നടുവിന് അങ്ങനെയൊന്നും പണികിട്ടില്ല, ഓടിക്കാനും നല്ല സുഖം! വലിയ വീലുകളുള്ള ഈ സ്‌കൂട്ടറുകൾ വാങ്ങിക്കോ
സ്‌കൂട്ടർ മുതലാളിമാരെല്ലാം ജീവിതത്തിൽ ഒരുതവണയെങ്കിലും ബൈക്ക് വാങ്ങിയാൽ മതിയാരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടാവുന്ന നിമിഷം ഉണ്ടായിട്ടുണ്ടാവും. നല്ല കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോവുമ്പോൾ നടുവിന് പണിയാവുന്ന നിമിഷമാവും ഇത്തരത്തിൽ ചിന്തിച്ചിട്ടുണ്ടാവുക. ചെറിയ വീലുകൾ ഉപയോഗിക്കുന്നതിനാൽ സ്‌കൂട്ടർ ഓടിക്കുന്നവർക്ക് റോഡിന്റെ അവസ്ഥ അനുസരിച്ച് നല്ല പണികിട്ടിയിട്ടുണ്ടാവാം. മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് നല്ല പ്രായോഗികത ഉണ്ടാവുമെങ്കിലും സ്കൂട്ടറുകളുടെ ഏറ്റവും വലിയ പോരായ്മയാണ് ചെറിയ വീലുകൾ. എന്നാൽ ഇന്നത്തെ മോഡേൺ യുഗത്തിൽ ഇതിന് പരിഹാരം നൽകുന്ന മോഡലുകളും വാങ്ങാൻ കിട്ടും കേട്ടോ.
അതായത് പരമ്പരാഗ സ്‌കൂട്ടറുകളിലെ 12 ഇഞ്ച് വീലുകൾക്ക് പകരം 14 ഇഞ്ചിന്റെ വലിയ വീലുകൾ ഉപയോഗിക്കുന്ന മിടുക്കൻമാരായ മോഡലുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് മുതൽ യമഹ വരെയുള്ള വമ്പൻ കമ്പനികളുടെ വാഹനങ്ങൾ കൂടിയാവുമ്പോൾ കണ്ണുംപൂട്ടി വാങ്ങിക്കുകയുമാവാം. നടുവിന് പണികിട്ടാതിരിക്കാൻ വാങ്ങാൻ പറ്റിയ മിടുക്കൻ സ്‌കൂട്ടറുകളെ ഒന്ന് പരിചയപ്പെട്ടാലോ?

ഹീറോ സൂം 125
സാധാരണ സ്‌കൂട്ടറിലും അത്യാവിശ്യം സ്പോർട്ടി ലുക്കും പെർഫോമൻസുമെല്ലാം തേടുന്നവർക്കുള്ള ഉത്തരമാണ് ഹീറോ സൂം 125. സ്റ്റൈലിൽ മാത്രമല്ല, വീൽ സൈസിലും ആള് പരമ്പരാഗത സ്‌കൂട്ടറുകളെ അപേക്ഷിച്ച് സമ്പന്നനാണ്. 14 ഇഞ്ച് വീലുമായാണ് ഹീറോയുടെ ഈ മോഡൽ വിപണനത്തിന് എത്തുന്നത്. മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് വലിയ വീലായതിനാൽ ഇത് ഓടിക്കാനും വളരെ സുഖകരമായിരിക്കും പല ഇന്ത്യൻ നഗരങ്ങളിലെയും റോഡുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ വാങ്ങിയാൽ അതൊരു മുതൽക്കൂട്ടാവും.
125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. എഞ്ചിന് 7,250 ആർപിഎമ്മിൽ 9 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. 0-60 കിലോമീറ്റർ വേഗത 7.6 സെക്കൻഡിലാണ് സൂം കൈവരിക്കുന്നതെങ്കിൽ 95 കിലോമീറ്ററാണ് ഇതിൻ്റെ ടോപ്പ് സ്പീഡായി കമ്പനി പറയുന്നത്. അതായത് സെഗ്മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടറുകളിൽ ഒന്നാണിത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 85,376 രൂപ മുതലാണ് സൂമിന്റെ വില തുടങ്ങുന്നത്.

