ഈ ബൈക്ക് വാങ്ങാൻ ആളുകളുടെ ഉന്തും തള്ളും, ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് കമ്പനി
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ബൈക്കിനെ ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) അടുത്തിടെ പുറത്തിറക്കിയിരുന്നു. G 310 സിസി മോഡലുകളുടെ പിൻഗാമിയായി എത്തിയ F 450 GS ആയിരുന്നു അത്. കിടിലൻ പ്രൈസിംഗുമായി എത്തിയ മോഡലാവട്ടെ ഇന്ത്യയിൽ നിർമിക്കുന്നത് ടിവിഎസ് ആണെന്നതും രസകരമായ കാര്യമാണ്. എന്നാൽ ടൂവീലർ പ്രേമികളെ ഞെട്ടിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളിൽ നിന്നും പുറത്തുവരുന്നത്. അതായത് ഡെലിവറി തുടങ്ങുന്നതിന് മുമ്പേ F 450 GS മോഡലിനായുള്ള ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ് കമ്പനി.
ബിഎംഡബ്ല്യു 450 GS അഡ്വഞ്ചർ ബൈക്കിന് അന്യായ ഡിമാന്റ് ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി താത്ക്കാലികമായി ബുക്കിംഗ് നിർത്തിവെച്ചിരിക്കുന്നതെന്നാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇന്ത്യയിലേക്ക് അനുവദിച്ച ആദ്യത്തെ കുറച്ച് ബാച്ചുകൾ ഇതിനകം തന്നെ പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. അതിനാൽ നിലവിൽ ഈ ഡെലിവറികൾ പൂർത്തിയാക്കുന്നതിനാവും ബ്രാൻഡ് മുൻഗണ കൊടുക്കുക.

തുടർന്ന് അടുത്ത ബുക്കിംഗ് വിൻഡോ 2026 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബുക്കിംഗുകൾ താത്ക്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പ് തന്നെ മോട്ടോർസൈക്കിളിനായുള്ള കാത്തിരിപ്പ് കാലയളവ് അമ്പരപ്പിക്കും വിധം ഉയർന്നതായിരുന്നു. ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോൾ ഇന്ന് F 450 GS വാങ്ങാൻ ആരെങ്കിലും ഷോറൂമിലെത്തിയാൽ വണ്ടി കൈയിൽ കിട്ടാൻ ഏകദേശം ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നേക്കാം.
കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ ബൈക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് അടുത്ത മാസം മുതൽ F 450 GS ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടിവിഎസിന്റെ ഹൊസൂർ പ്ലാന്റിൽ തന്നെ നിർമിക്കുന്ന മറ്റൊരു ബൈക്കായ ടിവിഎസ് അപ്പാച്ചെ RTX മോഡലും സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. എന്തായാലും കിടിലൻ അഡ്വഞ്ചർ ടൂറർ മോഡലായതിനാൽ ആളുകൾ എത്രവേണമെങ്കിലും കാത്തിരിക്കാൻ തയാറായേക്കും.

ബേസിക്, എക്‌സ്‌ക്ല്യൂസീവ്, ജിഎസ് ട്രോഫി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് യഥാക്രമം 4.70 ലക്ഷം, 4.90 ലക്ഷം, 5.30 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകാൻ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 48 bhp കരുത്തിൽ പരമാവധി 43 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
അതേസമയം ദൈനംദിന റൈഡിംഗിനും ടൂറിംഗിനും വേണ്ടിയുള്ള ശക്തമായ പെർഫോമൻസും നൽകാൻ ഈ 450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാവും. ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും കമ്പനി പറയുന്നു. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ കൊടുത്തിട്ടുണ്ട്.

കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്. ബേസിക് വേരിയന്റിൽ റെയിൻ, റോഡ്, എൻഡ്യൂറോ എന്നീ മൂന്ന് റൈഡ് മോഡുകൾ ലഭിക്കുമ്പോൾ മറ്റ് ട്രിമ്മുകളിൽ എൻഡ്യൂറോ പ്രോ മോഡും ലഭിക്കും. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), ABS പ്രോ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR) എന്നിവയുൾപ്പെടെ സമഗ്രമായ ഇലക്ട്രോണിക്സ് സ്യൂട്ടാണ് മോട്ടോർസൈക്കിളിൽ ഒരുക്കിവെച്ചിട്ടുള്ളത്.
റെയിൻ, റോഡ്, എൻഡ്യൂറോ തുടങ്ങിയ ഒന്നിലധികം റൈഡിംഗ് മോഡുകളും പുതിയ ബേബി ജിഎസിൽ വാഗ്ദാനം ചെയ്യും. നാവിഗേഷൻ, കണക്റ്റഡ് സവിശേഷതകൾ, ഓട്ടോമാറ്റിക്, മാനുവൽ ക്ലച്ച് പ്രവർത്തനം അനുവദിക്കുന്ന ബിഎംഡബ്ല്യുവിന്റെ ഈസി റൈഡ് ക്ലച്ച് (ERC) സിസ്റ്റം എന്നിവയുള്ള 6.5 ഇഞ്ച് TFT ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ധാരാളം ഓപ്ഷനുകളും ഉണ്ടാവും.


Click it and Unblock the Notifications