ഈടും മൈലേജും ഒന്നിച്ച് കിട്ടുന്ന സുന്ദരൻ ഫാമിലി സ്‌കൂട്ടർ, കഴിഞ്ഞ മാസം വിൽപ്പനയിൽ ഹീറോയായി ഡെസ്റ്റിനി
ഇന്ത്യയിൽ മിക്കവരും സ്‌കൂട്ടറുകൾ വാങ്ങുന്നത് അതിൻ്റെ പ്രായോഗികത മാക്‌സിമം ഉപയോഗിക്കാൻ വേണ്ടിയാവും അല്ലേ. വീട്ടിലേക്ക് പുത്തനൊരു ഗിയർലെസ് സ്‍കൂട്ടർ വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരു കാർ ചെയ്യേണ്ട ജോലി വരെ നമ്മൾ എടുപ്പിക്കും. കടയിൽ പോയി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാനായാലും ഗ്യാസ് കുറ്റി കയറ്റാനുമെല്ലാം മോട്ടോർസൈക്കിളുകളേക്കാൾ കേമൻമാരാണിവർ. ഫാമിലി സ്‌കൂട്ടറുകൾക്ക് ഏറെ ഡിമാൻ്റുള്ള നാടാണ് ഇന്ത്യ മാറാനുള്ള കാരണവും ഇതുതന്നെയാണ്. ഹോണ്ടയും സുസുക്കിയും ടിവിഎസുമെല്ലാമാണ് ഈ രംഗത്ത് അരങ്ങുതകർക്കുന്നതെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയും നേട്ടമുണ്ടാക്കി വരികയാണ്.
ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനി 125 എന്ന മിടുക്കൻ മോഡലാണ് ബ്രാൻഡിന് സൌഭാഗ്യങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ മോഡലുകളെ ഇന്ത്യക്കാർക്ക് സമ്മാനിച്ചുവെങ്കിലും ഡെസ്റ്റിനി 125 മോഡൽ എത്തിയതോടെയാണ് ഹീറോയുടെ ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടിയത്. ഇപ്പോഴിതാ ജനുവരി മാസത്തെ ടോപ്പ് 10 സ്കൂട്ടറുകളുടെ പട്ടികയിലും വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഡെസ്റ്റിനി.

കഴിഞ്ഞ മാസം ഹീറോയുടെ മിടുക്കനെ സ്വന്തമാക്കിയത് 27,782 പേരാണ്. അതായത് 2024 ജനുവരിയിലെ 14,094 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 97 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുകന്നതെന്ന് സാരം. ഇരട്ടിയായി വിൽപ്പന ഉയർന്നതിൽ കമ്പനി എന്തായാലും ഹാപ്പിയായിട്ടുണ്ടാവണം. ഹോണ്ട ആക്ടിവ പോലുള്ള ഇതിഹാസങ്ങളുടെ വിൽപ്പന കണക്കുകളോട് കിടിപിടിക്കാനായിട്ടില്ലെങ്കിലും ഡെസ്റ്റിനിയുടെ വിൽപ്പന വളർച്ച ഹീറോയ്ക്ക് മൈലേജാവും.
VX, ZX, ZX+ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന ഹീറോ ഡെസ്റ്റിനി 125 മോഡലിന് ഇന്ത്യയിൽ 80,884 രൂപ മുതൽ 90,465 രൂപ വരെയാണ് എക്സ്ഷോറും വില വരുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഡിസൈൻ പൂർണമായും പൊളിച്ചുപണിതതും ഫീച്ചറുകൾ ചേർത്തതും പ്രായോഗികത വർധിപ്പിച്ചതും ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. അതാണല്ലോ കച്ചോടം ഇത്തരത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.

സമീപമാസങ്ങളിലെല്ലാം ഡെസ്റ്റിനി മികച്ച വിൽപ്പനയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. കാലത്തിനിണങ്ങുന്ന തരത്തിലുള്ള ഫീച്ചറുകൾ, നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്‌റൂം, വിശാലമായ ഫ്ലോർബോർഡ് എന്നിവ ഡെസ്റ്റിനിയെ കിടിലൻ ഫാമിലി സ്‌കൂട്ടറാക്കി മാറ്റുന്ന ഘടകങ്ങളാണ്. റെട്രോ സ്റ്റൈലിലുള്ള ഡിസൈനാണ് ഇപ്പോൾ ഡെസ്റ്റിനിക്കുള്ളത്. കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിള്ള ബോഡിയും ഏപ്രോണും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയിലും കോപ്പർ ഇന്‍സെര്‍ട്ടുകൾ ഇടംപിടിച്ചിട്ടുണ്ട് കേട്ടോ. ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകളും സ്കൂട്ടറിൽ ഒരുക്കിവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ മോഡേൺ ടെക്നോളജികളെല്ലാം കോർത്തിണക്കിയാണ് ഹീറോ മോട്ടോകോർപ്പിൻ്റെ ഫാമിലി സ്കൂട്ടർ വിപണനത്തിന് എത്തിക്കുന്നത്.

12 ഇഞ്ച് അലോയ് വീലുകളിൽ വരുന്നതിനാൽ ഡിസൈൻ കൂടുതൽ സ്റ്റൈലിഷാവുന്നുമുണ്ട്. ഗുണനിലവാരത്തിലും ഫിറ്റ്-ഫിനിഷിലും വരെ ഹീറോ ഡെസ്റ്റിനി മെച്ചപ്പെട്ടിട്ടുണ്ടെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. ഇത് ആക്ടിവ പോലുള്ള എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. മികച്ചതും റിഫൈൻഡുമായ 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ ഡെസ്റ്റിനിക്ക് തുടിപ്പേകുന്നത്.
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർപിഎമ്മിൽ 9 bhp പവറും 5,500 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും നൽകാൻ ഡെസ്റ്റിനിക്കാവുന്നതാണ്. മെച്ചപ്പെട്ട റിഫൈൻമെൻ്റിനും കുറഞ്ഞ NVH ലെവലിനുമായി നിരവധി മാറ്റങ്ങൾ ന്യൂജെൻ മോഡലിൻ്റെ പുതിയ എഞ്ചിനിൽ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പേറ്റൻ്റ് നേടിയ ഹീറോയുടെ i3S സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സ്‌കൂട്ടറിനൊപ്പം ലഭ്യമാണ്.
ലിറ്ററിന് 59 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിനാവും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി സ്കൂട്ടറിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുകളുമാണ് സമ്മാനിച്ചിട്ടുള്ളത്. ബ്രേക്കിംഗിനായി ബേസ് VX വേരിയന്റിൽ ഫ്രണ്ട്, റിയർ ഡ്രം യൂണിറ്റുകളും ടോപ്പ് ZX ട്രിമ്മുകൾക്ക് 190 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കും തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