അപ്രീലിയ SR125
ഇന്ത്യയിലെ സ്കൂട്ടർ വിഭാഗത്തെ പൊളിച്ചെഴുതിയ മോഡലാണ് അപ്രീലിയ SR125. പണ്ടേ വലിയ 14 ഇഞ്ച് വീലുകളുമായി വന്ന് ത്രസിപ്പിച്ച ഇറ്റാലിയൻ സ്‌കൂട്ടറിന് 1.11 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. 124.45 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് SR125 മോഡലിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7300 ആർപിഎമ്മിൽ 9.97 bhp പവറും 5500 ആർപിഎമ്മിൽ 10.33 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഹീറോ സൂം 160
ആദ്യ കാഴ്ച്ചയിൽ തന്നെ ഒരു പ്രീമിയം സ്‌കൂട്ടർ ഫീൽ നൽകുന്ന ഹീറോ സൂം 160 ശരിക്കും ഗെയിംചേഞ്ചറാണെന്ന് തന്നെ പറയണം. വലിയ വീലുകളും വീതിയേറിയതും ബ്ലോക്ക് പാറ്റേൺ ടയറുകളുമുള്ളതിനാൽ ഓടിക്കാനും ഏറെ സുഖകരമാണ്. കഴിഞ്ഞ വർഷം ആദ്യമാണ് 1.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ അഡ്വഞ്ചർ മാക്സി സ്കൂട്ടറിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. 14 bhp കരുത്തിൽ പരമാവധി 13.7 Nm torque ഉത്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 160 സിസി സൂമിന്റെ ഹൃദയം.

യമഹ എയറോക്സ് 155
പാവങ്ങളുടെ സൂപ്പർബൈക്ക് എന്ന ഓമനപ്പേരുള്ള യമഹ R-15 മോഡലിന്റെ അതേ എഞ്ചിനുമായി എത്തിയ യമഹ എയറോക്സ് 155 വലിയ അലോയ് വീലുകളോടെയാണ് വരവ്. 14 ഇഞ്ച് വീലുകൾ സ്കൂട്ടറിന്റെ ഹൈവേ-ഫ്രണ്ട്‌ലി സ്വഭാവത്തെയും സ്‌പോർട്ടി എഞ്ചിനെയും പൂരകമാക്കുന്നു. മാക്‌സി സ്‌കൂട്ടറിലെ 155 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിൻ 8,000 ആർപിഎമ്മിൽ 14.8 bhp കരുത്തും 6,500 ആർപിഎമ്മിൽ പരമാവധി 13.9 Nm ടോർക്കും നൽകാനും യോഗ്യമാണ്. 1.43 ലക്ഷം മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.
റിവർ ഇൻഡി
ഇലക്‌ട്രിക് സ്കൂട്ടറുകളിലെ എസ്‌യുവിയായി അറിയപ്പെടുന്ന മിടുക്കൻ കാറുപോലത്തെ സ്റ്റോറേജ് സ്പേസും വലിയ 14 ഇഞ്ച് വീലുകളും ഫ്രണ്ട് ഫൂട്ട് പെഗുകളുമായി വരുന്നതിനാൽ നടുവിന് പണി വേഗം കിട്ടാതെ നോക്കിക്കോളും. IP67 റേറ്റഡ് 4kWh ബാറ്ററി പായ്ക്കുമായി വരുന്ന റിവർ ഇൻഡിക്ക് സിംഗിൾ ചാർജിൽ 120 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചും ലഭിക്കും. 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. വില 1.53 ലക്ഷമാണ് വരുന്നത്.


Click it and Unblock the Notifications