എന്ന ക്ലാസിക് ബ്രാൻഡ് അവരുടെ നിരയിൽ അവതരിപ്പിച്ചിട്ടുള്ള ബോബർ 42 ഇന്ത്യയിൽ ഉയരം കുറഞ്ഞവർക്ക് പറ്റിയ ബൈക്കുകളിൽ ഒന്നാണ്. 740 mm മാത്രം സീറ്റ് ഹൈറ്റുകള്ള മോഡൽ 2.04 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. ഒപ്പം വേറിട്ട ലുക്ക് കൂടിയാവുമ്പോൾ റോഡിലിറങ്ങിയാൽ പത്ത് പേര് നോക്കിനിൽക്കുകയും ചെയ്യും.
റോയൽ എൻഫീൽഡ് ഗറില്ല
ഈ ലിസ്റ്റിലെ ഏറ്റവും സർപ്രൈസിംഗായ പേരാവും റോയൽ എൻഫീൽഡ് ഗറില്ലയുടേത്. 780 mm സീറ്റ് ഹൈറ്റോടെയാണ് ബൈക്ക് വിപണിയിലെത്തുന്നത് എന്നുപറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല. എന്നാൽ അൽപം ഉയർന്ന ഭാരം ഇതിനുണ്ടെന്നതാണ് സത്യം. അസാധ്യമായ പെർഫോമൻസ് നൽകുന്ന എൻഫീൽഡിന്റെ പുതിയ 452 സിസി എഞ്ചിനാണ് ഗറില്ലയുടെ ഹൃദയം. 2.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് ബൈക്ക് വിൽക്കുന്നത്.


Click it and Unblock the Notifications