കംഫർട്ടാണോ മുഖ്യം? എന്നാൽ സ്ത്രീകൾക്ക് വാങ്ങാൻ പറ്റിയ മികച്ച സ്‌കൂട്ടറുകൾ ഇതൊക്കെയാണ്
ഗിയർലെസ് സ്‌കൂട്ടറുകളെല്ലാം സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞുനടന്നൊരു കാലം ഇവിടുണ്ടായിരുന്നു. എന്നാൽ വൈവിധ്യമാർന്ന മോഡേൺ സ്‌കൂട്ടറുകളുടെ വരവോടെ ഇന്ത്യക്കാർ ഈ ചിന്താഗതിയെല്ലാം പൊളിച്ചെഴുതുകയും ചെയ്‌തു. കോളേജ് പയ്യൻമാർ വരെ ഇപ്പോൾ സ്‌കൂട്ടറുകൾക്ക് പിന്നാലെ പായുന്ന കാലമാണിത്. എങ്കിലും ഗിയർലെസ് സ്‌കൂട്ടറുകൾ ജനകീയമായത് ലേഡീസിനാണ് ഏറ്റവും കൂടുതൽ അനുഗ്രഹമായത്. ജോലിക്കോ, ഷോപ്പിംഗിനോ ഒക്കെ പോവണമെങ്കിൽ വീട്ടിലുള്ള ആണുങ്ങളെ ആശ്രയിക്കാതെ വാഹനം ഓടിക്കാൻ ഭൂരിഭാഗം സ്ത്രീകളും ഇപ്പോൾ അറിവുള്ളവരായിട്ടുണ്ട്. സ്ത്രീകൾക്ക് അനുയോജ്യമായ സുഖപ്രദമായ സ്‌കൂട്ടറുകൾ (Best Comfortable Scooters For Ladies) ഏതാണുള്ളതെന്ന് തിരയുമ്പോൾ പലർക്കും കൺഫ്യൂഷനുണ്ടായേക്കാം.
യാത്രാ സുഖം, എളുപ്പത്തിലുള്ള ഹാൻഡിംലിംഗ്, കൈകാര്യം ചെയ്യാവുന്ന സീറ്റ് ഹൈറ്റ്, പ്രായോഗിക സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്‌കൂട്ടറുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ? ദൈനംദിന യാത്രകൾക്കും, ചെറിയ നഗര യാത്രകൾക്കും സുഖവും സമാധാനവും മൈലേജും തരുന്ന ചില മിടുക്കികളെ ഈ ലേഖനത്തിൽ പരിചയപ്പെടുത്തി തരാം. വീട്ടിലേക്ക് പുതിയ മോഡൽ നോക്കുന്നവർക്കെല്ലാം ധൈര്യമായി ഇവ വാങ്ങുകയും ചെയ്യാം.

ഹോണ്ട ആക്‌ടിവ
ആക്‌ടിവ എന്ന പേരില്ലാതെ ഈ ലിസ്റ്റ് തുടങ്ങാനോ പൂർത്തിയാക്കാനോ സാധിക്കില്ല. സ്ഥിരതയുള്ള റൈഡ് ക്വാളിറ്റിക്കും പരിഷ്കരിച്ച മെക്കാനിക്കൽ സജ്ജീകരണത്തിനും പേരുകേട്ട ആക്ടിവയുടെ 125 സിസി മോഡൽ എന്തുകൊണ്ടും സ്ത്രീകൾക്ക് അനുയോജ്യമായ സ്‌കൂട്ടറാണ്. റൈഡറുടെ കൈകളിലും പുറകിലും കുറഞ്ഞ ആയാസം ചെലുത്തുന്ന ഒരു ന്യൂട്രൽ റൈഡിംഗ് പോസ്ചർ ഇതിന്റെ വലിയ സവിശേഷതയാണ്.
ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും റിയർ ഷോക്ക് അബ്സോർബറുകളും സിറ്റി റോഡ് സാഹചര്യങ്ങൾക്കായി ട്യൂൺ ചെയ്തിരിക്കുന്നതിനാൽ സ്ത്രീകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും സാധിക്കും. ഭാരം, സസ്പെൻഷൻ, എഞ്ചിൻ റിഫൈൻമെൻ്റ് എന്നിവ തമ്മിലുള്ള മൊത്തത്തിലുള്ള സന്തുലിതാവസ്ഥ ആക്‌ടിവ 125 നൽകുന്നതിനാൽ ദിവസനേയുള്ള യാത്രകൾ അടിപൊളിയാക്കുകയും ചെയ്യും. 89,652 രൂപ മുതലാണ് ആക്‌ടിവ 125 പതിപ്പിന് തുടങ്ങുന്ന എക്സ്ഷോറൂം വില.

