പ്രതീക്ഷിച്ചതിലും വില കുറവ്, ഞെട്ടിച്ച് ബിഎംഡബ്ല്യുവിന്റെ ബേബി അഡ്വഞ്ചർ ടൂറർ ബൈക്ക് വിപണിയിൽ
ഏറെക്കാലമായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരിക്കുന്ന ബിഎംഡബ്ല്യു F 450 (BMW F 450 GS) GS ഒടുവിൽ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. 2025 EICMA മോട്ടോർ ഷോയിലൂടെ വെളിപ്പെടുത്തിയ ബൈക്ക് മുമ്പുണ്ടായിരുന്ന G 310 GS മോഡലിന്റെ പിൻഗാമിയായി നാടുവാഴാനായാണ് എത്തിയിരിക്കുന്നത്. ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കൾക്കായി ടിവിഎസാണ് ഈ ബൈക്ക് ഇന്ത്യയിൽ നിർമിക്കുന്നത് എന്നതാണ് വലിയൊരു ഹൈലൈറ്റ്. 13 വർഷം മുമ്പ് അതായത് 2013-ൽ ആരംഭിച്ച ഇന്തോ-ജർമൻ സഹകരണത്തിൻ്റെ ഭാഗമായി ഈ കൂട്ടുകെട്ടിൽ ഇതുവരെ 2 ലക്ഷം ബൈക്കുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്.
എന്തായാലും പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്ക് പുതിയ എഡിവി എത്തിയത് എതിരാളികളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ബേസിക്, എക്‌സ്‌ക്ല്യൂസീവ്, ജിഎസ് ട്രോഫി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് യഥാക്രമം 4.70 ലക്ഷം, 4.90 ലക്ഷം, 5.30 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇനി ഓരോ വകഭേദത്തിലും എന്തെല്ലാം ഫീച്ചറുകൾ ലഭിക്കുമെന്ന് നോക്കാം.

ബിഎംഡബ്ല്യു F 450 GS ബേസിക് വേരിയന്റിൽ 6.5 ഇഞ്ച് ടിഎഫ്ടി ഡാഷ്, ഓൾ-എൽഇഡി ലൈറ്റുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ, എബിഎസ് പ്രോ, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, അഡ്‌ജസ്റ്റബിൾ റിയർ-ബ്രേക്ക് ലിവർ, അഡ്‌ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവർ എന്നീ ഫീച്ചറുകളെല്ലാമാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം എക്സ്ക്ലൂസീവിലേക്ക് വന്നാൽ ബേസിക് വേരിയന്റിലെ സവിശേഷതകളെ കൂടാതെ അധിക ഫീച്ചറുകൾ ലഭിക്കും.
അതായത് ഓഫ്-റോഡ് ഫുട് പെഗുകൾ, ഹാൻഡ് ഗാർഡുകൾ, എഞ്ചിൻ ഗാർഡ്, റൈഡിംഗ് മോഡ്സ് പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ക്ലിയർ വിൻഡ്ഷീൽഡ് എന്നിവയാണ് അഡ്വഞ്ചർ ടൂറർ ബൈക്കിന്റെ എക്സ്ക്ലൂസീവിൽ അധികമായി ലഭിക്കുക. ബിഎംഡബ്ല്യു F 450 GS ട്രോഫിയിൽ ഓഫ്-റോഡ് ഫുട് പെഗുകൾ, വൈറ്റ് ഹാൻഡ് ഗാർഡുകൾ, റൈഡിംഗ് മോഡ്സ് പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ടിന്റഡ് റാലി വിൻഡ്ഷീൽഡ്, സ്പോർട്ട് സസ്പെൻഷൻ, അലുമിനിയം എഞ്ചിൻ ഗാർഡ്, ഈസി റൈഡ് ക്ലച്ച് എന്നീ ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 48 bhp കരുത്തിൽ പരമാവധി 43 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം ദൈനംദിന റൈഡിംഗിനും ടൂറിംഗിനും വേണ്ടിയുള്ള ശക്തമായ പെർഫോമൻസും നൽകാൻ ഈ 450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാവും. ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും കമ്പനി പറയുന്നു.
ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം. കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്. ബേസിക് വേരിയന്റിൽ റെയിൻ, റോഡ്, എൻഡ്യൂറോ എന്നീ മൂന്ന് റൈഡ് മോഡുകൾ ലഭിക്കുമ്പോൾ മറ്റ് ട്രിമ്മുകളിൽ എൻഡ്യൂറോ പ്രോ മോഡും ലഭിക്കും.

ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും ബവേറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യും. റൈഡിംഗ് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡൈനാമിക്സിനുമായി ഈസി റൈഡ് ക്ലച്ച് (ERC) ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്.
ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ F 450 GS അഡ്വഞ്ചറിന്റെ പ്രൊഡക്ഷൻ പതിപ്പിന് വെറും 178 കിലോഗ്രാം ഭാരമാണുള്ളതെന്നാണ് കമ്പനി പറയുന്നത്. ടൂറിംഗിനും ഓഫ്-റോഡിനുമെല്ലാം ഉപയോഗിക്കാൻ കിടിലമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. പുതിയ R 1300 GS-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്വാഡ് എൽഇഡി ഡിആർഎല്ലുകൾ, ഗോൾഡൻ USD ഫോർക്ക് എന്നിവയെല്ലാം ബൈക്കിന് ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്.


Click it and Unblock the Notifications