ഹിമാലൻ ഷോറൂമിലിരിക്കും, ടിവിഎസിന്റെ അടുത്ത അഡ്വഞ്ചർ ബൈക്കും റെഡി! F 450 GS അവതരണത്തിന് തീയതിയായി
ടിവിഎസിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിളായ അപ്പൊച്ച RTX 300 അടുത്തിടെ തീർത്ത ആരവം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സാക്ഷാൽ റോയൽ എൻഫീൽഡ് ഹിമാലയനെ വരെ നാണിപ്പിക്കുന്ന തരത്തിൽ വിലയിട്ട ബൈക്ക് വമ്പൻ ഹിറ്റാണ് നേടിയെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയിതാ ടിവിഎസ് നിർമിക്കുന്ന മറ്റൊരു അഡ്വഞ്ചർ മോട്ടോർസൈക്കിൾ കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്. ഏറെക്കാലമായി സാഹസിക പ്രേമികൾ കാത്തിരിക്കുന്ന ബിഎംഡബ്ല്യു F 450 GS എഡിവിയാണ് രാജ്യത്തേക്ക് എത്തുന്നത്. 2025 EICMA മോട്ടോർ ഷോയിലൂടെ വെളിപ്പെടുത്തിയ ബൈക്ക് മുമ്പുണ്ടായിരുന്ന G 310 GS മോഡലിന്റെ പിൻഗാമിയായി നാടുവാഴും.
G 310 GS നിർത്തലാക്കിയപ്പോൾ സങ്കടപ്പെട്ടവർക്കെല്ലാം ഇരട്ടി സന്തോഷം നൽകുന്നതായിരിക്കും പുത്തൻ ബേബി ജിഎസിന്റെ വരവ്. ഇന്ത്യക്കായി ടിവിഎസ് ആയിരിക്കും ബിഎംഡബ്ല്യു F 450 GS പണികഴിപ്പിക്കുക എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. തങ്ങളുടെ എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ 2026 ഏപ്രിൽ 23-ന് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും ബവേറിയൻ ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ തുടങ്ങിയവയോടാവും F 450 GS മത്സരത്തിനിറങ്ങുക. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയന്റുകളിലാവും പുതിയ ബിഎംഡബ്ല്യു ബൈക്ക് വിപണനത്തിന് എത്തുക. വില മാത്രം ഇപ്പോഴും സർപ്രൈസായി വെച്ചിരിക്കുകയാണെങ്കിലും ഏകദേശം 5 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില പ്രതീക്ഷിക്കാവുന്നതാണ്.
കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകൾ കുത്തിനിറച്ചാവും വിലയെ ന്യായീകരിക്കാൻ ബിഎംഡബ്ല്യു മോട്ടോറാഡ് തയാറെടുക്കുന്നത്. അതുകൂടാതെ സമഗ്രമായ ഇലക്ട്രോണിക്സ് പാക്കേജോടെയാണ് ബൈക്ക് പുറത്തിറങ്ങുക. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ABS പ്രോ, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR) തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടും.

റെയിൻ, റോഡ്, എൻഡ്യൂറോ തുടങ്ങിയ ഒന്നിലധികം റൈഡിംഗ് മോഡുകളും ബിഎംഡബ്ല്യു F 450 GS എഡിവിയിൽ വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക്, മാനുവൽ ക്ലച്ച് പ്രവർത്തനം അനുവദിക്കുന്ന ബിഎംഡബ്ല്യുവിന്റെ ഈസി റൈഡ് ക്ലച്ചും (ERC) മോട്ടോർസൈക്കിളിന്റെ പ്രത്യേകതയായിരിക്കും. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ധാരാളം ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് നിഗമനം.
ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും കമ്പനി നൽകുന്നുണ്ട്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പുതുതായി വികസിപ്പിച്ചെടുത്ത 420 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാവും അഡ്വഞ്ചർ ടൂററിന് തുടിപ്പേകാനായി എത്തുക.

ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും കമ്പനി പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ പരമാവധി 43 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ബൈക്കിന് സാധിക്കുന്നതാണ്. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായി ഷിഫ്റ്റ് അസിസ്റ്റൻ്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം.
ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളായതിനാലും ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നതിനാലും ബിഎംഡബ്ല്യു F 450 GS കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമായേക്കുമെന്നാണ് അനുമാനം. എന്തായാലും റോയൽ എൻഫീൽഡിലും കെടിഎമ്മിനും അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലുള്ള ആധിപത്യത്തിന് ടിവിഎസ് ഇതോടെ അറുതിവരുത്തുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്.


Click it and Unblock the Notifications