സുസുക്കി ആക്‌സസ്
വിശാലമായ സീറ്റ്, ഫ്ലാറ്റ് ഫ്ലോർബോർഡ്, വിശ്രമിക്കുന്ന ഹാൻഡിൽബാർ പൊസിഷനിംഗ് എന്നിവയിലൂടെ സുസുക്കി ആക്‌സസ് 125 ഏതൊരാൾക്കും നന്നായി ചേരുന്ന ഗിയർലെസ് സ്‌കൂട്ടറുകളിൽ ഒന്നാണ്. ഒപ്പം നല്ല സസ്പെൻഷനും ബ്രേക്കിംഗും ലൈറ്റ് വെയ്റ്റ് ബോഡിയും കൂടിയാവുമ്പോൾ സ്ത്രീകളുടെ സുഹൃത്താവാൻ വേറെ കാരണം അന്വേഷിക്കേണ്ടല്ലോ. 77,684 രൂപ മുതലാണ് ആക്‌സസിന് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
യമഹ ഫാസിനോ
ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള എഞ്ചിൻ, മികച്ച സസ്പെൻഷൻ, വിശാലമായ സീറ്റ്, സന്തുലിതമായ ഭാരം വിതരണം, ദൈനംദിന നഗര യാത്രയ്ക്ക് അനുയോജ്യമായ റൈഡിംഗ് പോസ്ചർ എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങളിൽ മിടുക്കനായ യമഹ ഫാസിനോ 125 എന്തുകൊണ്ടും സ്ത്രീകൾക്ക് അനുയോജ്യമായ മികച്ച സ്കൂട്ടറാണ്. 74,910 രൂപ മുതലാണ് ഫാസിനോയ്ക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടിവിഎസ് ജുപ്പിറ്റർ
സുഖസൗകര്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനും പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ടിവിഎസ് ജുപ്പിറ്റർ 125 അന്നും ഇന്നും ലേഡീസിൻ്റെ പ്രിയങ്കരനാണ്. നേരായ റൈഡിംഗ് പൊസിഷൻ, വീതിയുള്ളതും നന്നായി പാഡ് ചെയ്തതുമായ സീറ്റ്, എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള താഴ്ന്ന സ്റ്റെപ്പ്-ത്രൂ ഡിസൈൻ തുടങ്ങിയ നിരവധി കാരണങ്ങളുണ്ട് ഇവനെ സ്വന്തമാക്കുവാനായി. 75,600 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഹീറോ പ്ലെഷർ പ്ലസ്
ഭാരം കുറഞ്ഞ നിർമാണവും ഒതുക്കമുള്ള രൂപവും തന്നെയാണ് ഹീറോ പ്ലെഷർ പ്ലസിനെ സ്ത്രീകളിലേക്ക് അടുപ്പിക്കുന്നത്. കുറഞ്ഞ സീറ്റ് ഹൈറ്റും ഒതുക്കമുള്ള ബോഡിയും ഹാൻഡിലിംഗ് എളുപ്പമാക്കുകയും ചെയ്യും. ദൈനംദിന യാത്രകൾക്കും ചെറിയ യാത്രകൾക്കും സുഖകരവും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ സ്കൂട്ടർ തിരയുന്ന വനിതകൾക്ക് കണ്ണുംപൂട്ടി പ്ലെഷർ പ്ലസ് എക്സ്ടെക് വാങ്ങിക്കാം. വിലയാണേലും 69,766 രൂപ മാത്രമേ ചിലവാക്കേണ്ടി വരികയുള്ളൂ.


Click it and Unblock the Notifications








