ഒരുതുള്ളി പെട്രോൾ വേണ്ട, ഹീറോയുടെ ഫ്ലെക്സ് ഫ്യുവൽ ബൈക്കിന്റെ വരവിന് ഇനി മണിക്കൂറുകൾ മാത്രം
ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെ ഇന്ധന ഇറക്കുമതിയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടെ ബദൽ മാർഗങ്ങൾ തേടിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം. പെട്രോളിൽ എഥനോൾ കൂടുതൽ കലർത്തുന്ന E30 പദ്ധതി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും ഇതിനോടൊപ്പം നടന്നുവരികയാണ്. ഇതിനിടയിൽ ലോകത്തിലെ തന്നെ നമ്പർ 1 ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ. ഇതിനായി അധികം കാത്തിരിക്കുകയൊന്നും വേണ്ട. വരുന്ന ജൂൺ മൂന്നിന് പൂർണമായും എഥനോളിൽ ഓടാൻ കഴിവുള്ള ബൈക്ക് ഇന്ത്യയിൽ അവതരിക്കും.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വെച്ചാവും മോഡലിനായുള്ള അവതരണം നടക്കുക. 100 ശതമാനം എഥനോൾ (E100) ഉപയോഗിച്ച് പ്രവർത്തിക്കാൻ പ്രാപ്തിയുള്ള രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹനമായി വരാനിരിക്കുന്ന മോട്ടോർസൈക്കിൾ മാറുമെന്നതും ശ്രദ്ധേയമാവും.

ഇത് ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ ഇന്ധന ബദലുകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ മുന്നേറ്റത്തിന് ഊന്നൽ നൽകുകയും ചെയ്യും. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഇപ്പോഴും പ്രാരംഭ വികസന ഘട്ടത്തിലുള്ള ഫ്ലെക്സ് ഫ്യുവൽ വിഭാഗത്തിലേക്കുള്ള ഹീറോ മോട്ടോകോർപ്പിന്റെ ഔപചാരിക പ്രവേശനത്തെയും ഈ ലോഞ്ച് അടയാളപ്പെടുത്തുന്നുവെന്നതും വലിയൊരു പ്രത്യേകതയാണ്. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്ന മോഡൽ ഏതായിരിക്കുമെന്ന കാര്യം കമ്പനി ഇപ്പോഴും സർപ്രൈസാക്കി വെച്ചിരിക്കുകയാണ്.
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനപ്രിയമായ സ്പ്ലെൻഡർ അല്ലെങ്കിൽ HF ഡീലക്സ് കമ്മ്യൂട്ടർ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. HF ഡീലക്‌സിന്റെ ഒരു ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ് മുമ്പ് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഹീറോ മോട്ടോകോർപ് പ്രദർശിപ്പിച്ചിരുന്നു. ഇത് എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബിലിറ്റിക്കായുള്ള ബ്രാൻഡിന്റെ പദ്ധതികളുടെ പ്രാരംഭ സൂചന നൽകുകയും ചെയ്‌തിരുന്നു.

പെട്രോളും എഥനോളും വിവിധ അളവുകളിൽ ചേർക്കുന്ന E85, E100 പോലുള്ള ഉയർന്ന എഥനോൾ ഇന്ധന മിശ്രിതങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുന്നതിനാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, ഇന്ത്യയിലെ മിക്ക പെട്രോൾ-പവർ വാഹനങ്ങളും 20 ശതമാനം എത്തനോൾ അടങ്ങിയ E20 ഇന്ധനത്തിൽ ഓടാൻ യോഗ്യമാണ്.
ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം പരമാവധി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ടിയാണ് ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഹനങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ വാഹന നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്. എന്തായാലും ഹീറോയുടെ ഫ്ലെക്സ് ഫ്യുവൽ ബൈക്ക് രാജ്യത്ത് വലിയ ചർച്ചയാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ സെഗ്മെന്റിൽ എഥനോൾ മൊബിലിറ്റി വ്യാപകമാക്കുന്നതിൽ ഇതൊരു പ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിലെ ഫ്ലെക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ വിപണി അത്ര സജീവമല്ല. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ E85 ഇന്ധനവുമായി പൊരുത്തപ്പെടുന്ന സുസുക്കി ജിക്സർ SF 250 വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഹോണ്ട CB300F ഫ്ലെക്‌സ് ഫ്യുവൽ ബൈക്ക് പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് നിർത്തലാക്കുകയും ചെയ്‌തിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications