എളുപ്പത്തിൽ കാല് കുത്താം, പൊക്കമില്ലായ്‌മ വിഷയമേയല്ല! സീറ്റ് ഹൈറ്റ് കുറഞ്ഞ ബെസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
സ്‌കൂട്ടർ വാങ്ങാൻ ആളുകൾ കൂടുതൽ തയാറാവുന്നതിന്റെ പ്രധാന കാരണം ഉപയോഗിക്കാനുള്ള എളുപ്പം കാരണമാണ്. സാധനങ്ങൾ കൊണ്ടുപോവാനായാലും തിരക്കേറിയ ട്രാഫിക്കിലൂടെ ഓടിച്ച് നടക്കാനായാലും ഇത്രയും പ്രായോഗികത ബൈക്കിന് പോലും തരാനാവില്ലെന്നതാണ് സത്യം. സ്കൂട്ടറുകൾ വാങ്ങുന്ന പലരും ആദ്യം പവർ അല്ലെങ്കിൽ ആക്സിലറേഷൻ എന്നിവയൊന്നും ആലോചിക്കാറേയില്ല. ഇവർക്കെല്ലാം പ്രാക്‌ടിക്കാലിറ്റിയാണ് മെയിൻ. സ്കൂട്ടർ വാങ്ങുമ്പോൾ പലരും രണ്ട് കാലും തറയിൽ കുത്താനാവുന്നതാണോയെന്ന് നോക്കാറുണ്ട്. ഏത് സാഹചര്യത്തിലും എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രധാന കാരണം. പൊതുവേ സ്കൂട്ടറുകൾക്ക് വലിയ പൊക്കമൊന്നും ഇല്ലെങ്കിലും സ്ത്രീകളും പ്രായമായവരുമെല്ലാമാണ് ബൈക്കുകളേക്കാൾ സ്കൂട്ടറുകൾ വാങ്ങുന്നത്.
അത്തരക്കാർക്ക് എളുപ്പത്തിൽ കാൽ നിലത്ത് കുത്താൻ കഴിയണം. ട്രാഫിക്കിലായാലും പാർക്കിംഗ് സമയത്തായാലും ഇത് വളരെ ഉപകാരപ്പെടും. എന്തായാലും 40 കിലോമീറ്ററിന് മുകളിൽ മൈലേജും ഉറപ്പാണ് എന്നതിനാൽ പോക്കറ്റും കീറില്ല. ഇപ്പോൾ പെട്രോളിനോട് ഗുഡ്ബൈ പറഞ്ഞ് ആളുകളെല്ലാം ഇലക്ട്രിക്കിലേക്ക് ചേക്കേറുന്ന കാലം കൂടിയാണല്ലോ. ഈ സമയത്ത് കുറഞ്ഞ സീറ്റ് ഹൈറ്റുള്ള ഇന്ത്യയിലെ മികച്ച ചില വൈദ്യുത സ്കൂട്ടറുകളെ ഒന്ന് പരിചയപ്പെടുത്തി തരാം.

ഓല S1 സീരീസ്
ഓലയുടെ നിരയിലെ ബെസ്റ്റ് സെല്ലറായ S1 സീരീസ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 791 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്ലോർബോർഡ് പരന്നതായിരിക്കുന്നതിനാൽ ഉയരം താരതമ്യേന കുറഞ്ഞവർക്കും സ്ത്രീകൾക്കുമെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്ന രീതിയിലാണ് ഓല ഇവി ഒരുക്കിയിരിക്കുന്നത്. 81,000 രൂപ മുതൽ 1.12 ലക്ഷം വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സിംഗിൾ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും ബേസ് വേരിയന്റിൽ ലഭിക്കും.
ഹീറോ വിഡ V1
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപിന്റെ വിഡ V1 മോഡൽ 780 മില്ലീമീറ്ററിന്റെ സീറ്റ് ഹൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്നതാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 1.01 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. റേഞ്ചിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വേരിയന്റിനെ ആശ്രയിച്ച് റേഞ്ച് കണക്കുകൾ വ്യത്യാസപ്പെടുന്നുവെങ്കിലും ബേസ് പതിപ്പിന് ഫുൾ ചാർജിൽ ഇവിക്ക് 143 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

ഏഥർ റിസ്‌ത
ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ എന്ന ടാഗ്‌ലൈനോടെ വിപണിയിലെത്തി ഇന്ത്യക്കാരുടെ മനംകവർന്ന ഇവിക്ക് ഇന്ന് 3 ലക്ഷത്തിലധികം ഉടമകളുണ്ട്. 780 മില്ലീമീറ്റർ സീറ്റ് ഉയരം ഉള്ളതിനാൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാനുമാവും. അതോടൊപ്പം ധാരാളം സ്റ്റോറേജ് സ്പേസും റിസ്‌തയുടെ ഹൈലൈറ്റാണ്. സ്കൂട്ടറിന്റെ ഉയർന്ന വകഭേദങ്ങളിൽ 159 കിലോമീറ്റർ വരെ IDC റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം വില ആരംഭിക്കുന്നത് 1.15 ലക്ഷത്തിൽ നിന്നുമാണ്.
ടിവിഎസ് ഐക്യൂബ്
ടിവിഎസ് ഐക്യൂബും ഇക്കാര്യത്തിൽ മിടുമിടുക്കനാണ്. 770 മില്ലീമീറ്ററിന്റെ സീറ്റ് ഹൈറ്റ് മാത്രമുള്ള ഇലക്ട്രിക് സ്കൂട്ടർ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത ഇരുചക്ര വാഹനമാണ്. കുടുംബത്തിലെ ഏത് പ്രായക്കാർക്കും ഒരുപോലെ എളുപ്പത്തിൽ ഇവനെ കൊണ്ടുനടക്കാനും കഴിയും. സീറ്റ് വിശാലമാണെന്നതും വലിയൊരു പ്ലസ് പോയിന്റായി എടുത്ത് പറയേണ്ട കാര്യമാണ്. 94,434 രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന ഐക്യൂബിന് 94 കിലോമീറ്റർ റേഞ്ചും നൽകാനാവും.

ബജാജ് ചേതക് ഇവി
മുഖ്യധാരാ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുറഞ്ഞ സീറ്റ് ഹൈറ്റാണ് ബജാജ് ചേതക് ഇവി വാഗ്ദാനം ചെയ്യുന്നത്. ഉയരം 760 മില്ലീമീറ്ററായതിനാൽ സ്ത്രീകൾക്ക് പോലും അനായാസം കാല് നിലത്ത് കുത്താനാവുന്നതാണ്. വേരിയന്റിനെ ആശ്രയിച്ച് ഇവിക്ക് സിംഗിൾ ചാർജിൽ 120 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവുമെന്നത് പ്രായോഗികത കൂട്ടുന്ന കാര്യമാണ്. കൂടാതെ കണക്റ്റഡ് സാങ്കേതികവിദ്യയും TFT ഡിസ്പ്ലേയും ഉൾപ്പെടുന്നും ശ്രദ്ധേയമാണ്. 96,400 രൂപ മുതലാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications